News
മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുത്തതിൽ ക്രൈസ്തവ വിശ്വാസത്തിനും പങ്ക്: കാനഡയില്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
പ്രവാചകശബ്ദം 28-07-2022 - Thursday
ക്യൂബെക്ക്: മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിൽ ക്രൈസ്തവ വിശ്വാസം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അതോടൊപ്പം, തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതും, തദ്ദേശീയ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും പ്രധാനപ്പെട്ടതാണെന്നും ഫ്രാന്‍സിസ് പാപ്പ. കാനഡയിലെ ക്യൂബെക്ക് നഗരത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, സിവിൽ അധികാരികള്‍, തദ്ദേശീയ ജനതയുടെ പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ നല്‍കിയ സ്വീകരണ ശേഷം അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. പരിതാപകരമായ റസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തിൽ, അന്നത്തെ സർക്കാരിന്റെ അധികാരികൾ പ്രോത്സാഹിപ്പിച്ചതിലൂടെ, നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തുന്നതിൽ കത്തോലിക്ക സ്ഥാപനങ്ങളും ഉള്‍പ്പെട്ടുവെന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പാപ്പ പറഞ്ഞു.
തദ്ദേശീയരുമായി സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം പുതുക്കുവാനും, നിർഭാഗ്യവശാൽ ഉണ്ടായ മുറിവുകളെ മനസ്സിലാക്കാനും സുഖപ്പെടുത്താനുമാണ് സഭ ആഗ്രഹിക്കുന്നത്. മുൻപ് റോമിൽ വച്ച് തദ്ദേശീയജനതകളുടെ പ്രതിനിധികളെ കാണാനായതിലും ഇപ്പോൾ കാനഡയിലെത്തി ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുന്നതിലും പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയാൽ നയിക്കപ്പെട്ട്, എല്ലാ കാനഡക്കാർക്കുമൊപ്പം, സത്യത്തിലും നീതിയിലും, സൗഖ്യത്തിനും അനുരഞ്ജനത്തിനും വേണ്ടി സാഹോദര്യത്തിന്റെയും ക്ഷമയുടെയും ഒരു പാതയിലൂടെ സഞ്ചരിക്കാൻ തദ്ദേശീയരുടെ കൂടെ ചിലവഴിച്ച സമയം, തന്നിൽ പ്രേരണ ഉളവാക്കിയെന്ന് പാപ്പ എടുത്തുപറഞ്ഞു.
ഇന്നാകട്ടെ, ജനങ്ങളുടെ മൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട്, മതപരവും സാംസ്കാരികവുമായ വേരുകളെ പിഴുതുകളയാൻ ശ്രമിക്കുന്ന മനോഭാവം നിലനിൽക്കുന്നുണ്ട്. ചരിത്രത്തിലെ ഇരുണ്ട താളുകൾ മറികടന്നുവെന്ന് ഭാവിച്ച്, വ്യത്യസ്തതകളെ നിലനിൽക്കാൻ അനുവദിക്കാത്ത, എല്ലാം ഒരുപോലെയാക്കാൻ ശ്രമിക്കുന്ന ഒരു 'ഇല്ലാതാക്കൽ സംസ്കാരത്തിന്' വഴികൊടുക്കുന്ന മനോഭാവമാണിത്. ലോകത്തെ ശത്രുക്കളും മിത്രങ്ങളുമായി വിഭജിക്കേണ്ട കാര്യമില്ല. സമാധാനവും സുരക്ഷയും കൊണ്ടുവരുന്നത് യുദ്ധോപകരണങ്ങളോ പ്രതിരോധ തന്ത്രങ്ങളോ ആയിരിക്കില്ല. യുദ്ധങ്ങൾ എങ്ങനെ തുടരണം എന്നതിനേക്കാൾ അവ എങ്ങനെ അവസാനിപ്പിക്കണം എന്നാണ് നാം ചോദിക്കേണ്ടത്. ദീർഘവീക്ഷണമുള്ള നയങ്ങളാണ് ഇന്ന് നമുക്ക് ആവശ്യമെന്നും പാപ്പ പറഞ്ഞു.
കാനഡ സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനമായ ഇന്നു ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം നോട്രഡാം കത്തീഡ്രലിൽ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക