News - 2025
നീതി ഇനിയും അകലെ; ഹോങ്കോങ്ങ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്‍റെ വിചാരണ മാറ്റിവെച്ചു
പ്രവാചകശബ്ദം 22-09-2022 - Thursday
ഹോങ്കോങ്ങ്: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ ഈ ആഴ്ച നടക്കേണ്ടിയിരുന്ന വിചാരണ മാറ്റിവെച്ചു. ജഡ്ജിക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 19-ന് തുടങ്ങി സെപ്റ്റംബര്‍ 23-ന് അവസാനിക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റിവെച്ചിരിക്കുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ആരോപിച്ചിരിക്കുന്നത്.
കിരാത നടപടിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും, മുറിവേല്‍ക്കുകയും, ആക്രമിക്കപ്പെടുകയും, ഭീഷണിക്കിരയാവുകയും ചെയ്തവരെ സഹായിക്കുന്നതിനായി 2019 ജൂണിലാണ് '612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്' രൂപീകരിച്ചത്. 2021 മുതല്‍ ഈ ഫണ്ട് പ്രവര്‍ത്തിക്കുന്നില്ല. തൊണ്ണൂറു വയസ്സുള്ള കടുത്ത ജനാധിപത്യവാദിയായ കര്‍ദ്ദിനാള്‍ സെന്നിന് പുറമേ, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെനിസെ ഹോ, അഭിഭാഷക മാര്‍ഗരറ്റ് ഇങ്, പണ്ഡിതനായ ഹുയി പൊ-കെയൂങ്, സാമൂഹിക പ്രവര്‍ത്തകനായ സെ ചിങ്-വീ, മുന്‍ നിയമസാമാജികന്‍ സിഡ് ഹോ എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ അനന്തമായി നീളുകയാണ്.
ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങ്. കൂട്ടം ചേരുവാനുള്ള സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ ചില അടിസ്ഥാന മാനുഷിക അവകാശങ്ങളെ ഹോങ്കോങ്ങിന്റെ അടിസ്ഥാന നിയമം സംരക്ഷിക്കുന്നുണ്ട്. എങ്കിലും നഗരത്തിന് പുറത്തേക്ക് ഈ നിയമം ബാധകമല്ലെന്ന് മാത്രമല്ല, ചൈനീസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ 1,750 ഡോളര്‍ വരെ പിഴയോ, ജയില്‍ വാസമോ ലഭിക്കാം. എന്നാല്‍ 2020-ല്‍ പ്രാബല്യത്തില്‍ വരുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് വിചാരണ ചെയ്യുന്നതെങ്കില്‍ ഇതിലും കഠിനമായ ശിക്ഷ ലഭിക്കും. ‘വിദേശ കൂട്ട്കെട്ട്’ എന്ന് ചൈന തീരുമാനിക്കുന്നതെന്തും ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക