Arts - 2024
നിരീശ്വരവാദികളുടെ വാദങ്ങളെ തള്ളി കോടതി: 163 അടി ഉയരമുള്ള ദൈവമാതാവിന്റെ രൂപം ബ്രസീലില്‍ ഉയരും
പ്രവാചകശബ്ദം 31-03-2022 - Thursday
റിയോ ഡി ജനീറോ: രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് അന്ത്യംകുറിച്ച് ഔർ ലേഡി ഓഫ് അപാരെസിഡ എന്നറിയപ്പെടുന്ന ദൈവമാതാവിന്റെ രൂപ നിർമാണവുമായി മുന്നോട്ടുപോകാൻ ബ്രസീലിലെ സാവോപോളോയിലുള്ള കോടതി അനുമതി നൽകി. 2019ൽ ബ്രസീലിലെ നിരീശ്വരവാദികളുടെ സംഘടന നൽകിയ കേസിൽ ലൂസിയൻ ഫെരേര എന്ന ജഡ്ജി പ്രതിമയുടെ നിർമാണം തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിച്ചു, മുൻസിപ്പാലിറ്റിയുടെ സ്ഥലം ഇതിനായി വിനിയോഗിച്ചു എന്നുളള ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചത്. ഇതിനെതിരെ നഗരസഭ കൊടുത്ത അപ്പീലിൽ ഏതാനും ദിവസങ്ങള്‍ക്ക് മുന്പാണ് അനുകൂല വിധി വന്നിരിക്കുന്നത്.
രൂപം പണിയുന്നതിലൂടെ അധികൃതർ ലക്ഷ്യംവെക്കുന്നത് വിശ്വാസികളുടെ വിനോദസഞ്ചാര മേഖലയാണെന്നും, ഇതുവഴി പ്രാദേശിക തലത്തിൽ നിരവധി വ്യാപാര സാധ്യതകൾ വർദ്ധിക്കുമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന നിലപാടുകളൊന്നും നഗരസഭയുടെ മേയർ സ്വീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. അപാരെസിഡ രാജ്യത്തിന്റെ മരിയൻ തലസ്ഥാനമാണെന്നും, ബ്രസീലിയൻ ജനതയുടെ മതവിശ്വാസം അംഗീകരിക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നും വിധി പ്രസ്താവനക്ക് ശേഷം മേയർ പറഞ്ഞു. ജിൽമാൻ പിന്ന എന്ന ശില്പി കൃതജ്ഞതയായി സമര്‍പ്പിക്കുന്ന രൂപത്തിന് 165 അടി ഉയരമുണ്ട്.
ഇത് ലോക പ്രശസ്തമായ റിയോ ഡി ജനീറോയിലെ ക്രിസ്തു രൂപത്തേക്കാൾ 65 അടി കൂടുതൽ വരും. സാവോപോളോയ്ക്കും, റിയോയ്ക്കും മധ്യേയുള്ള ഹൈവേക്ക് സമീപമാണ് ദൈവമാതാവിന്റെ രൂപ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. അപാരെസിഡ ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന യഥാർത്ഥ പ്രതിമ 1717- ൽ 3 മുക്കുവൻമാർ ചേർന്നു കണ്ടെത്തിയതെന്നാണ് ചരിത്രം. അപാരെസിഡ മാതാവിന്റെ യഥാർത്ഥ രൂപം ലഭിച്ചതിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് 2017-ൽ ജിൽമാൻ പിന്ന പണികഴിപ്പിച്ച അഞ്ച് രൂപങ്ങള്‍ കൂടി നഗരത്തിന്റെ പല സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. ഈ രൂപങ്ങളും നീക്കം ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.