Faith And Reason

മൂന്നു വര്‍ഷങ്ങള്‍ക്കു ഒടുവില്‍ വ്യാകുല മാതാവിന്റെ സിറിയന്‍ പര്യടനത്തിന് പരിസമാപ്തി

പ്രവാചകശബ്ദം 20-09-2022 - Tuesday

ഹോംസ്: നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 'സിറിയന്‍ ജനതയുടെ ആശ്വാസദായിക'യായ വ്യാകുലമാതാവിന്റെ സിറിയന്‍ പര്യടനത്തിന് വിജയകരമായ പരിസമാപ്തി. സിറിയന്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ യുദ്ധക്കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ഹോംസ് പട്ടണത്തില്‍ വ്യാകുല മാതാവിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 15-ന് നടത്തിയ പ്രദിക്ഷണത്തിനൊടുവിലാണ് പര്യടനത്തിന് സമാപനമായത്. സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ ആരംഭിച്ച “എന്റെ ജനതയെ ആശ്വസിപ്പിക്കൂ” എന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ 15-ന് പാപ്പ തന്നെ വെഞ്ചരിച്ചയച്ച ‘വ്യാകുലമാതാവ്; സിറിയന്‍ ജനതയുടെ ആശ്വാസദായിക’ എന്ന മരിയന്‍ രൂപം സിറിയയിലെ മുപ്പത്തിനാലോളം കത്തോലിക്ക, ഓര്‍ത്തഡോക്സ് രൂപതകളിലൂടെ നടത്തിയ പര്യടനത്തിനാണ് പരിസമാപ്തിയായത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആണ് പര്യടനത്തിന്റെ സംഘാടകര്‍.

അല്‍ സിന്നാറിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിച്ച ഔദ്യോഗിക സമാപന ചടങ്ങ്, യുദ്ധത്തില്‍ തകര്‍ന്ന ശേഷം എ.സി.എന്നിന്റെ സഹായത്തോടെ പുനരുദ്ധരിച്ച ഔര്‍ ലേഡി ഓഫ് പീസ്‌ മെല്‍ക്കൈറ്റ് ദേവാലയത്തിലാണ് സമാപിച്ചത്. മെൽക്കൈറ്റ് ആർച്ച് ബിഷപ്പ് ജീൻ-അബ്ദോ അർബാക്ക്, സിറിയന്‍ ഓർത്തഡോക്സ് മെത്രാപ്പോലീത്ത തിമോത്തിയോസ് അൽഖൂറി, ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്ത ജോർജ്ജ് അബു സാഖേം, സിറിയന്‍ കത്തോലിക്ക മെത്രാപ്പോലീത്ത റാമി കബാലൻ, എ.സി.എന്നിനെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ്‌ പ്രസിഡന്റ് തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍, മധ്യപൂര്‍വ്വേഷ്യയിലെ മുന്‍ പ്രൊജക്റ്റ് ഡയറക്ടറും പര്യടനത്തിന്റെ ആശയവുമായി ആദ്യം മുന്നോട്ട് വരികയും ചെയ്ത ഫാ. ആന്‍ഡ്രസേജ് ഹാലെംബ, പര്യടനത്തിനുള്ള വ്യാകുലമാതാവിന്റെ രൂപരേഖ തയാറാക്കിയ ഫാ. സ്പിരിഡോണ്‍ കബ്ബാഷ് എന്നിവർക്ക് പുറമേ, വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട നിരവധി വിശ്വാസികളും സമാപന ചടങ്ങില്‍ പങ്കെടുത്തു.

സമാപനത്തിന്റെ തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 16-ന് ഈ രൂപം റാബ്ലെയിലെ സെന്റ്‌ എലീശ്വ ആശ്രമത്തില്‍ പ്രതിഷ്ഠിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ടാകര്‍മ്മത്തിനിടെ 2011-നും 2022-നും ഇടയില്‍ സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 1271 ക്രൈസ്തവരുടെ പേരുകള്‍ അടങ്ങിയ പുസ്തകം എ.സി.എന്‍ പ്രസിഡന്റ് മാതാവിന്റെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു. കൊറോണ പകര്‍ച്ചവ്യാധി കാരണം നിരവധി തവണ മാറ്റിവെക്കപ്പെട്ട സമാപന ചടങ്ങാണ് ഇപ്പോള്‍ നടന്നത്. ഇക്കാലയളവില്‍ ആലപ്പോയിലെ കാര്‍മ്മല്‍ ആശ്രമത്തിലായിരുന്നു ഈ രൂപം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പതിനൊന്നര വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സിറിയന്‍ യുദ്ധം 67 ലക്ഷം ജനങ്ങളെ ഭവനരഹിതരാക്കുകയും 66 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്.


Related Articles »