Faith And Reason

ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയില്‍ ജനസാഗരം

പ്രവാചകശബ്ദം 16-05-2022 - Monday

കാറ്റാടിമല (കന്യാകുമാരി): ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് പാപ്പ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിലേക്ക് എത്തിയത് ആയിരങ്ങള്‍. വത്തിക്കാനിൽ നടന്ന നാമകരണ നടപടികൾ തത്സമയം കാണിച്ച ബിഗ് സ്ക്രീനിന് മുന്നില്‍ അനേകം പേര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തു പുണ്യ നിമിഷത്തിനു സാക്ഷികളാകാൻ വിശുദ്ധന്‍ ജീവത്യാഗം ചെയ്ത സ്ഥലത്തു തന്നെ എത്തിചേര്‍ന്നവരില്‍ വൈദികരും സന്യസ്തരുമുണ്ടായിരിന്നു.

വിശുദ്ധ പദവി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വിവിധ ചടങ്ങുകളാണ് കാറ്റാടിമല പള്ളിയിൽ നടന്നത്. വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിന്റെയും ചരിത്ര ത്തിന്റെയും ശേഷിപ്പുകളുള്ള കാറ്റാടിമലയിലേക്ക് ഇന്നലെ രാവിലെ അഞ്ചരയോടെ തന്നെ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിയപ്പോൾ നിറകണ്ണുകളോടെയായിരിന്നു പലരും സന്തോഷം പ്രകടിപ്പിച്ചത്.

കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിൽ ഇന്നലെ തമിഴിലും മലയാളത്തിലും ദിവ്യബലിയർപ്പണം നടന്നു. വിശുദ്ധ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലത്തീൻ സഭയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പള്ളിമണികൾ മുഴങ്ങി. വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിലെ അദ്ദേഹത്തിന്റെ തിരുസ്വരൂപത്തിൽ വ്യാകുലമാതാ ഇടവക മുൻ വികാരി ഫാ.പാട്രിക് സേവ്യർ കിരീടം ചാർത്തി. തുടർന്ന് നടന്ന കിരീട പ്രദക്ഷിണത്തിലും പരസ്യവണക്കത്തിനായി പ്രതി ഷ്ഠിക്കുന്ന ചടങ്ങിലും നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. നാമകരണത്തിന് പിന്നാലെ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രദിക്ഷിണവും ദിവ്യബലിയും നടന്നു.

രക്തസാക്ഷിത്വം വരിക്കുന്നതിനു മുൻപ് വിശുദ്ധ ദേവസഹായം പിള്ളയെ പാർപ്പിച്ചിരുന്ന ജയിൽ, നിറയൊഴിക്കുന്നതിനു മുൻപ് മുട്ടുകുത്തി പ്രാർത്ഥിച്ച സ്ഥലം, രക്തസാക്ഷിത്വം വരിച്ച പാറക്കെട്ട്, മരണസമയത്ത് അടർന്നു വീണ് മണിശബ്ദം മുഴങ്ങിയ മണിയടിച്ചാംപാറ തുടങ്ങിയ സ്ഥലങ്ങളെല്ലാം കാറ്റാടിമലയിലാണുള്ളത്. ഈ പുണ്യസ്ഥലങ്ങളിലെല്ലാം ഇന്നലെ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടവക വികാരി ഫാ:യേശുദാസൻ, ഫാ.ബ്രൂണോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »