Faith And Reason - 2024
സെപ്തംബർ 30 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച് ടെന്നസി ഗവർണർ
പ്രവാചകശബ്ദം 27-09-2022 - Tuesday
ടെന്നസി: സെപ്തംബർ 30 വെള്ളിയാഴ്ച പ്രാർത്ഥനയുടെയും വിനയത്തിന്റെയും ഉപവാസത്തിൻറെയും ദിനമായി പ്രഖ്യാപിച്ച് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തിന്റെ ഗവർണർ. സംസ്ഥാനത്തിന് "ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം" ആവശ്യമാണെന്നും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ ജ്ഞാനം തേടുന്നതിനും, വരാനിരിക്കുന്ന ദിവസങ്ങളിൽ അവിടുത്തെ കൃപയും അനുഗ്രഹവും സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടെന്നസി ഗവർണർ ബില്‍ ലീ പറഞ്ഞു.
ജ്ഞാനത്തിന്റെ ആരംഭം ദൈവഭയമാണ്. കർത്താവ് ജ്ഞാനം ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി നൽകുമെന്നും തിരുവെഴുത്ത് പറയുന്നു. അതേസമയം, ദൈവത്തിന്റെ പരമാധികാരവും നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും മേൽ ദൈവകൃപയുടെ ആവശ്യകതയും ഞങ്ങൾ അംഗീകരിക്കുന്നു; സാഹചര്യം എന്തായാലും നീതിയോടും ദയയോടും സ്‌നേഹത്തോടും കൂടി പ്രവർത്തിക്കാൻ ഞങ്ങൾ പ്രത്യാശയോടെ ദൈവത്തോടൊപ്പം താഴ്മയോടെ നടക്കുന്നു;
അതേസമയം, നമ്മുടെ ഹൃദയങ്ങളും മനസ്സും നവീകരിക്കപ്പെടേണ്ടതിന്, നമ്മുടെ നിരവധി തെറ്റുകള്‍ക്ക് നാം ക്ഷമ യാചിക്കുന്നു. സമൃദ്ധമായ അനുഗ്രഹങ്ങളെയും ചെയ്തുപോയ അതിക്രമങ്ങളെയും മുന്നിലുള്ള സങ്കീർണമായ വെല്ലുവിളികളെയും അംഗീകരിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന ദിനങ്ങളിൽ താഴ്മയോടെ ദൈവീക നിർദേശങ്ങൾ തേടേണ്ടതിന്റെ ആവശ്യകതയും ടെന്നസിയിലെ ജനങ്ങളായ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന വാക്കുകളോടെയാണ് ഇത് സംബന്ധിച്ച വിളംബരം ചുരുക്കുന്നത്.
റിപ്പബ്ലിക്കൻ അംഗമായ ബിൽ ലീ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുക്കൊണ്ട് പ്രാര്‍ത്ഥനാചരണത്തില്‍ പങ്കുചേരാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.