Faith And Reason - 2024

യുദ്ധത്തിന്റെ അന്ത്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതേ: അഭ്യര്‍ത്ഥനയുമായി കീവ് മെത്രാന്‍

പ്രവാചകശബ്ദം 06-06-2022 - Monday

കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം നൂറു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കീവിലെ മെത്രാന്‍ വിറ്റാലി ക്രിവിറ്റ്സ്കി. നൂറു ദിവസം നീണ്ട യുദ്ധത്തിനിടയില്‍ യുക്രൈന്‍ മാത്രമല്ല മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും പരസ്പര ബന്ധത്തിന്റേതായ ഒരു രൂപാന്തരീകരണത്തിലൂടെ കടന്നുപോയെന്നും ഇക്കഴിഞ്ഞ ജൂണ്‍ 1ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെ ബിഷപ്പ് വിറ്റാലി പറഞ്ഞു. യുക്രൈന്‍ എവിടെയാണെന്ന് വരെ അറിയാത്തവര്‍ക്ക് പോലും ഇപ്പോള്‍ ബുച്ചാ, ഇര്‍പിന്‍, മരിയുപോള്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമ്മള്‍ ആഗ്രഹിക്കാത്ത ഈ യുദ്ധം നമ്മളെ കുറച്ചുകൂടി പക്വതയുള്ളവരാക്കി. പല കാര്യങ്ങളേയും പുതിയ കണ്ണിലൂടെ നോക്കുവാന്‍ യുദ്ധം നമ്മെ പഠിപ്പിച്ചു. നമ്മള്‍ അറിയാതെ നമുക്ക് ചുറ്റും ജീവിച്ചിരുന്നവര്‍ ഒരു രാത്രികൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ ആയി”. വളരെക്കാലമായി ജനങ്ങള്‍ സമാധാനത്തേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വിജയത്തെക്കുറിച്ച് മാത്രമാണ് ആളുകള്‍ സംസാരിക്കുന്നത്. സമാധാനത്തിന്റെ പേരില്‍ യുക്രൈന്റെ ഒരു ഭാഗം വിട്ടുനല്‍കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ല. അത് യുദ്ധത്തെ നീട്ടിവെക്കുകമാത്രമാണ് ചെയ്യുകയെന്ന് ബിഷപ്പ് പറഞ്ഞു

റഷ്യയുടെ സൈനീകനടപടിയെ ഫ്രാന്‍സിസ് പാപ്പയും, വത്തിക്കാനും കൂടുതല്‍ ശക്തമായ ഭാഷയില്‍ അപലപിച്ചില്ലെന്ന വിമര്‍ശനാത്മകമായ ചോദ്യത്തിന്, യുക്രൈന്‍ ജനതയോട് വത്തിക്കാന്‍ കാണിക്കുന്ന സ്നേഹം താന്‍ കണ്ടുവെന്നും, ദുരിതത്തില്‍ കഴിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ച കാര്യവും ചൂണ്ടിക്കാട്ടി. ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇക്കഴിഞ്ഞ ജൂണ്‍ 3-നാണ് 100 ദിവസം പിന്നിട്ടത്. യുക്രൈനിലെ പതിനായിരകണക്കിന് സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരിന്നു. നിരന്തരമായ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ളതെന്ന്‍ പറഞ്ഞ മെത്രാന്‍, അത്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.


Related Articles »