News

ഇന്ന് മേരി ലോകറാണിയുടെ തിരുനാൾ; കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവർഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കുന്ന ദിവസം.

സ്വന്തം ലേഖകൻ 22-08-2015 - Saturday

മറിയത്തെ സുവിശേഷകർ "ഈശോയുടെ അമ്മ" എന്നു വിശേഷിപ്പിക്കുന്നു. എലിസബത്താകട്ടെ മറിയത്തിന്റെ പുത്രൻ ജനിക്കുന്നതിനു മുൻപു തന്നെ, പരിശുദ്ധാത്മാവിനാൽ പ്രചോദിതയയി മറിയത്തെ എന്റെ കർത്താവിന്റെ അമ്മ എന്നു പ്രകീർത്തിക്കുന്നു. "മറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെ അമ്മയാണ് " എന്ന് തിരുസഭ ഉദ്ഘോഷിക്കുന്നു (Council of Ephesus).

ക്രിസ്തുവിനെ രാജാക്കന്മാരുടെ രാജാവ്‌ എന്ന് നാം വിശേഷിപ്പിക്കുകയും അതിനെ നാം അംഗീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോൾ അവിടത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ൽ ക്രിസ്തുവിന്റെ രാജത്വതിരുന്നാൾ ആഘോഷിച്ചു തുടങ്ങിയപ്പോൾ കന്യകാംബികയുടെ രാജ്ഞീപദത്തിരുന്നാൾ ആഘോഷിക്കാൻ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികൾക്ക് പ്രചോദനമായി. പ്രാചീനമായ "പരിശുദ്ധ രാജ്ഞീ" എന്ന പ്രാർത്ഥന ഈ ക്രിസ്തീയ ഭക്തിയുടെ ആഴം വ്യക്തമാക്കുന്നു.

ദൈവമാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ എട്ടാം ദിവസം അവിടത്തെ രാജ്ഞീപദത്തിരുന്നാൾ ആഘോഷിക്കുന്നു. കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തിൽ നാം ധ്യാനിക്കുന്നു.

യാക്കോബിന്റെ ഭവനത്തിൽ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിർത്തി ഉണ്ടാകയില്ല (ലൂക്കാ 1:32-33) എന്നീ വചനങ്ങൾ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിനസിയിൻസെൻ ദൈവമാതവിനെ "അഖില ലോക രാജന്റെ അമ്മ", "അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക" എന്നൊക്കെ സംബോധാന ചെയ്തിട്ടുണ്ട്.

ഈദൃശമായ സഭാപിതാക്കന്മാരുടെ വചനങ്ങൾ വി. അൽഫോണ്‍സു ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു "രാജാധിരാജന്റെ മാതൃസ്ഥാനത്തേക്ക് മേരിയെ ഉയർത്തിയിട്ടുള്ളതുകൊണ്ട് തിരുസഭ അവളെ രാജ്ഞീ എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു"

ഒമ്പതാം പിയൂസു മാർപാപ്പാ പറയുന്നു "സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായും സ്വർഗ്ഗീയവിശുദ്ധരുടെയും മാലാഖമാരുടെയും വൃന്ദങ്ങളുടെയും ഉപരിയായും മേരിയെ കർത്താവ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് തിരുസഭ അവളോടു പ്രാർത്ഥിക്കുന്നു. അവൾ ആവശ്യപ്പെടുന്നവ ലഭിക്കുന്നു."

പന്ത്രണ്ടാം പിയൂസു മാർപാപ്പാ ഇങ്ങനെ കൂട്ടിച്ചേർത്തു: "ഈ തിരുന്നാൾ ദിവസം കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവർഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവുന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിർവൃതിയടയുന്ന ഒരു സൗഭാഗ്യയുഗം അതിൽ അധിഷ്ടിതമാണ്."


Related Articles »