Arts - 2024

50 മീറ്റർ ഉയരമുള്ള കുരിശ്, 40 മീറ്റർ ഉയരത്തില്‍ മാതാവ്; ബ്രസീലിലെ പുതിയ തീര്‍ത്ഥാടന കേന്ദ്രം ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 21-07-2022 - Thursday

സാവോപ്പോളോ: ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്ത് തുറന്ന പുതിയ തീർത്ഥാടന കേന്ദ്രം ആഗോള ശ്രദ്ധ നേടുന്നു. 50 മീറ്റർ ഉയരമുള്ള കുരിശും 40 മീറ്റർ ഉയരവും 300 ടൺ ഭാരവും ഉള്ള ലൂർദ് മാതാവിന്റെ കൂറ്റൻ രൂപവും അടക്കം അനേകം പ്രത്യേകതകളാണ് തീർത്ഥാടന കേന്ദ്രത്തിന് ഉള്ളത്. ഔർ ലേഡി ഓഫ് ലൂർദ്ദ്സ് ആൻഡ് പ്രൈസ് എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രം ജൂലൈ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് കൂദാശ ചെയ്തത്. റിയോ ഡു സുൾ മെത്രാൻ മോൻസിഞ്ഞോർ ഒനേകിമോ ആൽബേർട്ടൺ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് നടത്തി. പ്രദേശത്തെ രാഷ്ട്രീയ നേതാക്കന്മാരും, ഉദ്യോഗസ്ഥരും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. കൂറ്റന്‍ മരിയന്‍ രൂപത്തിന്റെ താഴ്ഭാഗത്തായി 120 ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന ഒരു ചാപ്പലും ഒരുക്കിയിട്ടുണ്ട്. മലമുകളിൽ സ്ഥാപിതമായിരിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക്, പടികൾ ചവിട്ടിയും, അതല്ലെങ്കിൽ വാഹനത്തിലും വിശ്വാസികൾക്ക് എത്തിച്ചേരാൻ സാധിക്കും.

തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കവാട ഭാഗത്തായി 40 മീറ്റർ ഉയരത്തിലാണ് ജപമാല തൂക്കിയിട്ടിരിക്കുന്നത്. ഇതിനുശേഷം 12 അപ്പസ്തോലന്മാരുടെ ചെറിയ രൂപങ്ങളും തീർത്ഥാടന വഴിയിൽ ദൃശ്യമാണ്. ലൂർദ് പ്രത്യക്ഷീകരണം ദർശിച്ച വിശുദ്ധ ബർണദീത്തയുടെ 12 മീറ്റർ ഉയരമുള്ള ഒരു രൂപം മാതാവിന്റെ രൂപത്തിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നു. ലൂർദ് മാതാവിന്റെ രൂപത്തിന് അടുത്തായി 50 മീറ്റർ ഉയരമുള്ള ഒരു കുരിശും ഉണ്ട്. ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശിന്റെ 35 മീറ്റർ ഉയരത്തിൽ എത്തി സമീപപ്രദേശങ്ങൾ കാണാൻ തീർത്ഥാടകർക്ക് സാധിക്കും. ലൂർദ് മാതാവിന്റെ ഭക്തനായ ബിസിനസുകാരൻ സിൽവിയോ പ്രിം ആണ് തീർത്ഥാടന കേന്ദ്രത്തിന്റെ അണിയറ ശില്പി.


Related Articles »