News
ഇറാഖിലെ യുദ്ധങ്ങള്‍ക്കിടയില്‍ നിസ്സഹായരായ ജനങ്ങളുടെ കണ്ണീരൊപ്പിയ മദര്‍ ഒല്‍ഗ യാക്കൂബ് ഇന്ന്‍ ബോസ്റ്റണിന്റെ മുറിവുണക്കുന്നു
സ്വന്തം ലേഖകന്‍ 09-07-2016 - Saturday
ബോസ്റ്റണ്‍: ഇറാഖിലെ ഭീകരമായ നാലു യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തിയാണ് മദര്‍ ഒല്‍ഗ യാക്കൂബ്. അമ്പതാം വയസിലേക്ക് പ്രവേശിക്കുന്ന മദര്‍ ഒല്‍ഗ യാക്കൂബ്, തന്റെ രാജ്യം നേരിട്ട ഭീകരമായ നാലു യുദ്ധങ്ങള്‍ക്ക് ശേഷവും താന്‍ ജീവനോടെയിരിക്കുന്നത് അത്ഭുതമാണെന്നു പറയുന്നു. ഇന്ന്‍ യുഎസിലെ ബോസ്റ്റണില്‍ താന്‍ സ്ഥാപിച്ച 'ദ ഡോട്ടേഴ്‌സ് ഓഫ് മേരി ഓഫ് നസറേത്ത്' എന്ന കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനത്തില്‍ വ്യാപൃതയാണ് മദര്‍ ഒല്‍ഗ.
യുഎസില്‍ പലരീതികളിലൂടെ എത്തുകയും ആരും ആശ്രയമില്ലാതെ അലയുകയും ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ ചുമതലയാണ് മദര്‍ ഒല്‍ഗ ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത്. മദര്‍ ഒല്‍ഗക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ പിടിപ്പെട്ടിരിന്നു. ഇതിന്റെ ചികിത്സയും തന്റെ സേവനങ്ങള്‍ക്കൊപ്പം മുന്നോട്ട് മദര്‍ നടത്തിക്കൊണ്ടു പോകുന്നു. ഇപ്പോള്‍ തന്റെ കോണ്‍ഗ്രിഗേഷനില്‍ എട്ടു പേരാണ് സേവനം ചെയ്യുവാന്‍ ഉള്ളത്. കൂടിപ്പോയാല്‍ ഇനി ഒരു പത്ത് വര്‍ഷം കൂടി താന്‍ ജീവിച്ചേക്കാം. എങ്കിലും തന്റെ കോണ്‍ഗ്രിഗേനില്‍ ആ കാലത്തും എട്ടു പേര്‍ തന്നെ കാണുമെന്ന് മദര്‍ വിശ്വസിക്കുന്നു. താന്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷനെ ദൈവം വളര്‍ത്തുമെന്ന് മദര്‍ അടിയുറച്ചു പറയുന്നു. കത്തോലിക്ക ഓണ്‍ലൈന്‍ ന്യൂസ് സൈറ്റായ അലീറ്റിയായ്ക്ക് നല്കിയ അഭിമുഖത്തിലാണ് മദര്‍ ഒല്‍ഗ യാക്കൂബ് ഹൃദയം തുറന്നത്.
ഇറാഖിലെ കിര്‍കുക്കിലാണ് മദര്‍ ഒല്‍ഗ യാക്കൂബ് ജനിച്ചത്. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ സ്‌നേഹ ബന്ധത്തില്‍ കഴിഞ്ഞിരുന്ന ഒരു നാടായിരുന്നു അന്ന് ഇറാഖ്. 1980-ല്‍ മദര്‍ ഒല്‍ഗയ്ക്ക് 13 വയസുള്ള സമയത്താണ് ഇറാഖിനു നേരെ ഇറാന്‍ ആദ്യത്തെ യുദ്ധം നടത്തുന്നത്. സദാം ഹുസൈന്‍ മാരകമായ ആയുധങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. മദര്‍ പഠനം നടത്തിയിരുന്ന സ്‌കൂള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. തന്റെ സഹപാഠികളും അധ്യാപകരും തനിക്ക് ചുറ്റും മരിച്ചു വീഴുന്ന കാഴ്ച 13-ാം വയസില്‍ മദര്‍ ഒല്‍ഗയ്ക്ക് കാണേണ്ടി വന്നു.
"എനിക്ക് 13 വയസുള്ളപ്പോള്‍ എന്റെ സ്വന്തം അസ്‌റിയന്‍ പള്ളിയില്‍ ഞാന്‍ സേവനത്തിനായി പോയിട്ടുണ്ട്. എല്ലാ ദിവസവും യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അഞ്ചോ ആറോ പേരുടെ മൃതശരീരം പള്ളിയിലേക്ക് സംസ്‌കരിക്കുവാന്‍ കൊണ്ടുവരും. ഹൃദയം പൊട്ടുന്ന കാഴ്ച്ചകള്‍ക്ക് ഞാന്‍ ഈ ദിനങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കത്തികരിഞ്ഞ മൃതശരീരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതാണോ എന്ന് നോക്കുവാന്‍ അടുത്ത ബന്ധുക്കള്‍ വരും. ശരീരത്തിന്റെ ചില അടയാളങ്ങള്‍ വച്ച് മരിച്ചവരെ അവര്‍ തിരിച്ചറിയും. ഒരിക്കല്‍ വിവാഹം കഴിഞ്ഞ് അധികമാവാത്ത ഒരു പെണ്‍കുട്ടി തന്റെ ഭര്‍ത്താവിന്റെ മൃതശരീരം തിരിച്ചറിയാന്‍ പള്ളിയില്‍ വന്നു. കുറച്ചു നാളുകള്‍ മാത്രമാണ് അവര്‍ സന്തോഷത്തോടെ ഒരുമിച്ച് താമസിച്ചത്. ആ പെണ്‍കുട്ടി അപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയുമായിരുന്നു. തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. അവളുടെ നിലവിളി ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു". മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ അനുഭവം വിവരിക്കുന്നു.
1990-ല്‍ നടന്ന ഗള്‍ഫ് യുദ്ധം ഇറാഖിനെ 200 വര്‍ഷം പിന്നോട്ട് നയിച്ചതായി മദര്‍ ഒല്‍ഗ പറയുന്നു. കുവൈറ്റിനെ കടന്നാക്രമിച്ച സദാം ഹുസൈന്‍ വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ഒരു കുടം വെള്ളത്തിനു വേണ്ടി ഇറാഖികള്‍ക്ക് അന്ന് മൈലുകള്‍ നടക്കേണ്ടി വന്നു. ആശുപത്രികള്‍ എല്ലാം തകര്‍ക്കപ്പെട്ടു. നവജാതശിശുക്കള്‍ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മരിച്ചുകൊണ്ടേ ഇരുന്നതായും മദര്‍ ഒല്‍ഗ പറയുന്നു. ജനസഖ്യയുടെ 60 ശതമാനത്തിനും എഴുതുവാനോ വായിക്കുവാനോ അറിയാത്ത രാജ്യമായി ഇറാഖ് മാറി. ഇത്തരത്തില്‍ തകര്‍ന്നു പോയ ഒരു രാജ്യത്തെ എപ്രകാരമാണ് പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയെന്നും മദര്‍ ഒല്‍ഗ ചോദിക്കുന്നു.
ഈ സമയത്താണ് മദര്‍ ഒല്‍ഗ ഒരു പുതിയ പ്രസ്ത്ഥാനത്തിനു തുടക്കം കുറിച്ചത്. Love Your Neighbor (അയല്‍ക്കാരനെ സ്‌നേഹിക്കുക) എന്ന പേരാണ് അവര്‍ ഈ പദ്ധതിക്കായി നല്‍കിയത്. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്കായി മുസ്ലീങ്ങളും ക്രൈസ്തവരും ചേര്‍ന്ന് വീടുകള്‍ തോറും കയറി സാധനങ്ങള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രവും ഭക്ഷണവും അവര്‍ യുദ്ധത്തില്‍ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് എത്തിച്ചു നല്‍കും. മുസ്ലീങ്ങളോടു ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഖുറാനിലെ വാക്യങ്ങളും അവരുടെ വിശ്വാസവും എന്താണെന്ന് വ്യക്തമായി പഠിച്ചുവെന്നും മദര്‍ ഒല്‍ഗ വെളിപ്പെടുത്തി. സഹോദര്യത്തില്‍ തന്നെയാണ് ക്രൈസ്തവരും മുസ്ലീങ്ങളും ഇറാഖില്‍ കഴിഞ്ഞിരുന്നതെന്നും മദര്‍ പറയുന്നു.
1995-ല്‍ 'മേരി മറിയം സിസ്‌റ്റേഴ്‌സ്- മിഷ്‌നറീസ് ഓഫ് ദ വിര്‍ജിന്‍ മേരി' എന്ന കോണ്‍ഗ്രിഗേഷന് മദര്‍ ഒല്‍ഗ യാക്കൂബ് തുടക്കം കുറിച്ചു. അസ്‌റിയന്‍ സഭയില്‍ വനിതകള്‍ക്കായുള്ള ആദ്യത്തെ കോണ്‍ഗ്രിഗേഷനായിരുന്നു ഇത്. 2001-ല്‍ മദര്‍ ഒല്‍ഗ ഉന്നത പഠനം നടത്തുന്നതിനായി ബോസ്റ്റണിലേക്ക് പോയി. ഇതിനു ശേഷം രണ്ടു തവണയാണ് യുഎസ് ഇറാഖിനു നേരെ ആക്രമണം നടത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ യുഎസ് ഇറാഖിനെ ആക്രമിച്ചിരുന്നു. ഈ രണ്ടു യുദ്ധങ്ങളുടെ സമയത്തും മദര്‍ ഒല്‍ഗ തന്റെ മാതൃരാജ്യത്തിലേക്ക് മടങ്ങി വന്നു. അമേരിക്കന്‍ പട്ടാളക്കാര്‍ക്കും ഇറാഖിലെ സ്വദേശികള്‍ക്കും മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ സേവനം എത്തിച്ചു നല്‍കി.
ബോസ്റ്റണില്‍ തിരിച്ചെത്തിയ മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ പഠനവും ഡോക്ടറേറ്റ് ഗവേഷണവും അവിടെ തന്നെ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അസ്‌റിയന്‍ വിഭാഗത്തില്‍പ്പെട്ട മദര്‍ ഒല്‍ഗയ്ക്ക് ആരാധനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ബോസ്റ്റണില്‍ ലഭ്യമായിരുന്നില്ല. ഇതിനാല്‍ മദര്‍ ഒല്‍ഗ റോമന്‍ കത്തോലിക്ക സഭയിലേക്ക് ചേര്‍ന്നു. ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ക്യാമ്പസ് മിനിസ്ട്രിയില്‍ നേതൃത്വം വഹിക്കുവാന്‍ മദര്‍ ഒല്‍ഗയെ സഭ തെരഞ്ഞെടുത്തു. തന്റെ പഠനം പൂര്‍ത്തിയാക്കിയ മദര്‍ ഒല്‍ഗ സ്വന്തം രാജ്യത്തേക്ക് മടങ്ങുവാന്‍ ഒരുങ്ങി. എന്നാല്‍ കര്‍ദിനാള്‍ സിയാന്‍ ഓമാലി മദറിനെ പുതിയ ഒരു കോണ്‍ഗ്രിഗേഷന്‍ ബോസ്റ്റണ്‍ ആസ്ഥാനമായി സ്ഥാപിക്കുവാന്‍ ക്ഷണിച്ചു.
2011-ല്‍ മദര്‍ ഒല്‍ഗ 'ദ ഡോട്ടേഴ്‌സ് ഓഫ് മേരി ഓഫ് നസറേത്ത്' എന്ന കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇറാഖിനെ നശിപ്പിച്ചത് അത് ഏര്‍പ്പെട്ട വിവിധ യുദ്ധങ്ങളാണെന്നും രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ മറ്റുള്ളവര്‍ കടന്നു കയറുന്നതും പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നതായും മദര്‍ ഒല്‍ഗ പറയുന്നു. ഇറാഖികളെ മറ്റു രാജ്യത്തു നിന്നുമെത്തുന്ന പലരും തലച്ചോറില്‍ വിഷം കുത്തിവച്ച് മയക്കുകയാണ്. അങ്ങനെയാണ് അവിടെയുള്ള മുസ്ലീങ്ങള്‍ക്ക് ക്രൈസ്തവരെ കൊല്ലുവാന്‍ സാധിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ ക്ഷമയോടെ ഇതിനെ നേരിടണമെന്നും എല്ലാ കാലത്തും സഭയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും മദര്‍ ഒല്‍ഗ യാക്കൂബ് പറയുന്നു.