News - 2025

ഫ്രാന്‍സില്‍ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുവാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 01-10-2022 - Saturday

വെന്‍ഡി: ഫ്രാന്‍സിലെ വെന്‍ഡിയിലെ തീരദേശ പട്ടണമായ ലെസ് സാബ്ലെസ്-ഡി’ ഒലോണയിലെ ദേവാലയത്തിന് എതിര്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യണമെന്ന കോടതി വിധിയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്. സെപ്റ്റംബര്‍ 16-നാണ് നാന്റെസിലെ അപ്പീല്‍ കോടതി വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ നഗരത്തിലെ മേയറായ യാന്നിക്ക് മോറ്യൂ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 90% പേരും രൂപം നീക്കം ചെയ്യരുതെന്നാണ് അഭിപ്രായപ്പെട്ടത്.

ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെയാണ് കോടതി വിധിഉണ്ടായിരിക്കുന്നത്. അതേസമയം കോടതി വിധിക്കെതിരെ പോരാടുവാനുള്ള തീരുമാനത്തിലാണ് മുനിസിപ്പാലിറ്റിയെന്നു ‘ലെ ഫിഗാരോ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1935 മുതല്‍ 2017 വരെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പേരിലുള്ള ഒരു സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഈ രൂപം 2018-ലാണ് വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ എതിര്‍ വശത്ത് സ്ഥാപിക്കുന്നത്.

2021-ല്‍ സ്വതന്ത്ര മതനിരപേക്ഷ സംഘടനയായ ‘ലിബ്രെ പെന്‍സീ ഡെ വെന്‍ഡീ’ മതവും രാഷ്ട്രവും തമ്മില്‍ വേര്‍തിരിക്കുന്ന 1905-ലെ നിയമം ചൂണ്ടിക്കാട്ടിക്കൊണ്ട് രൂപം നീക്കം ചെയ്യണമെന്ന ആവശ്യവുമായി പരാതി നല്‍കുകയായിരിന്നു. 2021 ഡിസംബര്‍ 16-ല്‍ കേസിന്‍മേലുള്ള വാദം കേട്ട ശേഷം 6 മാസങ്ങള്‍ക്കുള്ളില്‍ രൂപം നീക്കം ചെയ്യണമെന്ന് നാന്റെസിലെ അപ്പീല്‍ കോടതി വിധിച്ചു. കോടതിവിധിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Related Articles »