News - 2025

യുക്രൈനിൽ കത്തീഡ്രലിന്റെ ഭരണനിര്‍വഹണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു

പ്രവാചകശബ്ദം 03-03-2022 - Thursday

ഖാര്‍കീവ്: യുക്രൈനിലെ ഖാര്‍കീവിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഹോളി അസംപ്ഷന്‍ ഓഫ് വിര്‍ജിന്‍ മേരി കത്തോലിക്ക കത്തീഡ്രലിന്റെ ഭരണനിര്‍വഹണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. മാര്‍ച്ച് 1ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം. തങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നു ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊണ്ട് ഇടവക വികാരിയായ ഫാ. വോജ്സിയെച്ച് സ്റ്റാസിയവിക്സ്‌ പറഞ്ഞു. ആക്രമണം ഉണ്ടാകുമ്പോള്‍ ദേവാലയത്തിന്റെ ബേസ്മെന്റില്‍ ആയിരുന്നു എല്ലാവരും.

കത്തീഡ്രല്‍ ഓഫീസിന്റേയും, അനുബന്ധ മുറിയുടേയും മേല്‍ക്കൂരയാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. 2008­-ലെ നാറ്റോ ഉടമ്പടിയുടെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങള്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബ്‌ ഉപയോഗിച്ചായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്നു സൂചനകളുണ്ട്. അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരയുദ്ധമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

നിലവില്‍ യൂറോപ്യന്‍ സഭകളെ അപേക്ഷിച്ച് യുക്രൈന്‍ സഭകള്‍ ശക്തവും സജീവവുമാണ്. യുക്രൈന്‍ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 8% മുതല്‍ 10 % വരെ ഗ്രീക്ക് കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. നേരത്തെ കീവിലെ ചരിത്രപ്രസിദ്ധമായ സെന്റ്‌ സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരിന്നു.