News - 2024

ലൈംഗിക തൊഴിൽ നിയമപരമായ ജോലിയെന്ന കോടതി നിരീക്ഷണം ആശങ്കാജനകം: പ്രോലൈഫ് അപ്പോസ്‌തലേറ്റ്

പ്രവാചകശബ്ദം 28-05-2022 - Saturday

കൊച്ചി: വിവാഹ ബന്ധങ്ങൾക്കപ്പുറം ലൈംഗിക ബന്ധങ്ങൾക്ക് നിയമസാധുതയുള്ള തൊഴിലും, അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ആശങ്കജനകമാണെന്ന് സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ശാരീരികബന്ധം തൊഴിലിന്റെ പരിധിയിൽ കൊണ്ടുവരുന്നതും, മറ്റ് തൊഴിൽ മേഖലകളുമായി താരതമ്യം ചെയ്യുന്നതിന്റെ മൂല്യങ്ങളും ധാർമ്മികതയും വ്യക്തമല്ല. "ലൈംഗികതൊഴിൽ "- എന്ന വ്യാഖ്യാനം വഴി സമൂഹത്തിൽ മറ്റ് ഉത്പന്നങ്ങളും സേവനങ്ങളും വിൽക്കുന്നതുപോലെ ശരീരം വിൽക്കുവാനുള്ള പ്രവണത വർദ്ധിക്കുകയും മനുഷ്യ ബന്ധങ്ങളുടെ പവിത്രതയും വിശുദ്ധിയും നഷ്ടപ്പെടുകയും ചെയ്യുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

തൊഴിലും വരുമാനവും ഇല്ലാതെ പട്ടിണിയും മറ്റ് ജീവിതസാഹചര്യങ്ങളും മൂലം ജീവിതോബാധിയായി ലൈംഗികബന്ധങ്ങളിലേർപ്പെട്ടു കഴിയുന്നവർക്ക് ഉത്തമ ജീവിത സാഹചര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്താനാണ് സർക്കാരും സാമൂഹ്യ പ്രസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടത്. സ്ത്രീ-പുരുഷ ബന്ധങ്ങളെ കച്ചവടമാക്കുന്ന പ്രവണതയ്ക്ക് നിയമസംരക്ഷണവും മാന്യതയും നൽകുന്നത് ദുരവ്യാപകമായ ദുഷ്ഫലങ്ങൾ സൃഷ്ടിക്കുമെന്നും ഇതിനെതിരെ സമൂഹമനസാക്ഷി ഉണരണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


Related Articles »