Meditation. - July 2024
ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ നല്കിയ സന്ദേശം
സ്വന്തം ലേഖകന്‍ 02-07-2024 - Tuesday
പ്രിയ സഹോദരി സഹോദരന്മാരെ,
നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും വാഗ്ദാനവുമായ ഈശോയുടെ തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ജൂലൈ മാസം ഒന്നാം തീയതി പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്യാസ സമൂഹങ്ങളിലും ഭക്ത സംഘടനകളിലും അംഗങ്ങളായ നിങ്ങളെയെല്ലാവരെയും സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഇവിടെ കൂടിയിരിക്കുന്ന സകലരെയും ഞാന്‍ സ്നേഹത്തോടെ ആശീര്‍വ്വദിക്കുകയും നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യുന്നു.
രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ കൈകൊണ്ട ആരാധന ക്രമത്തിന്റെ നവീകരണത്തോട് കൂടി കത്തോലിക്ക സഭയുടെ അനുദിന പ്രാര്‍ത്ഥനകളില്‍ ഈശോയുടെ തിരുരക്തത്തിന്റെ രഹസ്യം കൂടുതല്‍ ആഘോഷമായി കൊണ്ടാടുവാന്‍ തുടങ്ങി. എന്റെ മുന്‍ഗാമിയായ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ പാപ്പ ഈശോയുടെ തിരുരക്തത്തിന്റെയും തിരുശരീരത്തിന്റെയും ഭക്തിയില്‍ ഇന്ന്‍ നാം ആഘോഷിക്കുന്ന അവിടുത്തെ തിരുശരീര രക്തങ്ങളുടെ ഓര്‍മ്മയിലൂടെ പങ്ക് കൊണ്ടു. എല്ലാ ദിവ്യബലികളിലും അവിടുത്തെ തിരുശരീരം മാത്രമല്ല സന്നിഹിതമാകുന്നത്, നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ചിന്തപ്പെട്ട പുതിയ ഉടമ്പടിയിലെ രക്തവും കൂടിയാണ്.
സ്നേഹിതരെ ഈശോയുടെ തിരുരക്തം എത്രയോ വലിയ ഒരു രഹസ്യമാണ്! ക്രിസ്തീയതയുടെ ഉദയം മുതല്‍ സകലരുടെയും ഹൃദയവും മനസ്സും കവര്‍ന്ന, വിശിഷ്യ നിങ്ങളുടെ സഭാസ്ഥാപകരുടെയും നേതൃത്വനിരയുടെയും ജീവിതത്തിനു ആധാരമായി തീര്‍ന്ന സത്യമാണ് അവിടുത്തെ തിരുരക്തം. ജൂബിലി വര്‍ഷം ഈ ഭക്തിക്ക് കൂടുതല്‍ ഓജസ്സ് നല്കുന്നു. കാരണം ഈ ജൂബിലി വര്‍ഷത്തില്‍ വചനമായ ഈശോ ദൈവമായിരിന്നിട്ടും പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത് മനുഷ്യനായി അവതരിച്ചതിനെയും ദൈവമായി യോഗാത്മകമായി ഐക്യപ്പെട്ടതിനെയും നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷയ്ക്ക് വേണ്ടി മാംസമായി തീര്‍ന്ന ക്രിസ്തുവിന്റെ രക്തമായതിനാല്‍ തന്നെ അവിടുത്തെ തിരുരക്തം സകല ജനതകളുടെയും രക്ഷയുടെ ഉറവിടമാണ്.
ഉദാത്തമായ സ്നേഹത്തിന്റെയും മനുഷ്യരുടെ ജീവിതത്തിലേക്ക് ദൈവം ആഴമായി ഇറങ്ങി വന്നതിന്റെയും അടയാളമാണ് അവിടുത്തെ തിരുശരീരത്തില്‍ നിന്ന്‍ രക്തം പുറത്തേക്ക് ഒഴുകിയതിന്റെ ചിത്രം. സര്‍വ്വശക്തനായ ദൈവം രക്തത്തിന്റെ അടയാളം തന്നെ മനുഷ്യരക്ഷക്കായി ഉപയോഗിക്കുവാന്‍ കാരണം അത്രമേല്‍ ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ സഹവര്‍ത്തിത്വം കാണിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല എന്നത് കൊണ്ടാണ്.
സ്വയം ശൂന്യവത്കരിക്കുന്ന ഈ രഹസ്യത്തിന്റെ ഉറവിടം പിതാവായ ദൈവത്തിന്റെ രക്ഷണീയ പദ്ധതിയിലാണ് അടങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ദൈവവും മനുഷ്യനുമായിരിന്ന പുത്രനായ ഈശോ തന്റെ അനുസരണത്തിലൂടെയും പരിശുദ്ധാത്മാവായ ദൈവം തന്റെ പ്രവര്‍ത്തനത്തിലൂടെയും ഈ പദ്ധതിയെ പൂര്‍ത്തിയാക്കി. അങ്ങനെ നമ്മുടെ രക്ഷാകര ചരിത്രത്തില്‍ ത്രീത്വൈക ദൈവം തന്റെ സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു.
ഇത്തരത്തിലുള്ള ആ മഹനീയ പദ്ധതിയുടെ സാന്നിധ്യത്തില്‍ നിങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള സകല വിശ്വാസികളും ക്രിസ്തുവിന്റെ വിലയേറിയ തിരു രക്തത്തിന്റെ അടയാളത്തില്‍ ത്രീയേക ദൈവത്തിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു. ജീവിത സാക്ഷ്യങ്ങള്‍ വാക്കുകളിലും പ്രകടിപ്പിക്കപ്പെടേണ്ടതാണ്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; "എന്റെ സഹോദരരേ, യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമ്മുക്ക് മനോധൈര്യം ഉണ്ട്..സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമ്മുക്ക് പര്യലോചിക്കാം" (ഹെബ്രായാര്‍ 10:19,24).
ഈശോയുടെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനം നമ്മുടെ ഹൃദയങ്ങളില്‍ പല നല്ല പ്രവര്‍ത്തികള്‍ക്കും പ്രചോദനം നല്കും. പല രക്ത സാക്ഷികളും ചെയ്തത് പോലെ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി നമ്മുടെ ജീവിതം തന്നെ സമര്‍പ്പിക്കുവാന്‍ ഇത് നമ്മെ പ്രാപ്തരാക്കും. ആരെയും ഒഴിവാക്കാതെ സകലര്‍ക്കും വേണ്ടി ഈശോ തന്റെ തിരുരക്തം ഒഴുക്കിയത് കൊണ്ട് ഒരു വ്യക്തിയുടെ പോലും മൂല്യം മനസിലാക്കുന്നതില്‍ നാം പരാജയപ്പെടരുത്. ഈ രഹസ്യത്തെ കുറിച്ചുള്ള ധ്യാനം ധാരാളിത്തത്തിലും അതേ സമയം പങ്ക് വെക്കുവാന്‍ സന്‍മനസ്സ് കാണിക്കാത്തവരുമായ ഒരു സമൂഹത്തിന്റെ ഇടയില്‍പ്പെട്ട് പോയ ജനങ്ങളുടെ ശാരീരികവും ധാര്‍മ്മികവുമായ വേദനകളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമ്മെ പ്രേരിപ്പിക്കും. ഇത്തരം ഒരു വീക്ഷണത്തിലാണ് നിങ്ങളുടെ സേവനം സകല ശ്രേഷ്ടതയോടും കൂടി ഉയര്‍ന്ന് നില്‍ക്കുന്നത്. നിങ്ങള്‍ക്കുള്ളത് പങ്ക് വെക്കുന്നത് കൊണ്ട് മാത്രം നിങ്ങള്‍ തൃപ്തരാകുന്നില്ല. മറിച്ച് നിങ്ങളെ തന്നെ നിങ്ങള്‍ പങ്ക് വെക്കുന്നു. ഒരാള്‍ക്ക് സ്വന്തം രക്തത്തെക്കാള്‍ വ്യക്തിപരമായി എന്താണുള്ളത്? ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹോദരനും സഹോദരിക്കും നാം സമ്മാനിക്കുന്ന ഈ ജീവന്റെ ഭാഗം മാനുഷിക ചക്രവാളങ്ങളെ അതിലംഘിക്കുന്നു.
സുഹൃത്തുക്കളേ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിയാഘോഷം നിങ്ങളെ വിശ്വാസത്തില്‍ ജാഗ്രതയുള്ളവരും പ്രത്യാശയില്‍ സ്ഥിരചിത്തരും ഉപവിയില്‍ തീക്ഷ്ണതയുള്ളവരുമായി കണ്ടത്തെട്ടെ. ദൈവത്തിന്റെ അളവിലാത്ത കരുണയുമായി ഇന്നും ക്രിസ്തു ഓരോരുത്തരേയും സമീപിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ് കരുണാസമ്പന്നനായിരിക്കുന്നത് പോലെ നിങ്ങളും കരുണയില്‍ സമ്പന്നരായി തീരട്ടെ. ഇത്തരത്തിലുള്ള വികാരങ്ങളോടെയും സ്വന്തം രക്തത്താല്‍ നമ്മെ അഭിഷേകം ചെയ്യുന്നവന്റെ (1 പത്രോസ് 1:2) സ്നേഹത്തിലും ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു.
(ഇറ്റലിയിലെ രക്തദാന സംഘടനകളുടെയും മറ്റ് തീര്‍ഥാടക സമൂഹങ്ങളുടെയും അംഗങ്ങളായ, തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട സന്യാസസമൂഹങ്ങളെയും കത്തോലിക്ക സംഘടനകളെയും സ്വാഗതം ചെയ്തു കൊണ്ട് 2000 ജൂലൈ 1ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ പാപ്പ രണ്ടാമന്‍ നല്കിയ സന്ദേശം).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.