Faith And Reason - 2024
വിശുദ്ധ നാട്ടിലെ മലയാളികളുടെ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
പ്രവാചകശബ്ദം 21-06-2022 - Tuesday
ജെറുസലേം: വിശുദ്ധ നാട്ടില്‍ മലയാളി സമൂഹം നടത്തിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്. ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് അഭയാര്‍ത്ഥി സമൂഹത്തിന്റെ സഹകരണത്തോടെ നടത്തിയ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം മലയാളി സമൂഹത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. തിരുനാളിനോട് അനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും അതിന് ശേഷമുള്ള ഒത്തുചേരലിലും നിരവധി പേരാണ് പങ്കെടുത്തത്. അഭയാര്‍ത്ഥികള്‍ക്കുള്ള വികാരിയത്തും, ഭാരതത്തില്‍ നിന്നുള്ള വൈദികരും വളരെ വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ച തിരുനാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷ രാത്രിയായി മാറുകയായിരുന്നു.
ജൂണ്‍ 17 വെള്ളിയാഴ്ച ടെല്‍ അവീവിന്റെ തെക്ക് ഭാഗത്തുള്ള ‘ഔര്‍ ലേഡി വുമണ്‍ ഓഫ് വാലോര്‍’ ദേവാലയത്തില്‍ സംഘടിപ്പിച്ച തിരുനാള്‍ ആഘോഷത്തിലും, വിശുദ്ധ കുര്‍ബാനയിലും ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മലയാളികളുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണെന്ന് പോസ്റ്റില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനക്ക് ശേഷം തൊട്ടടുത്തുള്ള സെന്റ് ജോസഫ് പാസ്റ്ററല്‍ സെന്ററില്‍ നിന്നും പ്രദിക്ഷിണവും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. കേരളീയ തനിമയോടെ സാരി ധരിച്ചും കിരീടം ധരിച്ചുമാണ് പ്രദിക്ഷണത്തില്‍ നിരവധി സ്ത്രീകള്‍ അണിചേര്‍ന്നത്. ജെറുസലേമിലും, ജാഫയിലും ബെത്ലഹേമിലും തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി.
ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് മോണ്‍. പിയര്‍ബാറ്റിസ്റ്റ പിസബെല്ല, മോണ്‍. ഗിയാസിന്റോ-ബൌലോസ് മാര്‍ക്കൂസോ, ജെറുസലേമിലെ ബെല്‍ജിയന്‍ കോണ്‍സല്‍ ജനറല്‍ തുടങ്ങിയ പ്രമുഖര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ നാട്ടില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന് വര്‍ഷങ്ങളായി പ്രത്യേക പ്രാധാന്യമുണ്ട്. 1917-ലെ ആംഗ്ലോ-ടര്‍ക്കിഷ് യുദ്ധത്തിനിടയില്‍ തടവിലാക്കപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം അപേക്ഷിച്ചതിനെ തുടര്‍ന്നു അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. 1929-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പയാണ് വിശുദ്ധ അന്തോണീസിനെ കസ്റ്റഡി ഓഫ് ദി ഹോളിലാന്‍ഡിന്റെ മാധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചത്.