News - 2025

വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാൾ മജിസ്ട്രിസ് വിടവാങ്ങി

പ്രവാചകശബ്ദം 17-02-2022 - Thursday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കർദ്ദിനാൾ ലുയീജി മജിസ്ട്രിസ് ദിവംഗതനായി. 95 വയസ്സായിരിന്നു. ജന്മസ്ഥലമായ കാല്യരിയിൽ ഇന്നലെ ബുധനാഴ്ചയാണ് (16/02/22) വിടവാങ്ങിയത്. കർദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. കാല്യരി അതിരൂപതയുടെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ജുസേപ്പെ ബത്തൂരിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ അനുശോചനം അറിയിച്ചത്. അനുരഞ്ജന കൂദാശ ശുശ്രൂഷയ്ക്ക് അദ്ദേഹം നല്കിയിരുന്ന പ്രാധാന്യത്തെ പാപ്പ പ്രത്യേകം അനുസ്മരിച്ചു.

കറയറ്റ പൗരോഹിത്യ തീക്ഷ്ണതയാൽ കർത്താവിനെയും സഭയെയും മഹത്തായ ആത്മസമർപ്പണത്തോടെ സേവിച്ച കർദ്ദിനാൾ ലുയീജി ദെയുടെ വേർപാടില്‍ വേദനിക്കുന്ന അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടും സഭാസമൂഹത്തോടൊപ്പം താനും പങ്കുചേരുന്നുവെന്നു പാപ്പ സന്ദേശത്തില്‍ കുറിച്ചു. 1926 ഫെബ്രുവരി 23-ന് കാല്യരിയിൽ എഡ്മോന്തൊ അഞ്ഞേസെ ബല്ലേറൊ ദമ്പതികളുടെ ആറുമക്കളിൽ ഇളയ മകനായാണ് മജിസ്ട്രിസിന്റെ ജനനം. 1952 ഏപ്രിൽ 12-ന് പൗരോഹിത്യം സ്വീകരി.ച്ചു. 1996 ഏപ്രിൽ 28-ന് മെത്രാനായി അഭിഷിക്തനായി.

2015 ഫെബ്രുവരി 14ന് കർദ്ദിനാളായി ഉയര്‍ത്തപ്പെട്ടു. ആരാധനതിരുസംഘം, വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം, ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘം, വൈദികർക്കു വേണ്ടിയുള്ള തിരുസംഘം, പൊന്തിഫിക്കൽ കമ്മീഷൻ അടക്കം വിവിധ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിൻറെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 213 ആയി കുറഞ്ഞു. ഇവരിൽ 119 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാന്‍ കോൺക്ലേവിൽ സമ്മതിദാനാവകാശമുണ്ട്. ശേഷിച്ച 94 പേർ 80 വയസ്സു കഴിഞ്ഞവരായതിനാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ല.


Related Articles »