Arts

തടികൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കന്യകാമറിയത്തിന്റെ രൂപം ജപ്പാനിൽ അനാച്ഛാദനത്തിന് ഒരുങ്ങുന്നു

പ്രവാചകശബ്ദം 26-06-2022 - Sunday

നാഗസാക്കി: തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ഏഷ്യൻ രാജ്യമായ ജപ്പാനിൽ അനാവരണം നടത്താനായി ഒരുങ്ങുന്നു. 88 വയസ്സുള്ള നാഗസാക്കി സ്വദേശിയായ ഈജി ഒയമാറ്റ്സുവാണ് 10 മീറ്റർ ഉയരമുള്ള ശില്പത്തിന്റെ നിർമ്മാതാവ്. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നില്ക്കുന്ന ശില്പത്തിന്റെ അനാവരണം ജൂൺ അവസാനം നടക്കുമെന്ന് അസാഹി ഷിംബുൻ എന്ന ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. നാഗസാക്കിയിൽ പതിനേഴാം നൂറ്റാണ്ടിൽ രക്തസാക്ഷികളായി മാറിയ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ സ്മരണാർത്ഥമാണ് രൂപം നിർമ്മിക്കുന്നത്. കടുത്ത നികുതിക്കെതിരെയും, അധികൃതരുടെ അതിക്രമങ്ങൾക്കെതിരെയും പ്രതികരിച്ചതിന്റെ പേരിൽ പതിനേഴാം നൂറ്റാണ്ടിൽ മുപ്പത്തിയേഴായിരത്തോളം ക്രൈസ്തവ വിശ്വാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഇതോടുകൂടി ക്രൈസ്തവ വിശ്വാസത്തിനു തന്നെ ജപ്പാനിൽ താൽക്കാലികമായി അന്ത്യം കുറിക്കപ്പെട്ടു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ക്രൈസ്തവ വിശ്വാസം രാജ്യത്ത് പ്രചരിക്കാൻ വീണ്ടും ആരംഭിക്കുന്നത്. നാഗസാക്കിയിലെ സഭ വാങ്ങിയ സ്ഥലത്ത് ഈജി ഒയമാറ്റ്സു ആരംഭിച്ച നിർമ്മാണത്തിന് പിന്നീട് സംഘടന രൂപീകരിച്ച് മറ്റ് നിരവധി പേർ പിന്തുണ നൽകി. സൈന്യത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ക്രൈസ്തവ വിശ്വാസികൾ ഒളിച്ചിരുന്ന ലോകപൈതൃകപട്ടികയിലുള്ള ഹാരാ കാസിൽ 1971ൽ സന്ദർശിച്ചപ്പോൾ മരിച്ചവരുടെ സ്മരണാർത്ഥം ഒന്നും അവിടെ കണ്ടില്ലെന്നും, ഇക്കാരണത്താലാണ് ശിൽപം നിർമിക്കാൻ തീരുമാനിച്ചതെന്നും ഈജി പറഞ്ഞു.

സെന്റ് മേരി കന്നോൺ ഓഫ് ഹാരാ കാസിൽ എന്നാണ് അദ്ദേഹം ശില്പത്തിന് പേരിട്ടിരിക്കുന്നത്. 1981ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ നാഗസാക്കി സന്ദർശനത്തിന് ശേഷമാണ് ഈജി ഒയമാറ്റ്സു ശില്പത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അന്ന് പാപ്പയ്ക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ചെറിയ ശിൽപം സമ്മാനിക്കാൻ അദ്ദേഹത്തിനായി. ജോൺ പോൾ മാർപാപ്പ നിർമ്മാണത്തിന് പ്രാർത്ഥന വാഗ്ദാനം ചെയ്തു കത്തെഴുതിയതാണ് ഈജിക്ക് നിർമ്മാണം ആരംഭിക്കാൻ ഏറ്റവും പ്രചോദനമായി മാറിയത്. 2023 മാർച്ച് മാസം പൊതുജനങ്ങൾക്ക് വേണ്ടി ശിൽപം പ്രദര്‍ശനത്തിന് തുറന്നു നൽകും.


Related Articles »