News - 2025
ഏഷ്യൻ മെത്രാന്മാരുടെ അന്‍പതാം പൊതു സമ്മേളനം 22 മുതല്‍
പ്രവാചകശബ്ദം 19-08-2022 - Friday
ബാങ്കോക്ക്: മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ പ്രവർത്തനങ്ങളുടെ ദിശ നിർണ്ണയിക്കുക എന്ന ലക്ഷ്യത്തോടെ, ഏഷ്യയിലെ മെത്രാന്മാരുടെ സംഘടനയുടെ അന്‍പതാം സമ്മേളനം ആഗസ്റ്റ് 22ന് ആരംഭിക്കും. തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള വാഴ്ത്തപ്പെട്ട നിക്കോളാസ് ബങ്കർഡ് കിറ്റ്ബാംരുങ്ങിന്റെ ദേവാലയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ഏഷ്യൻ മെത്രാന്മാരുടെ സംയുക്ത സമിതിയുടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമ്മേളനം കത്തോലിക്ക വാർത്ത ഏജൻസികളുടെയും സാമൂഹ്യ മാധ്യമങ്ങളുടെ പേജുകളിലും തത്സമയം ലഭ്യമാക്കും. 1970-ൽ പോൾ ആറാമൻ പാപ്പയുടെ മനില സന്ദർശന സമയത്താണ് ഏഷ്യയിലെ മെത്രാന്മാർ ആദ്യമായി ഒരുമിച്ച്കൂടിയത്. ഈ അവസരത്തിലാണ് ഏഷ്യയിലെ മെത്രാ൯ സമിതികളുടെ സംഘടന സ്ഥാപിതമായത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്‌മ ശക്തിപ്പെടുത്താനും 'ഏഷ്യയിലെ സഭ' എന്നതിന്റെ അർത്ഥം പ്രകടിപ്പിക്കാനുമുള്ള ആഗ്രഹത്തിന് ഈ കൂടിക്കാഴ്ച പ്രചോദനമാകുകയായിരിന്നു. ആഗസ്റ്റ് 22-നു നടത്തുന്ന ഉദ്ഘാടനത്തിന് ശേഷം നടക്കാനിരിക്കുന്ന ആദ്യത്തെ ജനറൽ സമ്മേളനത്തിനു ഒരുക്കമായി വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. FABC 50-ന് വേണ്ടി തയ്യാറാക്കിയ പ്രാർത്ഥന വിവിധ ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭാരതത്തില്‍ നിന്നുള്ള സിബിസിഐ അടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് (എഫ്എബിഎസ്) കോണ്‍ഫറന്‍സില്‍ അംഗത്വമുണ്ട്. :
.