Faith And Reason - 2024

പെന്തക്കുസ്ത തിരുനാള്‍ തലേന്ന് ക്രൊയേഷ്യയില്‍ പ്രാര്‍ത്ഥന സംഗീത നിശ: ആത്മാവിന്റെ നിറവിനായി ഒരുമിച്ച് പാടിയത് പതിനായിരങ്ങള്‍

പ്രവാചകശബ്ദം 07-06-2022 - Tuesday

സഗ്രെബ്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക പ്രാര്‍ത്ഥന - സംഗീത നിശകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കു ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രി ക്രൊയേഷ്യയുടെ തലസ്ഥാന നഗരമായ സഗ്രെബിലെ മാക്സിമിര്‍ ഫുട്ബോള്‍ സ്റ്റേഡിയം വേദിയായി. ഏതാണ്ട് 55,000-ത്തോളം വിശ്വാസികളാണ് ഇ.ഡബ്ല്യു.ടി.എന്നിന്റെ ക്രൊയേഷ്യന്‍ പങ്കാളിയായ ‘ലൌദാറ്റോ ടി.വി’യും അപ്പസ്തോലിക കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'Look through the Heart' (ഹൃദയത്തിലൂടെ നോക്കൂ) പ്രാര്‍ത്ഥനാസംഗീത നിശയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു.

ഏതാണ്ട് പതിനേഴോളം സംഗീത പരിപാടികളായിരുന്നു അരങ്ങേറിയത്. 24 സംഗീത ഉപകരണ വിദഗ്ദരുടെ സഹായത്തോടെ നൂറോളം സംഗീതജ്ഞര്‍ പരിശുദ്ധാത്മാവിന്റെ നിറവിനായി സ്തുതിഗീതങ്ങള്‍ ആലപിച്ചു. ജാഗരണ പ്രാര്‍ത്ഥനക്കിടെ ദിവ്യകാരുണ്യത്തിന്റെ വാഴ്വും നടന്നു. പരിപാടിയ്ക്ക് വത്തിക്കാന്‍ നേരത്തെ തന്നെ ആശംസകള്‍ അറിയിച്ചിരിന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആശംസകള്‍ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു.

“യുവജനങ്ങളേ, ആര്‍ദ്രതയിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കുന്ന അവന്റെ സ്നേഹ കടാക്ഷം നിങ്ങളെ കീഴടക്കട്ടെ. വിശ്വാസത്തിലും ദൈവാനുഗ്രഹങ്ങളോടുള്ള നന്ദിയില്‍, പ്രത്യേകിച്ച് പരിശുദ്ധാത്മാവിന്റെ വരദാനത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്ന നിങ്ങളെ പ്രത്യാശയാല്‍ തുറക്കപ്പെട്ട ഹൃദയത്തോടെ ലോകത്തേക്കും, നമ്മുടെ സഹോദരീ സഹോദരന്മാരിലേക്കും ഉറ്റുനോക്കുവാന്‍ കര്‍ത്താവായ ക്രിസ്തു ക്ഷണിക്കുന്നു”. ആത്മാവിനാല്‍ നവീകരിക്കപ്പെട്ട് ദൈവകരുണയുടെ വാഹകരായി മാറുവാനും കര്‍ദ്ദിനാള്‍ പാപ്പയ്ക്ക് വേണ്ടി തന്റെ കത്തിലൂടെ ആഹ്വാനം ചെയ്തു.

കമെനിറ്റ വ്രാതാ മാതാവിന്റേയും, വാഴ്ത്തപ്പെട്ട അലോജ്സിജെ സ്റ്റെപിനാക്കിന്റേയും സംരക്ഷണത്തിലേക്ക് പരിശുദ്ധ പിതാവ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്തവസാനിക്കുന്നത്. യൂറോപ്പിലെ കത്തോലിക്ക സഭയുടെ ഭാവിയുടെയും, ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിനെ ക്രൊയേഷ്യ അതിജീവിക്കുകയും, കത്തോലിക്കാ വ്യക്തിത്വം ഭാവി തലമുറക്ക് കൈമാറിയതിന്റേയും ഉദാഹരണമാണ് ഈ പരിപാടിയെന്ന്‍ ഇ.ഡബ്ല്യു.ടി.എന്നിന്റെ മധ്യ-കിഴക്കന്‍ യൂറോപ്പിലെ റീജിയണല്‍ മാനേജരായ ഇവോ ബെന്‍ഡര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുകയും, സ്വന്തം അഭിപ്രായം പോലും പ്രകടിപ്പിക്കുവാന്‍ പോലും വെല്ലുവിളി നേരിടുന്ന ഇക്കാലഘട്ടത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ പരിപാടിക്ക് കഴിഞ്ഞുവെന്ന്ണ് ‘ലൌഡാറ്റോ ടി.വി’ഉദ്യോഗസ്ഥനായ ലൂക്കാ റാഡോക്കാജ് പറഞ്ഞു. പരിപാടിയ്ക്കിടെ കുമ്പസാരിക്കുവാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയുമുണ്ടായിരിന്നുവെന്ന് എ‌സി‌ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »