News - 2024

കാഴ്ച്ചയ്ക്കു കൗതുകമായി ക്രിസ്തുവിന്റെ കഥ വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഡിസംബറില്‍ എത്തും

സ്വന്തം ലേഖകന്‍ 11-07-2016 - Monday

ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ കഥകളും എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും എന്നും പരാമര്‍ശവിഷയമായ ഒന്നാണ്. സിനിമയെന്ന കല തിരശീലകളില്‍ അരങ്ങേറിയ കാലം മുതല്‍ തന്നെ ക്രിസ്തുവിന്റെ ജീവിതവും വെള്ളിത്തിരയുടെ ഭാഗമായിട്ടുണ്ട്. നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറുന്ന സിനിമയിലും കാഴ്ച്ചകാര്‍ക്ക് സുപരിചിതനായ ക്രിസ്തുവിന്റെ വേഷങ്ങള്‍ പതിനായിരങ്ങളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുകയാണ്. വിര്‍ച്വല്‍ റിയാലിറ്റി എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രിസ്തു ജീവിതം ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

'ജീസസ്-വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' (JESUS-VR-THE STORY OF CHRIST) എന്ന പേരിലാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവോടെ പുതിയ ക്രിസ്തു ചിത്രം എത്തുന്നത്. വി.ആര്‍ ഹെഡ്സെറ്റുകള്‍ വഴി വീക്ഷിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയില്‍ കൂടുതലായും മൊബൈല്‍ ഗെയിമുകളും ഗ്രാഫിക്‌സ് മികവോടെ ഇറങ്ങുന്ന ചില ആക്ഷന്‍ ചലച്ചിത്രങ്ങളുമാണ് ഇതുവരെ അരങ്ങ് വാണിരുന്നത്. കാഴ്ചക്കാരനേ കൂടി ത്രിമാന തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന തരം സാങ്കേതിക സംവിധാനമാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ പ്രത്യേകത.

360 ഡിഗ്രി ത്രിമാന കാഴ്ചകള്‍ സാധ്യമാകുന്ന പുതിയ സിനിമയില്‍ മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ പോലെയുള്ള സീനുകള്‍ പ്രതീക്ഷിക്കാം. പുതിയ ചിത്രത്തില്‍ ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി അഭിനയിച്ച ജിം കാവീസില്‍ ആയിരിക്കില്ലയെന്നാണു അഭ്യൂഹങ്ങള്‍. ഡേവിഡ് ഹാന്‍സണാണ് സിനിമയുടെ സംവിധായകന്‍. ഇറ്റലിയിലെ പുരാതന ഗ്രാമമായ മറ്റീരയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.


Related Articles »