Social Media
ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ നാളെ: അറിയേണ്ടതെല്ലാം
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 23-05-2022 - Monday
മെയ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ജപമാലയിലെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാറുണ്ട്. Auxilium Christianorum - Help of Christians” ക്രിസ്താനികളുടെ സഹായം - എന്ന വിശേഷണം മറിയത്തിനു ക്രൈസ്തവ ജീവിതത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്ന സജ്ഞയാണ്. ഗ്രീസ്, ഈജിപ്ത്, അന്ത്യോക്യാ, എഫേസൂസ്, അലക്സാണ്ട്രിയ എന്നിവടങ്ങളിലെ ആദിമ സഭാ സമൂഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തെ ക്രിസ്ത്യാനികളുടെ സഹായമായി വിളിച്ചിരുന്നു. ഗ്രീക്കു ഭാഷയിൽ βοήθεια Boetheia ബോയ്‌ത്തിയ സഹായം - എന്ന വാക്കു മറിയത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചതു വി. ജോൺ ക്രിസോസ്തോം ആയിരുന്നു.
ക്രൈസ്തവലോകം ജപമാല ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായാണ് യുറോപ്പു മുഴുവൻ തുർക്കി സൈന്യത്തിൻ മേൽ വിജയം നേടിയത്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ മധ്യസ്ഥതയിലാണ് 1571 ഒക്ടോബർ മാസം ഏഴാം തീയതി ചെറിയ ക്രിസ്ത്യൻ സൈന്യം ഓട്ടോമൻ തുർക്കികളുടെ വലിയ സൈന്യത്തിൻമേൽ ലോപ്പാന്‍റോ യുദ്ധത്തിൽ വിജയം നേടിയത്. അതിനാലാണ് ജപമാല റാണി യുടെ തിരുനാൾ ഒക്ടോബർ ഏഴാം തീയതി ആഘോഷിക്കുന്നത്. 1573 ൽ പീയൂസ് അഞ്ചാമൻ പാപ്പ ഈ തിരുനാൾ സഭയിൽ ഉൾപ്പെടുത്തി. ഈ വിജയത്തിൻ്റെ സ്മരണക്കായി പീയൂസ് അഞ്ചാമൻ പാപ്പ ലൊറോറ്റ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്നു കുട്ടിച്ചേർത്തു. (ലോറ്റോറ്റ ലുത്തിനിയ 1587 സിക്സ്തുസ് അഞ്ചാമൻ പാപ്പയാണ് ഔദ്യോഗികമായി അംഗീകരിച്ചത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ആസ്ട്രിയിലെ ലെയോപോൾഡ് ഒന്നാമൻ ചക്രവർത്തി , ഓസ്ട്രിയയിലെ തലസ്ഥാന നഗരമായ മായ വിയന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമൻ തുർക്കികളുടെ സൈന്യം വളഞ്ഞപ്പോൾ പാസാവിലുള്ള ക്രിസ്ത്യനികളുടെ സഹായമായ മറിയത്തിന്റെ (Maria Hilf) ദൈവാലയത്തിൽ അഭയം തേടി. പരിശുദ്ധ മറിയത്തിൻ്റെ മധ്യസ്ഥതയാൽ ഓസ്ടിയ യുദ്ധത്തിൽ വിജയം വരിച്ചു. മാതാവിൻ്റെ ജനന തിരുനാളിൻ്റെ (സെപ്റ്റംബർ 8) അന്നാണ് ഓസ്ട്രിയൻ സൈന്യം യുദ്ധത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കിയത്. പരിശുദ്ധ മറിയത്തിന്റെ പരിശുദ്ധ നാമത്തിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്ന സമ്പൂർണ്ണമായും സ്വതന്ത്രമായി. വിജയത്തിൻ്റെ നന്ദിസൂചകമായി യുറോപ്പു മുഴുവനും ലെയോപോൾഡ് ചക്രവർത്തിക്കൊപ്പം ജപമാല പ്രാർത്ഥന ചെല്ലി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു നന്ദി പറഞ്ഞു.
1809 ൽ നെപ്പോളിയന്റെ സൈന്യം വത്തിക്കാനിൽ കടന്നു പീയൂസ് ആറാമൻ പാപ്പയെ അറസ്റ്റു ചെയ്തു. കൈവിലങ്ങുമായി പാപ്പയെ ഗ്രനോബിളിലും പിന്നീടു ഫോണ്ടിയാൻബ്ലൂവിലും കൊണ്ടു വന്നു. ഈ തടവു അഞ്ചു വർഷം ദീർഘിച്ചു. റോമിലേക്കു തിരിച്ചുപോയാൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പേരിൽ ഒരു പുതിയ തിരുനാൾ തുടങ്ങുമെന്നു മാർപാപ്പ ദൈവത്തോടു വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനേറ്റ തിരിച്ചടികൾ കാരണം നെപ്പോളിയൻ മാർപാപ്പയെ സ്വതന്ത്രനാക്കാൻ നിർബദ്ധിതനായി 1814 മെയ് മാസം ഇരുപത്തി നാലാം തീയതി പീയൂസ് ഏഴാമൻ പാപ്പ റോമിൽ തിരിച്ചെത്തി. പന്ത്രണ്ടു മാസങ്ങൾക്കു ശേഷം മെയ് മാസം ഇരുപത്തി നാലാം തീയതി. ക്രിസ്ത്യനികളുടെ സഹായകമായ മറിയത്തിൻ്റെ തിരുനാൾ ഒരു പ്രത്യേക ഡിക്രിയിലൂടെ പാപ്പ സഭയിൽ ആരംഭിച്ചു .
1862 മെയ് മാസം പതിനാലാം തീയതി സഭയ്ക്കു നേരിടാൻ പോകുന്ന വിപത്തുകളെക്കുറിച്ചു ഡോൺ ബോസ്കോയിക്കു ഒരു ദർശനം ഉണ്ടായി. ആ ദർശനതത്തിൽ മാർപാപ്പ സഭയാകുന്ന കപ്പലിനെ രണ്ടു സ്തംഭങ്ങളിൽ ബന്ധിച്ചിരിക്കുന്നതായി കണ്ടു. ഒരു സ്തംഭത്തിൽ ഒരു വലിയ ദിവ്യകാരുണ്യ ഓസ്തിയും മറ്റതിൽ ക്രിസ്ത്യനികളുടെ സഹായം എന്നാലേഖനം ചെയ്തിരുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ രൂപവുമാണ് ഡോൺ ബോസ്കോ കണ്ടത്. ഈ സ്വപ്നനത്തെപ്പറ്റി ഡോൺ ബോസ്കോ താൻ സ്ഥാപിച്ച സലേഷ്യൻ സഭാംഗങ്ങൾക്ക് ഇപ്രകാരം എഴുതി: "ദിവ്യകാരുണ്യത്തോടുള്ള വണക്കവും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടും ഉള്ള ഭക്തി പ്രോത്സാഹിപ്പിക്കലുമാണ് ഈ ദർശനത്തിൻ്റെ അടിസ്ഥാന ഉദ്ദേശ്യം. ക്രിസ്തിയാനികളുടെ സഹായമായ മറിയം എന്ന സ്ഥാനപ്പേര് മഹനീയമായ സ്വർഗ്ഗരാജ്ഞിയെ കൂടുതൽ സന്തോഷിപ്പിക്കും."
1868 ജൂൺ മാസം ഒൻപതാം തീയതി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു തൻ്റെ സന്യാസ സഭാ സമൂഹത്തെ ഭരമേല്‌പിച്ചു. ക്രിസ്താനികളുടെ സഹായമായ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സലേഷ്യൻ വൈദീകരും സിസ്റ്റേഴ്സും പ്രത്യേകം ശ്രദ്ധിക്കുന്നു.
ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ദിനത്തിൽ ലോകത്തിനു മുഴുവൻ പരിശുദ്ധ കന്യകാമറിയത്തെ ആവശ്യമുണ്ട്. അമ്മയിലേക്കു നമുക്കു തിരികെ നടക്കാം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക