News - 2025
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയാന്‍ ഇറാഖില്‍ നിന്ന്‍ 200 അംഗ സംഘം ക്രാക്കോവിലേക്ക്
സ്വന്തം ലേഖകന്‍ 13-07-2016 - Wednesday
ബാഗ്ദാദ്: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ ഇരുന്നൂറോളം ഇറാഖി യുവജനങ്ങള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുമ്പില്‍ 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ക്രിസ്തു സംസാരിച്ചിരിന്ന അറമായ ഭാഷയില്‍ ചൊല്ലും. കല്‍ദായന്‍ ബിഷപ്പായ ബേസല്‍ സലീം യല്‍ദോയും ഇര്‍ബില്‍ കല്‍ദയ അതിരൂപതയുടെ മെത്രാനായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ധായും പോളണ്ടിലേ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് 'എജെന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
"ഇറാഖികളായ ഞങ്ങള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമായി ഇതിനെ ഞങ്ങള്‍ കണക്കാക്കുന്നു. ആഗോള സഭയുടെ ഭാഗമായി ഞങ്ങളും ക്രിസ്തുവിലുള്ള വിശ്വാസത്തെ വേദിയില്‍ പരസ്യമായി പങ്കുവയ്ക്കും. വലിയ അംഗീകാരമാണ് ഇത്". ബിഷപ്പ് ബേസല്‍ സലീം യല്‍ദോ പറഞ്ഞു. ബാഗ്ദാദ്, ഇര്‍ബില്‍, കിര്‍ക്കുക് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളും ഇറാഖി കുര്‍ദിസ്ഥാനില്‍ താമസിക്കുന്ന യുവജനങ്ങളുമാണ് ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടിലേക്ക് പോകുന്നത്. ജൂലൈ 19-ാം തീയതി യാത്രയ്ക്കു മുമ്പ് യുവാക്കള്‍ എല്ലാവരും ഒത്തുകൂടുകയും ലോകയുവജന സമ്മേളനത്തിന്റെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിനായി ഇറാഖില്‍ വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്നു 'എജെന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന ദുഃഖങ്ങളുടേയും ദുരിതങ്ങളുടേയും നടുവിലും ആഴമായ വിശ്വാസത്തില്‍ തുടരുവാന്‍ സഹായിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്ന്‍ ബിഷപ്പ് ബേസല്‍ സലീം പറഞ്ഞു. യുദ്ധത്തിന്റെയും ഭീഷണികളുടെയും നടുവിലും മാതൃരാജ്യം ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാകുവാനോ പലായനം ചെയ്യുവാനോ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും സഹനങ്ങളിലൂടെ മാത്രമേ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി രൂപം കൊള്ളുകയുള്ളുവെന്നും ഇറാഖിലെ യുവജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
