News - 2024
ആശങ്ക നേരിട്ട് അറിയിച്ച് പാപ്പ റഷ്യയുടെ സ്ഥാനപതി കാര്യാലയത്തിൽ
പ്രവാചകശബ്ദം 28-02-2022 - Monday
റോം: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ ദയനീയ സാഹചര്യം കണക്കെടുത്ത് പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള റഷ്യൻ എംബസ്സിയില്‍ നേരിട്ടെത്തി പാപ്പ ആശങ്ക അറിയിച്ചു. റഷ്യ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക കാര്യാലയമായ എംബസ്സിയിൽ വെള്ളിയാഴ്‌ച (25/02/22) രാവിലെയാണ് ഫ്രാൻസീസ് പാപ്പ എത്തിയതെന്ന് വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ, മേധാവി മത്തേയൊ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലേക്കുള്ള വലിയ വീഥിയായ വിയ ദെല്ല കൊൺചിലിയത്സിയോനെയിലാണ് ഈ എംബസ്സി സ്ഥിതി ചെയ്യുന്നത്. കാര്‍ മുഖാന്തിരം എംബസ്സിയിൽ എത്തിയ പാപ്പാ മുപ്പതു മിനിറ്റോളം അവിടെ ചെലവഴിച്ചു.
സായുധാക്രമണം അരുതെന്നും സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നും പാപ്പ നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. മാർച്ച് 2 വിഭൂതി ബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസദിനമായി ആചരിക്കാനും പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇക്കഴിഞ്ഞ, ഇരുപത്തിനാലാം തീയതിയാണ് (24/02/22) റഷ്യ യുക്രൈയിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. വൻ നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ അനേകം സൈനികരും സാധാരണക്കാരുമാണ് സംഘര്‍ഷത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുവാന്‍ ശ്രമം തുടരുകയാണ്.