News - 2025

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയും

പ്രവാചകശബ്ദം 17-09-2022 - Saturday

വത്തിക്കാൻ സിറ്റി: എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി മുതിർന്ന വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ അധ്യക്ഷയായിരിന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8-ന് തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ചാണ് അന്തരിച്ചത്. ബ്രിട്ടീഷ് രാജാവെന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക സഭയിൽ നിന്ന് വേർപിരിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷ കൂടിയായിരിന്നു അവർ. രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. പേപ്പൽ പ്രതിനിധികൾക്ക് പുറമേ ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും.

അറുപത്തിയെട്ടുകാരനായ ആർച്ച്‌ ബിഷപ്പ് ഗല്ലാഘർ ഒരു ബ്രിട്ടീഷ് പൗരനാണ്. ലിവർപൂളിൽ ജനിച്ച അദ്ദേഹം 1984 മുതൽ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്. 2012 മുതൽ 2014 വരെ കോമൺവെൽത്ത് രാജ്യമായ ഓസ്‌ട്രേലിയയിൽ അപ്പസ്‌തോലിക് ന്യൂൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരുന്നു. 2014 മുതൽ, ആർച്ച് ബിഷപ്പ് ഗല്ലഗെർ, പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധമുള്ള വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വരികയാണ്. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലേക്കു വിവിധ പര്യടന ദൗത്യങ്ങളും അദ്ദേഹം നടത്തിയിരിന്നു.


Related Articles »