News
ലൂര്‍ദ് തിരുനാള്‍ ദിനത്തില്‍ യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കുമായി പ്രാർത്ഥനയോടെ ലെയോ പാപ്പ
പ്രവാചകശബ്ദം 12-02-2026 - Thursday
വത്തിക്കാന്‍ സിറ്റി: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ആചരിച്ച ഇന്നലെ ഫെബ്രുവരി 11 ബുധനാഴ്ച, യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ. രോഗികളുടെ ആഗോള ദിനം കൂടിയായ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയ്ക്കിടെയാണ് രോഗികളെയും നവ വധൂവരന്മാരെയും യുവജനങ്ങളെയും പാപ്പ പ്രത്യേകം അനുസ്മരിച്ചത്.
ദൈവമാതാവ് മാതൃസഹജമായ കരുതലോടെ ഏവരെയും പ്രത്യേകിച്ച് രോഗികളെയും യുവജനങ്ങളെയും നവവധൂവരന്മാരെയും അനുഗമിക്കട്ടെയെന്നും, ദൈവസമക്ഷം അവർക്കായി പ്രാർത്ഥിക്കട്ടെയെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. നിങ്ങളുടെ ജീവിത യാത്രയില്‍ കരുത്തേകുന്ന ദൈവകൃപകൾ അവൾ നിങ്ങൾക്കായി വാങ്ങിത്തരട്ടെയെന്നും പാപ്പ ആശംസിച്ചു. പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ താൻ സന്ദർശിക്കുമെന്നും പാപ്പ പറഞ്ഞു.
രോഗികൾക്കായുള്ള തൻറെ പ്രാർത്ഥനയുടെ അടയാളമായി ഒരു തിരി തെളിച്ച് പ്രാർത്ഥിക്കുമെന്നും, രോഗികളെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് പാപ്പ പറഞ്ഞിരിന്നു. വൈകാതെ വത്തിക്കാനിലെ ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ പാപ്പ പ്രാര്‍ത്ഥന നടത്തി. ഒരു കൂട്ടം രോഗികളോടൊപ്പമാണ് പാപ്പ പ്രാര്‍ത്ഥന നടത്തിയത്. സഹനത്തിന്റെയും സ്നേഹത്തിന്റെയും അർത്ഥം പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീർവാദം നൽകുന്നതിനുമുമ്പ്, എല്ലാ രോഗികളെയും ഡോക്ടർമാരെയും നഴ്‌സുമാരെയും, അവരോടൊപ്പമുള്ള മറ്റുള്ളവരെയും സമര്‍പ്പിച്ചും പാപ്പ പ്രാർത്ഥിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















