Life In Christ
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കം 10 പുണ്യാത്മാക്കൾ നാളെ വിശുദ്ധ പദവിയിലേക്ക്
പ്രവാചകശബ്ദം 14-05-2022 - Saturday
വത്തിക്കാൻ സിറ്റി: ഭാരത കത്തോലിക്ക സഭയ്ക്കു അഭിമാനമായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കം 10 പുണ്യാത്മാക്കൾ നാളെ വിശുദ്ധ പദവിയിലേക്ക്. ഭാരതത്തിന്റെ പ്രഥമ അൽമായ വിശുദ്ധന്‍ എന്ന ഖ്യാതിയോടെയാണ് ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധാരാമത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍പില്‍ ക്രമീകരിക്കുന്ന ബലിവേദിയിൽ വത്തിക്കാൻ സമയം രാവിലെ 10.00നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാകുന്നതാണ്.
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ വ്യാഴാഴ്ച ആരംഭിച്ചു. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂർ പൊറ്റയിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. നാളെ വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികനാകും. വൈകിട്ട് 5നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
യഹൂദരെ സഹായിക്കുകയും, പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ, ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796-ല്‍ ‘സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി’ സന്യാസിനി സഭക്ക് രൂപം നല്‍കിയ സിസ്റ്റര്‍ മേരി റിവിയര്‍, ‘കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്സ്’ സന്യാസിനി സഭക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ, ഫ്രാന്‍സിലും, സിറിയയിലുമായി ആശ്രമജീവിതം നയിച്ച് പാവപ്പെട്ടവര്‍ക്കിടയില്‍ തന്റെ പ്രേഷിത മേഖല കണ്ടെത്തിയ വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്, വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിന്ന വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് അടക്കമുള്ളവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സമര്‍പ്പിക്കപ്പെട്ട ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ-സ്ഥാപക വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി, കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ, ദൈവവിളി തിരിച്ചറിയുവാന്‍ യുവജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിച്ച വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ‘സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോയാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ശേഷിക്കുന്ന 5 പേര്‍. ഇവരില്‍ അഞ്ച് പേർ ഇറ്റലിയിൽനിന്നും മൂന്നു പേർ ഫ്രാൻസിൽ നിന്നുമുള്ളവരും ഒരാള്‍ ഡച്ച് സ്വദേശിയുമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക