Faith And Reason - 2024

മാഡ്രിഡിന്റെ തെരുവുകള്‍ക്ക് ആത്മീയ ഉണര്‍വ് സമ്മാനിച്ച് പുരുഷന്മാരുടെ ജപമാല

പ്രവാചകശബ്ദം 26-04-2022 - Tuesday

മാഡ്രിഡ്: ഇക്കഴിഞ്ഞ ഏപ്രില്‍ 23 ശനിയാഴ്ച സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ‘പുരുഷന്‍മാരുടെ ജപമാല’ (മെന്‍സ് റോസറി) വിശ്വാസീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാഡ്രിഡിലെ പ്ലാസാ ഡെ ലാ വില്ലായില്‍ 7 മണിക്ക് നടന്ന ജപമാലയില്‍ നൂറുകണക്കിന് വിശ്വാസികളാണ് തെരുവില്‍ മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലിയത്. രണ്ടു വൈദികരും ജപമാലയില്‍ പങ്കെടുത്തു. ജപമാലയില്‍ പങ്കെടുക്കുവാനെത്തിയ പുരുഷന്‍മാരെ വൈദികര്‍ ആശീര്‍വദിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. ശനിയാഴ്ച ദിവസത്തില്‍ മഹിമയുടെ രഹസ്യമാണ് സാധാരണയായി ചൊല്ലാറുള്ളതെങ്കിലും ദുഖത്തിന്റെ രഹസ്യമാണ് മെന്‍സ് റോസറിയില്‍ ചൊല്ലിയത്.

മാഡ്രിഡിന്റേയും, സ്പെയിനിന്റേയും ആത്മീയ നവീകരണത്തിന് ഒപ്പം തന്നെ, പുരുഷന്‍മാരുടെ നഷ്ടപ്പെട്ട മഹത്വവും വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് മെന്‍സ് റോസറി സംഘടിപ്പിക്കുന്നതെന്നു സംഘാടകരില്‍ ഒരാളായ റിക്കാര്‍ഡോ അല്‍മാഗ്രോ പറഞ്ഞു.പുരുഷന്‍മാര്‍ക്ക് ത്യാഗം എന്താണെന്നും, പുരുഷന്റെ ഏറ്റവും പൂര്‍ണ്ണമായ മാതൃക ക്രിസ്തുവാണെന്നും നമ്മെ ബോധ്യപ്പെടുത്തുവാന്‍ ജപമാലയിലെ രഹസ്യങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മെന്‍സ് റോസറിയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ എന്ന യുവാവ് പറഞ്ഞു.

ശരിയായതും, ചെയ്യേണ്ടതുമായ കാര്യങ്ങള്‍ മാത്രം ചെയ്യുകയും, ചരിത്രത്തില്‍ ഇതുവരെ ആരും സഹിക്കാത്തത്ര സഹനം സഹിക്കുകയും ചെയ്ത ക്രിസ്തുവാണ്‌ പുരുഷത്വത്തിന്റെ പരിപൂര്‍ണ്ണ മാതൃക. സ്പെയിനില്‍ മാത്രമല്ല ലോകത്ത് എവിടെനോക്കിയാലും പുരുഷന്റെ ഇന്നത്തെ മാതൃക അല്‍പ്പം ആശങ്കാജനകമാണെന്നും, ആധുനിക മനുഷ്യന്‍ അവന്റെ ഉത്തരവാദിത്തങ്ങള്‍ മറന്ന് ലോകത്തിന്റെ ഭൗതീകതയില്‍ ആഹ്ലാദം കണ്ടെത്തുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിശ്വാസം ഒരു സ്വകാര്യമായ കാര്യമല്ല, മറിച്ച് പരസ്യമായ കാര്യമാണ്. ജപമാല അതിന്റെ ഉദാഹരണമാണെന്നും ഫെര്‍ണാണ്ടോ പറയുന്നു. മെന്‍സ് റോസറി വീണ്ടും സംഘടിപ്പിക്കും എന്നതിന്റെ സൂചനകള്‍ സംഘാടകര്‍ നല്‍കിയെങ്കിലും എന്നായിരിക്കും എന്നതിനെ കുറിച്ച് യാതൊരു സൂചനയും നല്‍കിയിട്ടില്ല.

പോളണ്ടിലാണ് മെന്‍സ് റോസറി ഉദയം കൊണ്ടത്. ദൈവമാതാവും രാജ്ഞിയുമായ പരിശുദ്ധ കന്യകാ മാതാവിന്റെ അഭീഷ്ടം നിറവേറ്റുവാന്‍ താല്‍പ്പര്യമുള്ള പുരുഷന്‍മാരാണ് മെന്‍സ് റോസറിയില്‍ പങ്കെടുക്കുന്നതെന്നു മെന്‍സ് റോസറിയുടെ വെബ്സൈറ്റില്‍ പറയുന്നു. ദൈവത്തിന്റെ പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കുള്ള അതേ പങ്ക് തന്നെയാണ് തങ്ങളുടെ പങ്കെന്നും, യേശുവും വിശുദ്ധ യൗസേപ്പിതാവുമാണ് തിരുക്കുടുംബത്തിന്റെ ഭൗമീക സംരക്ഷകരെന്നും, സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്കുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. സ്പെയിനിന് പുറമേ, പോളണ്ട്, അയര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളിലും മെന്‍സ് റോസറി സംഘടിപ്പിക്കാറുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »