Youth Zone - 2024

'ലിറ്റിൽ ഡീമൺ'; കുട്ടികളെ സ്വാധീനിക്കുന്ന പൈശാചിക ആനിമേഷൻ പരമ്പരയുമായി ഡിസ്നി

പ്രവാചകശബ്ദം 06-09-2022 - Tuesday

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ-വിനോദ കമ്പനിയായ ഡിസ്നി പുതിയതായി നിർമ്മിച്ച് എഫ്എക്സ് ടെലവിഷൻ നെറ്റ്‌വര്‍ക്ക്‌ വഴി കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ലിറ്റിൽ ഡീമൺ എന്ന ആനിമേഷൻ പരമ്പര വിവാദത്തില്‍. സാത്താന്റെ കൗമാരക്കാരിയായ മകളുടെ ജീവിതമാണ് ആനിമേഷൻ പരമ്പരയുടെ ഇതിവൃത്തം. 13 വർഷം സാത്താന്റെ വലയത്തിൽ കഴിഞ്ഞതിനുശേഷം, ലൗറ എന്നൊരു അമ്മയും, ക്രിസ്തു വിരുദ്ധ മനോഭാവമുള്ള ക്രിസി എന്ന മകളും ഡെലവയർ സംസ്ഥാനത്ത് സാധാരണ ജീവിതം നയിക്കാനായി എത്തുന്നു എന്ന ആമുഖത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

എന്നാൽ സാത്താനിക ശക്തികൾ അവരുടെ ജീവിതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. സാത്താന് തന്റെ മകളെ തിരികെ ലഭിക്കണമെന്ന വിധത്തിലാണ് പരമ്പര നീങ്ങുന്നത്. അർനോൾഡ് ഷ്വാർസനഗർ അടക്കമുള്ള പ്രശസ്ത താരങ്ങളും പരമ്പരയുടെ ഭാഗമാണ്. നഗ്നമായ കാർട്ടൂൺ രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽജിബിടി ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നിർമിക്കുന്നതിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ സ്ട്രീമിംഗ് കമ്പനിയാണ് ഡിസ്നി. സ്വവർഗാനുരാഗിയായ സ്പൈഡർമാന്റെ കഥ പുറത്തിറക്കുമെന്ന് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള മാർവൽ കോമിക്സ് ജൂൺ മാസം പ്രഖ്യാപനം നടത്തിയത് പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു.

ഭ്രൂണഹത്യയ്ക്കു ഭരണഘടനാപരമായ അനുമതി നല്‍കിയ 1973ലെ റോ വെസ് വേഡ് കേസിലെ വിധി അടുത്തിടെ അമേരിക്കൻ സുപ്രീം കോടതി അസാധുവാക്കിയതിനു ശേഷം ഏതെങ്കിലും സംസ്ഥാനത്ത് ഭ്രൂണഹത്യ ചെയ്യാൻ സാധിക്കാതെ മറ്റൊരു സംസ്ഥാനത്തേക്ക് ഈ ആവശ്യത്തിനുവേണ്ടി പോകുന്ന ജോലിക്കാരുടെ യാത്രയ്ക്കു വേണ്ടിയുള്ള പണം നൽകാമെന്ന് പ്രഖ്യാപനം നടത്തിയ കമ്പനികളിൽ ഡിസ്നിയും ഉള്‍പ്പെട്ടിരിന്നു. ക്രിസ്തീയ വിരുദ്ധ ഉള്ളടക്കങ്ങളുടെ പേരില്‍ ഡിസ്നി നിരവധി തവണ വിവാദത്തിലായിട്ടുണ്ട്.


Related Articles »