News - 2024
കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
പ്രവാചകശബ്ദം 15-04-2022 - Friday
മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു ആയിരകണക്കിനു വിശ്വാസികളായിരിന്നു. പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നും ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു.
ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിൽ രാത്രി 8.30ന് കുരിശാരാധന, പീഢാനുഭവ സ്മരണ എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. പ്രാദേശിക സമയം രാത്രി 9:15നു, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.45-ന്) കൊളോസിയത്തിൽ കുരിശിന്റെ വഴി നടക്കും. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയിൽ നിന്നും, യുക്രൈനിൽ നിന്നും ഓരോ കുടുംബങ്ങൾ കുരിശും വഹിച്ചുകൊണ്ട് പങ്കെടുക്കും. അടുത്തിടെ വിവാഹിതരായ യുവദമ്പതികൾ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ, ഒരു കുട്ടി മരണപ്പെട്ട കുടുംബം, അഭയാർത്ഥികളായ കുടുംബം എന്നിങ്ങനെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുടുംബങ്ങളാണ് പ്രാർത്ഥനയിലെ 14 വിചിന്തനങ്ങളും എഴുതിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക