Arts - 2024
മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരുടെ ശബ്ദമാകുവാന്‍ സിഎന്‍എ: അറബിക് വിഭാഗം ഇറാഖില്‍ പ്രവർത്തനമാരംഭിച്ചു
പ്രവാചകശബ്ദം 26-03-2022 - Saturday
ഇര്‍ബില്‍, ഇറാഖ്: മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരുടെ യാതനകൾ ലോകത്തെ അറിയിക്കാന്‍ ‘ഇ.ഡബ്യു.ടി.എന്‍’ന്റെ കീഴിലുള്ള ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ അറബിക് ഭാഷാ വിഭാഗമായ ‘എ.സി.ഐ എം.ഇ.എന്‍.എ’ (അസോസിയേഷന്‍ ഓഫ് ഫോര്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍തേണ്‍ ആഫ്രിക്ക) ഇറാഖിലെ ഇര്‍ബിലില്‍ പ്രവര്‍ത്തനമാരംഭിച്ചു. മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ ഇന്നലെ മാര്‍ച്ച് 25-ന് ഇര്‍ബിലിലെ കത്തോലിക്ക സര്‍വ്വകലാശാലയില്‍വെച്ചായിരുന്നു ഉദ്ഘാടനം.
കല്‍ദായ കത്തോലിക്ക സഭാതലവന്‍ ആർച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ, അന്ത്യോക്യന്‍ മെത്രാപ്പോലീത്ത നതാനേല്‍ നിസാര്‍ വാദി സെമാന്‍, അങ്കാവ മേയര്‍ റാമി നൂരി സ്യാവിഷ്, ഇര്‍ബില്‍ കത്തോലിക്ക സര്‍വ്വകലാശാലാ പ്രസിഡന്റ് ഡോ റിയാദ് ഫ്രാന്‍സിസ്, കുര്‍ദ്ദിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധിയും, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയുമായ അനോ അബ്ദോക തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവരുടെ നിലനില്‍പ്പ് ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നതെന്നും, ലോകം നമ്മുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണിതെന്നും ആർച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പറഞ്ഞു. പീഡിത ക്രൈസ്തവര്‍ വിസ്മരിക്കപ്പെടാതിരിക്കുവാനും, അവര്‍ ദൈവത്തിന്റെ സാക്ഷികളായിരിക്കുവാനുമുള്ള ദീപസ്തംഭമായിരിക്കട്ടെ ഈ സംരംഭമെന്നും അദ്ദേഹം ആശംസിച്ചു.
ഇ.ഡബ്യു.ടി.എന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും, ബോര്‍ഡ് ചെയര്‍മാനുമായ മൈക്കേല്‍ വാഴ്സോയുടെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇ.ഡബ്യു.ടി.എന്നിന്റെ സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്കയുടെ നാമഹേതുക ദിനമാണ് മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25. ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കുക എന്നതാണ് ‘എ.സി.ഐ എം.ഇ.എന്‍.എ’യുടെ ദൗത്യമെന്ന് ഏജന്‍സിയുടെ ചീഫ് എഡിറ്ററായ ബാഷര്‍ ജമീല്‍ ഹന്ന പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയാണ് ഇഡബ്ല്യുടിഎന്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക