Life In Christ
വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെയും, ഇഗ്നേഷ്യസ് ലയോളയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന് നാല് നൂറ്റാണ്ട്
പ്രവാചകശബ്ദം 23-03-2022 - Wednesday
റോം: ഈശോസഭയുടെ സ്ഥാപകരായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെയും, ഇഗ്നേഷ്യസ് ലയോളയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ നാനൂറാം വാർഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്യൂട്ട് അംഗങ്ങളുടെ നേതൃത്വത്തിൽ മാർച്ച് പന്ത്രണ്ടാം തീയതി വിപുലമായി ആഘോഷിച്ചു. 1622 മാർച്ച് 12-നാണ് ഇരുവരും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്. മാനസാന്തര അനുഭവത്തിനു ശേഷം വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം പുറപ്പെട്ട വിശുദ്ധ ഇഗ്നേഷ്യസ് ഒരു രാത്രി മുഴുവൻ പരിശുദ്ധ കന്യകാമറിയത്തോട് മാധ്യസ്ഥം തേടുകയും, ലോകത്തിന്റെ ആഗ്രഹങ്ങൾ വെടിഞ്ഞ് ദൈവരാജ്യത്തിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ചതിന്റെ അടയാളമായി കയ്യിലുണ്ടായിരുന്ന വാൾ മാതാവിന്റെ പക്കൽ സമർപ്പിക്കുകയും ചെയ്തു.
പാപ പരിഹാരം നടത്തിയ ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി വിശുദ്ധ നാട്ടിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം ആയിരുന്നു ആദ്യം വിശുദ്ധ ഇഗ്നേഷ്യസിന് ഉണ്ടായിരുന്നതെങ്കിലും, വൈദികർക്ക് വേണ്ടി ഒരു സന്യാസ സമൂഹം തുടങ്ങാനാണ് തന്നെ ദൈവം വിളിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി ആ നിയോഗം ഏറ്റെടുക്കാൻ തിരികെ മടങ്ങുകയായിരുന്നു. ഇതിനു ശേഷം ലഭിച്ച ആദ്യത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഫ്രാൻസിസ് സേവ്യർ. വളരെ ഉന്നതമായ ഒരു കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് സേവ്യർ പാരിസ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് വിശുദ്ധ ഇഗ്നേഷ്യസിനെയും, ജസ്യൂട്ട് സഭയുടെ മറ്റൊരു സ്ഥാപകൻ പീറ്റർ ഫാബറിനെയും കണ്ടുമുട്ടുന്നത്.
ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവ് നഷ്ടമായാൽ എന്ത് പ്രയോജനം എന്ന് തുടങ്ങുന്ന മത്തായി സുവിശേഷത്തിലെ വചനം വിശുദ്ധ ഇഗ്നേഷ്യസ് ഫ്രാൻസിസിനോട് നിരന്തരമായി പറയുമായിരുന്നു. ഈ വചനം പിന്നീട് ഫ്രാൻസിസിന്റെ എഴുത്തുകളിൽ പലതവണ ആവർത്തിക്കപ്പെട്ടിരുന്നു. ഒരു മിഷണറിയായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഈശോസഭയുടെ റോമിലെ കാര്യാലയത്തിൽ ഒടുവിലത്തെ 2 നൂറ്റാണ്ടോളം വിശുദ്ധ ഇഗ്നേഷ്യസിന് സന്യാസ സമൂഹത്തെ കെട്ടിപ്പടുക്കാൻ വേണ്ടി നല്ലൊരു സമയം ചെലവഴിക്കേണ്ടി വന്നു.
അദ്ദേഹം ആദ്യം പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ ഈശോസഭയിൽ വൈദികരാകാൻ മുന്നോട്ടുവന്നു. ഇതിനിടയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ സുവിശേഷവുമായി നിരവധി സ്ഥലങ്ങളാണ് സന്ദർശിച്ചത്. അറുപതിനായിരത്തോളം മൈലുകൾ 12 വർഷം യാത്രചെയ്ത ഫ്രാൻസിസ് സേവ്യറാണ് വിശുദ്ധ പൗലോസ് അപ്പസ്തോലന് ശേഷം ഏറ്റവും വലിയ മിഷ്ണറിയായി അറിയപ്പെടുന്നത്. ഇതിൽ ഭാരതവും ഉൾപ്പെടുന്നു. നിരവധി ജ്ഞാനസ്നാനങ്ങൾ നൽകേണ്ടി വരുന്നതിനാൽ കൈകളുയർത്താൻ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് സേവിയർ ഇഗ്നേഷ്യസിന് അയച്ച കത്ത് അദ്ദേഹം നടത്തിയ സുവിശേഷ വത്കരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്.
ആയിരക്കണക്കിനാളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച ഫ്രാൻസിസ് സേവ്യർ നിരവധി ചെറുപ്പക്കാരെ ഈശോസഭയിൽ വൈദികരാകാൻ പ്രേരിപ്പിച്ചു. ഫ്രാൻസിസിന്റെ മരണത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിശുദ്ധ ഇഗ്നേഷ്യസിന് മരണ വിവരം അറിയാൻ സാധിക്കുന്നത്. ഇരുവരെയും പിന്നീട് ആഗോളസഭ ഒരേ ദിവസം വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് അവരുടെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന ചടങ്ങായി മാറി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക