News - 2024

ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഭാരതത്തില്‍ നിന്നും 151 പേരുടെ സംഘം

സ്വന്തം ലേഖകന്‍ 08-07-2016 - Friday

ന്യൂഡല്‍ഹി: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ ഭാരതത്തില്‍ നിന്നുള്ള 151 പേര്‍ പങ്കെടുക്കും. ജൂലൈ 25 മുതല്‍ 31 വരെയാണ് സമ്മേളനം നടക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കത്തോലിക്ക വിശ്വാസികളായ യുവാക്കള്‍ പങ്കെടുക്കുന്ന സമ്മേളനമാണിത്. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഇതിനു മുന്നോടിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ സംഘം ഇതിലും പങ്കെടുക്കുകയും സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സാംസ്‌കാരിക പരിപാടികള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശാരദ കുംജൂര്‍ യുസിഎ ന്യൂസിനോട് പറഞ്ഞു."വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ യുവാക്കളേയും സഭാ നേതാക്കളേയും നേരില്‍ കാണുവാനുള്ള അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും വിവിധ രീതികളില്‍ ക്രൈസ്തവ സഭ നടത്തുന്ന ആരാധനകളെ സംബന്ധിച്ചുമാണ് സാംസ്‌കാരിക സമ്മേളനത്തിലെ പരിപാടി അവതരിപ്പിക്കുക. രാജ്യത്ത് ക്രൈസ്തവ വിശ്വാസം എങ്ങനെയാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നതെന്നും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതെങ്ങനെയാണെന്നും പരിപാടിയിലൂടെ പ്രദര്‍ശിപ്പിക്കും". ശാരദ കുംജൂര്‍ പറഞ്ഞു.

151 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 യുവാക്കളും 50 കോര്‍ഡിനേറ്ററുമാരും ഒരു ബിഷപ്പും ഉള്‍ക്കൊള്ളുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ വിസാ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയതായി നേരത്തെ ന്യൂഡല്‍ഹിയിലെ പോളിഷ് എംബസി അറിയിച്ചിരുന്നു. യൂത്ത് കൗണ്‍സില്‍ സെക്രട്ടറിയായി സേവനം ചെയ്യുന്ന ഫാദര്‍ ദീപക് തോമസ്, ഭാരതത്തിലും സമാന സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെടുന്നു.സഭയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ ഇത് സാധ്യമാണ്. മതപരമായ ഒരു പരിപാടിയായി യുവജന സമ്മേളനത്തെ കാണുവാന്‍ സാധിക്കില്ല.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളിലെ പങ്കാളിത്തം ഏറെയുള്ള ഒരു ചടങ്ങാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കളില്‍ വിശ്വാസം രൂപീകൃതമാക്കുവാനും സമ്മേളനത്തിലൂടെ സാധിക്കുമെന്നും, വിശ്വാസമില്ലാത്ത യുവാക്കളിലൂടെ സഭയുടെ പ്രവര്‍ത്തനം സാധ്യമാകില്ലെന്നും ഫാദര്‍ ദീപക് തോമസ് കൂട്ടിച്ചേര്‍ത്തു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ലോകത്തില്‍ നിന്നും യുവാക്കളെ മോചിപ്പിക്കുവാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് സാധിക്കുമെന്ന് പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററായ ജൂലിയ ജോസഫ് അഭിപ്രായപ്പെട്ടു. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് യുവജന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന യുവാക്കളുടെ ഈ വിശ്വാസോത്സവം മൂന്നു വര്‍ഷം കൂടുമ്പോഴാണ് നടക്കുക. പ്രാര്‍ത്ഥനയും ഗാനങ്ങളും അനുഭവ സാക്ഷ്യവും സമ്മേളനത്തിന്റെ മാറ്റ് കൂട്ടും.


Related Articles »