News

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതു സംബന്ധിച്ച് മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ്

സ്വന്തം ലേഖകന്‍ 13-07-2016 - Wednesday

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ വൈദികര്‍ കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞു നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി. ഇതു സംബന്ധിച്ച് വത്തിക്കാന്‍ ആരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ നടത്തിയ ചില പ്രസ്താവനകള്‍ ആശയകുഴപ്പത്തിലാക്കിയ സാഹചര്യത്തിലാണ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി വത്തിക്കാന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ലണ്ടനില്‍ നടന്ന ആരാധന സമിതിയുടെ സെമിനാറില്‍, ആഗമനകാലത്തെ ആദ്യ ഞായറാഴ്ച മുതല്‍ വൈദികര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് കുര്‍ബാന അര്‍പ്പിക്കണമെന്നാണ് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ വൈദികരോടും ബിഷപ്പുമാരോടും പറഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച് കര്‍ദിനാളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ചകള്‍ നടത്തിയെന്നും പുതിയ ഒരു മാറ്റവും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.

"കര്‍ദിനാള്‍ റോബര്‍ട്ട് സാറാ, വിശുദ്ധ കുര്‍ബാനയും ആരാധന രീതികളും സംബന്ധിച്ച വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെ മാത്രം പ്രതികരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ആളുകളുടെ ഇടയില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുവാന്‍ ഇടയായിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഉദ്ദേശിച്ച വിഷയം കൃത്യമായി മനസിലാക്കാതെയാണ് ഇതില്‍ ചില കോണുകളില്‍ നിന്നും പ്രതികരണം വരുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ച് റോമന്‍ കത്തോലിക്ക വിശ്വാസപ്രമാണങ്ങള്‍ അനുശാസിക്കുന്ന ഒരു കാര്യങ്ങള്‍ക്കും മാറ്റം വന്നിട്ടില്ലെന്ന് ഈ സമയം ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു". ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.

ആരാധന സമിതിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് പാപ്പ, പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്ത് പ്രാബല്യത്തില്‍ വന്ന കുര്‍ബാന രീതികളാണ് പിന്‍തുടരേണ്ടതെന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചതായും വത്തിക്കാന്‍ വക്താവ് തന്റെ പ്രതികരണത്തില്‍ അറിയിച്ചു. കര്‍ദിനാള്‍ സാറായുടെ പുതിയ പ്രതികരണങ്ങളെ "പരിഷ്‌കാരം" എന്ന വാക്കിനാല്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ഒരു പുതിയ പരിഷ്‌കാരങ്ങളും കുര്‍ബാനയില്‍ കൊണ്ടുവരണമെന്ന് കര്‍ദിനാള്‍ സാറാ പറഞ്ഞിട്ടില്ലെന്നും ഫാദര്‍ ലൊംബാര്‍ഡി അറിയിച്ചു.

കര്‍ദിനാള്‍ റോബര്‍ട്ട് സാറായുടെ വാക്കുകള്‍ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ഇപ്പോഴത്തെ തെറ്റിധാരണകള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരാധന രീതികള്‍ സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎസ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അസോസിയേറ്റ് ഡയറക്ടറും സഭയുടെ ആരാധന രീതികളെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഫാദര്‍ ആന്‍ഡ്രൂ മെന്‍കി പ്രതികരിച്ചത് ഇങ്ങനെയാണ്, "കര്‍ദിനാള്‍ സാറാ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവിനെ സഭ വിലക്കിയിട്ടില്ല. അതേ സമയം നിര്‍ബന്ധമായും അങ്ങനെ ചെയ്യണമെന്നു സഭ നിഷ്‌കര്‍ഷിക്കുന്നുമില്ല. കര്‍ദിനാള്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്". പുരോഹിതര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടുമായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് നേരത്തെ രംഗത്ത് വന്നിരിന്നു.


Related Articles »