ഒരു റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ ദൈവം തന്റെ പരിശുദ്ധ സഭയെ ഭരിക്കുവാന്‍ തിരഞ്ഞെടുത്തു. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ കാരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. 314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിക്കുകയും, വിശുദ്ധ സില്‍വെസ്റ്റര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. റോമന്‍ സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, നിക്കായാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്. പീറ്റര്‍ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകള്‍ക്ക് മുകളില്‍ അനേകം സെമിത്തേരി പള്ളികളും ഇതില്‍ പ്പെടുന്നു. ഇവയുടെ നിര്‍മ്മിതിയില്‍ വിശുദ്ധ സില്‍വെസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഒരു സുഹൃത്തായിരുന്നു. 325-ല്‍ ഇദ്ദേഹം നിക്കയ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധന്‍ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം വന്ന "സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ" എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം. റോമന്‍ സംഗീത സ്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബര്‍ 31ന് മരണമടയുമ്പോള്‍ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്.
ഇദ്ദേഹത്തിന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാടകീയമായ പല ഐതിഹ്യങ്ങളും കേള്‍ക്കുവാനുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ കുഷ്ഠരോഗത്തില്‍ നിന്നും വിമുക്തനാക്കിയതും, ശ്വസിക്കുമ്പോള്‍ വിഷം വമിക്കുന്ന ഭീകര സത്വത്തെ വധിച്ചതും ഇതില്‍ ചിലത് മാത്രം. മാമോദീസയുടെ ശക്തിയേയും, വിഗ്രാഹാരാധനക്ക് മേല്‍ ക്രിസ്തുമതത്തിന്റെ വിജയത്തേയും വരച്ച്കാട്ടുകമാത്രമാണ് ഇത്തരം ഐതിഹ്യങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. സഭാകാര്യാലയ കുറിപ്പുകള്‍ പ്രകാരം ഇദ്ദേഹം ആഴ്ചദിവസങ്ങളെ 'ഫേരിയ' എന്നാണ് വിളിച്ചിരുന്നത്. കാരണം ഒരു ക്രിസ്ത്യാനിക്ക് എല്ലാ ദിവസവും 'സ്വതന്ത്രത്തിന്റെ ദിവസങ്ങളാണ്" (ഈ പദം ഇന്നും നിലനില്‍ക്കുന്നു. ഇപ്രകാരം നോക്കുമ്പോള്‍ തിങ്കളാഴ്ചയെ ഫേരിയ സെക്കുണ്ട (Feria Secunda) എന്ന് പറയുന്നു)