News - 2025
5 തലമുറയുടെ തുന്നല്‍ പാരമ്പര്യവുമായി വത്തിക്കാനിലെ ഡിറ്റ അനിബേലി ഗാമറേലി
സ്വന്തം ലേഖകന്‍ 16-07-2016 - Saturday
റോം: കഴിഞ്ഞ അഞ്ചു തലമുറകളില്‍പ്പെട്ട പാപ്പമാരുടെ തിരുവസ്ത്രങ്ങള്‍ തുന്നിയ പാരമ്പര്യമുള്ള ഒരു തയ്യല്‍ കട റോമില്‍ ഉണ്ട്. 'ഡിറ്റ അനിബേലി ഗാമറേലി' എന്നാണ് ആ തയ്യല്‍ കടയുടെ പേര്. തലമുറകളിലൂടെ കൈമാറി വന്ന ഒരു പരമ്പരാഗത തൊഴിലായി ഗാമറേലി കുടുംബം തിരുവസ്ത്രങ്ങള്‍ തുന്നുന്ന ജോലി ഇന്നും തുടരുന്നു. ഈ മാസം 12-ാം തീയതി കടയുടെ ചുമതലകള്‍ വഹിച്ചിരുന്ന ഗാമറേലി കുടുംബത്തിലെ അനിബേലി എന്നയാള്‍ അന്തരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മകന്‍ സ്റ്റീഫന്‍ പൗളോ സഹോദരീ പുത്രന്‍മാരായ മാക്‌സീമില്ലിയന്‍, ലോറന്‍സോ എന്നിവര്‍ കടയുടെ ചുമതലകള്‍ ഏറ്റെടുത്തു. ഗാമറേലി കുടുംബം തയ്യല്‍ക്കട തുടങ്ങിയ ശേഷം ആറാം തലമുറയിലേക്കാണ് കടയുടെ ചുമതല കൈമാറപ്പെടുന്നത്.
പിയൂസ് ആറാമന്‍ മാര്‍പാപ്പയായിരുന്ന കാലത്താണ് ഗിയോവാണി അന്റോണിയോ ഗാമറേലി എന്നയാളെ തിരുവസ്ത്രങ്ങള്‍ തുന്നുവാനുള്ള നിയോഗം ഏല്‍പ്പിച്ചത്. അങ്ങനെ 1798-ല്‍ ഗാമറേലി കുടുംബം തിരുവസ്ത്രങ്ങള്‍ തയിക്കുവാന്‍ തുടങ്ങി. ഗിയോവാണി അന്തരിച്ചപ്പോള്‍ ഈ കര്‍ത്തവ്യം അദ്ദേഹത്തിന്റെ മകന്‍ ഫിലിപ്പോ ഏറ്റെടുത്തു. പിന്നീട് ഫിലിപ്പോയുടെ മകന്‍ അനിബേലിയും ഇതേ ജോലി തുടര്‍ന്നു. 1874-ല്‍ റോമിലെ സാന്റാ ചിയാറയ്ക്കു സമീപത്തേക്ക് 'ഡിറ്റ അനിബേലി ഗാമറേലി' കട മാറ്റി സ്ഥാപിച്ചു. വത്തിക്കാനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിനു സമീപത്താണ് ഇത്.
'ഡിറ്റ അനിബേലി ഗാമറേലി' എന്ന തയ്യല്‍കട ഇന്ന് ലോക പ്രസിദ്ധിയാര്‍ജിച്ച ഒരു കടയാണ്. മാര്‍പാപ്പമാരെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് നടക്കുന്ന സമയത്ത് ഡിറ്റ അനിബേലി ഗാമറേലിയില്‍ മൂന്നു തരം വെള്ളകുപ്പായങ്ങള്‍ പുതിയതായി തുന്നി സൂക്ഷിക്കും. ഇത് ചെറിയ കുപ്പായവും ഇടത്തരം കുപ്പായവും വലിയ കുപ്പായവുമാണ്. പുതിയ മാര്‍പാപ്പ ഈ കുപ്പായം അണിഞ്ഞാണ് എത്തുന്നത്. സാധാരണ മാര്‍പാപ്പമാര്‍ രണ്ടു മാസം കൂടുമ്പോള്‍ തങ്ങളുടെ വെള്ളകുപ്പായം മാറ്റി പുതിയവ സ്വീകരിക്കുന്ന പതിവുണ്ട്. ഈ കുപ്പായവും ഡിറ്റ അനിബേലി ഗാമറേലിയില്‍ നിന്ന്‍ തന്നെ. സില്‍വര്‍ പൂശിയ ക്രൂശിതരൂപം ഓക്‌സിഡൈസ് ചെയ്യുന്നതു മൂലം വെള്ളകുപ്പായത്തില്‍ കറപോലെ രൂപപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ ചെയ്യുന്നത്.
റോമിലെ പൈതൃക കെട്ടിടങ്ങളുടെയും കടകളുടെയും പട്ടികയില്‍ സ്ഥാനം നേടിയ തുന്നല്‍ കടയാണ് ഡിറ്റ അനിബേലി ഗാമറേലി. 2000-ല്‍ ആണ് ഈ പട്ടികയിലേക്ക് കട പ്രവേശിച്ചത്. പിയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പയ്ക്ക് ശേഷം വന്ന എല്ലാ മാര്‍പാപ്പമാരുടെയും ഇറ്റലിയിലെ ബഹുഭൂരിപക്ഷം കര്‍ദിനാളുമാരുടെയും ബിഷപ്പുമാരുടെയും തിരുവസ്ത്രങ്ങള്‍ തുന്നിയതും ഇവിടെ നിന്ന്‍ തന്നെയാണ്.
