Meditation. - June 2024
പൗലോസ് അപ്പസ്തോലന്റെ സുവിശേഷ ദൗത്യത്തിന്റെ പൂര്‍ത്തീകരണം
സ്വന്തം ലേഖകന്‍ 30-06-2024 - Sunday
''കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍'' (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 9:15).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 30
പാലസ്തീനായിലെ ശിക്ഷാവിധിയ്‌ക്കെതിരായി കൈസറിന് പുനര്‍വിചാരണാഹര്‍ജി സമര്‍പ്പിക്കുവാന്‍ ഒരു തടവുപുള്ളിയായിട്ടാണ് പൗലോസ് റോമില്‍ എത്തിയത്. ഒരു റോമന്‍ പൗരനായിരുന്നതിനാല്‍, ചക്രവര്‍ത്തിയോട് സഹായാഭ്യര്‍ത്ഥന നടത്താനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയായിരിക്കണം നീറോയുടെ ഭരണത്തിന്‍ കീഴിലുള്ള റോമില്‍, അപ്പസ്തോലന്‍ തന്റെ അന്ത്യകാലത്തെ രണ്ടുവര്‍ഷങ്ങള്‍ ചിലവിടാന്‍ ഇടയായത്.
ലേഖനങ്ങള്‍ വഴിയായി അദ്ദേഹം വചനോപദേശം തുടര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ പട്ടണം വിട്ടുപോകുവാന്‍ അപ്പസ്തോലന് അനുവാദമില്ലായിരുന്നു. എന്നിരിന്നാലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ പ്രധാനപട്ടണങ്ങളിലേക്കുള്ള തന്റെ സുവിശേഷയാത്രകളെല്ലാം അപ്പസ്തോലന്‍ പൂര്‍ത്തിയാക്കിയിരിന്നു. ഇപ്രകാരം കര്‍ത്താവിന്റെ പ്രവചനമായ ''വിജാതീയരുടെ മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രം'' എന്ന വാക്കുകള്‍ നിറവേറ്റപ്പെട്ടു.
ക്രിസ്തുവിന്റെ മരണം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം എന്നിവയ്ക്ക് ശേഷമുള്ള കേവലം മുപ്പതു വര്‍ഷകാലയളവിനുള്ളില്‍, മെഡിറ്ററേനിയന്‍ കടലിന് ചുറ്റുമുള്ള ദേശങ്ങളിലും റോമാസാമ്രാജ്യത്തിലും സാവധാനം ആദിമ ക്രൈസ്തവരാല്‍ ജനനിബിഡമായിത്തീര്‍ന്നു. ഇത്, ഒരു പരിധിവരെ, പൗലോസ് അപ്പസ്തോലന്റെ സുവിശേഷ ദൗത്യത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. ഇക്കാലമെല്ലാം, ''മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കുക'' (ഫിലിപ്പി 1:23) എന്ന ആഗ്രഹം അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല; റോമില്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ ആഗ്രഹം സഫലീകരിച്ചതും.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.6.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.