News - 2025
"എന്റെ ഹൃദയം തകർന്നു": ടെക്സാസ് വെടിവെയ്പ്പില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് പാപ്പ
പ്രവാചകശബ്ദം 25-05-2022 - Wednesday
ടെക്സാസ്/ റോം: ടെക്‌സാസില്‍ 19 സ്കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ടു മുതിര്‍ന്നവരെയും പതിനെട്ടുവയസുകാരന്‍ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് മെയ് 25-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതു കൂടിക്കാഴ്ചയുടെ അവസാനത്തിലാണ് പാപ്പ തന്റെ വേദന പ്രകടിപ്പിച്ചത്. ടെക്സാസിലെ എലിമെന്ററി സ്‌കൂളിൽ നടന്ന കൂട്ടക്കൊലയിൽ തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും കൊല്ലപ്പെട്ട കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. വിവേചനരഹിതമായ ആയുധക്കടത്തിനോട് 'വേണ്ട' എന്നു പറയേണ്ട സമയമാണിത്. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാം കഠിനാധ്വാനം ചെയ്യാമെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് തീർത്ഥാടകർ സ്വീകരിച്ചത്.
സംഭവത്തില്‍ വത്തിക്കാനിലെ യുഎസ് അംബാസഡർ ജോ ഡോണെല്ലിയും ദുഃഖം പ്രകടിപ്പിച്ചു. തങ്ങള്‍ തിന്മയുടെ മുഖത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും കുട്ടികൾക്കും കൊല്ലപ്പെട്ട മറ്റുള്ള ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം തിന്മയുടെയും അക്രമത്തിന്റെയും പകർച്ചവ്യാധിയെ അഭിമുഖീകരിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഇന്നലെയാണ് തെക്കുപടിഞ്ഞാറൻ ടെക്‌സസിലെ ഉവാൾഡെയിലുള്ള റോബ് എലിമെന്ററി സ്‌കൂളിൽ പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള തോക്കുധാരി വെടിവെയ്പ്പ് നടത്തിയത്. സാൽവഡോർ റാമോസ് എന്ന പ്രതിയെ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.