News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 28-02-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം, പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ബീഡ്, വിശുദ്ധ ആഗസ്തീനോസ്, ആള്‍സിലെ ചെസാറിയൂസ്, തെര്‍ത്തുല്യന്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, വിശുദ്ധ സിപ്രിയാന്‍, അലക്‌സാണ്ഡ്രിയായിലെ സിറിള്‍, നീസായിലെ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: കേസറിയാ-ഫിലിപ്പിയിലെ മനുഷ്യത്വവും സൂചിപ്പിക്കപ്പെടുന്നു- വിശുദ്ധ മര്‍ക്കോസ് 8:27-30 (മത്താ 16,13-20) (ലൂക്കാ 9,18-21)

27 ഈശോയും ശിഷ്യന്‍മാരും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? 28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു. 29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ മിശിഹായാണ്. 30 തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.

***************************************************************

വിശുദ്ധ ബീഡ്:

കര്‍ത്താവ് തന്നെത്തന്നെ 'മനുഷ്യപുത്രന്‍' എന്നു വിളിച്ചു (മത്താ 8,20; 9,6; മര്‍ക്കോ 8,31; 14,62; ലൂക്കാ 18,31; 22,48; യോഹ 5,27). നഥാനയേല്‍ അവനെ ദൈവപുത്രനായി ഏറ്റുപറഞ്ഞു (യോഹ 1,49). ഇതിനു സമാനമാണ് ഇപ്പോഴത്തെ വിവരണം. ആളുകള്‍ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് ആരാഞ്ഞപ്പോള്‍ ഈശോയോട് പത്രോസ് പറഞ്ഞത്: ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു'' എന്നാണ് (മത്താ 16,16). ഇത് നീതിയുടെ രക്ഷാപദ്ധതിപ്രകാരം സംഭവിച്ചതാണ്. ഏകമദ്ധ്യസ്ഥന്റെ രണ്ടു സ്വഭാവങ്ങളും ഇവിടെ ഊന്നിപ്പറയുന്നു. അവന്റെ മനുഷ്യത്വവും ദൈവത്വവും മറ്റു മനുഷ്യരും ഈശോതന്നെയും സാക്ഷ്യപ്പെടുത്തുന്നു. ദൈവവും മനുഷ്യനുമായവന്‍ താന്‍ സ്വീകരിച്ച മനുഷ്യത്വത്തിന്റെ ദുര്‍ബലത എടുത്തുപറയുമ്പോള്‍ മനുഷ്യര്‍ അവനിലുള്ള നിത്യദൈവികതയുടെ ശക്തിയെ ഏറ്റുപറയുന്നു (Homilies on the Gospels 1.17).

വിശ്വാസികള്‍ ''ക്രിസ്ത്യാനികള്‍'' എന്നു വിളിക്കപ്പെടുന്നു

മിശിഹാ എന്ന ഹെബ്രായ പദത്തിനു തുല്യമായ ഗ്രീക്കുവാക്ക് 'ക്രിസ്‌തോസ്' 'ക്രിസ്തു' (അഭിഷിക്തന്‍) എന്നാണ്. ഗ്രീക്കിലെ 'ക്രിസ്മ' ( (Chrisma) എന്നതിന്റെ അര്‍ത്ഥം 'അഭിഷേകം' എന്നാണ്. നമ്മുടെ കര്‍ത്താവ് 'ക്രിസ്തു' അഥവാ 'അഭിഷിക്തന്‍' എന്നു വിളിക്കപ്പെട്ടു. കാരണം, പത്രോസ് പറയുന്നപ്രകാരം അവന്‍ ''പരിശുദ്ധാരൂപിയാലും ശക്തിയായും അഭിഷേകം ചെയ്യപ്പെട്ടു'' (നടപടി 10,38). ഈശോയെക്കുറിച്ച് സങ്കീര്‍ത്തകനും പറയുന്നു: ''ദൈവം, അങ്ങയുടെ ദൈവം, സന്തോഷത്തിന്റെ തൈലത്താല്‍, സ്‌നേ ഹിതരെക്കാള്‍ അധികമായി അങ്ങയെ അഭിഷേചിച്ചു'' (സങ്കീ 45,7). ഈശോ നമ്മെ സ്‌നേഹിതരെന്നു വിളിക്കുന്നു. എന്തെന്നാല്‍ ദൃശ്യമായ തൈലത്താല്‍, മാമ്മോദീസായില്‍ പരിശുദ്ധാരൂപിയുടെ കൃപ സ്വീകരിക്കാന്‍ നമ്മളും പൂര്‍ണ്ണമായി അഭിഷേകം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ പേരിനാല്‍ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നു (നടപടി 11,26) (Exposition on the Gospel of St.Mark 1.16).

♦️ വചനഭാഗം: പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം- വിശുദ്ധ മര്‍ക്കോസ് 8:31-38

(മത്താ 16,21-28) (ലൂക്കാ 9,22-27)

31 മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാന പുരോഹിതന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. 32 അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സം പറയാന്‍ തുടങ്ങി. 33 ഈശോ പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 34 അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 35 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. 36 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? 37 മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? 38 പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ഈശോ പറയുന്നു: ''എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിക്കട്ടെ'' (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). എത്ര ദുഷ്‌ക്കരമാണ് ഇത്. എന്നാല്‍ അവിടുന്ന് കല്‍പിക്കുന്നത് നിറവേറ്റാനുള്ള സഹായം അവിടുന്നുതന്നെ നമുക്കു നല്‍കുമ്പോള്‍ അത് ദുഷ്‌ക്കരമോ വേദനാജനകമോ അല്ല. എന്തെന്നാല്‍ കല്‍പിക്കപ്പെട്ടവയില്‍ ദുഷ്‌ക്കരമായിട്ടുള്ളതിനെ സ്‌നേഹം എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു (മത്താ 11,29-30) (Sermons on the New Testament Lessons 46.1).

ശരിയായ പരിത്യജിക്കല്‍

''സ്വന്തം ജീവനെ നഷ്ടപ്പെടുത്തുക'' എന്നത് ഹത്യയ്ക്കുള്ള ആഹ്വാനമായി കണക്കാക്കരുത്. സ്വയംഹത്യ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്‍ വരാനിരിക്കുന്ന ജീവിതത്തെ അവഗണിക്കത്തക്കവിധം ഈലോകത്തിലെ അവിഹിത സന്തോഷങ്ങളോട് ഒരുവനെ ബന്ധിച്ചു നിര്‍ത്തുന്നതായി അവനിലുള്ള എല്ലാറ്റിനെയും അവന്‍ ഹനിക്കണം. ''സ്വന്തം ജീവനെ വെറുക്കണം'' എന്നതിന്റെ അര്‍ത്ഥമിതാണ്. അതിനോടു ചേര്‍ത്തുതന്നെ ജീവന്‍ നേടുന്നതിന്റെ മെച്ചവും അവിടുന്ന് വ്യക്തമാക്കുന്നു. ''ഈ ലോകത്തില്‍ തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ നിത്യജീവനിലേക്ക് അതിനെ നേടുന്നു'' (യോഹ 12,25) (Letter 243, To Laetus).

ആള്‍സിലെ ചെസാറിയൂസ്:

അവിടുത്തെ കല്‍പനകള്‍ വിഷമമേറിയവയല്ല; എന്തെന്നാല്‍ താന്‍ കല്‍പിക്കുന്നതു നിറവേറ്റാന്‍ അവിടുന്ന് നമ്മെ സഹായിക്കുന്നു. നമ്മോടുതന്നെയുള്ള സ്‌നേഹത്താലാണ് നമ്മള്‍ നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്. നമ്മെത്തന്നെ പരിത്യജിക്കുന്നതിലൂടെ നമ്മള്‍ കണ്ടെത്തപ്പെടും. തന്നോടുതന്നെയുള്ള സ്‌നേഹമാണ് ആദ്യമനുഷ്യന്റെ നാശത്തിന് വഴിവച്ചത്. ക്രമരാഹിത്യത്തിനടിപ്പെട്ട് അവന്‍ തന്നെത്തന്നെ സ്‌നേഹിക്കാതിരുന്നങ്കില്‍ അവന്‍ ദൈവത്തിനു വിധേയപ്പെടുകയും തന്നെക്കാളുപരി ദൈവത്തെ സ്‌നേഹിക്കുകയും ചെയ്യുമായിരുന്നു (Sermons 159).

''നിന്റെ കുരിശെടുക്കുക''

''നിന്റെ കുരിശെടുക്കുക'' എന്നതിന്റെ അര്‍ത്ഥമിതാണ്: എല്ലാ പ്രയാസങ്ങളും സഹിക്കുന്നതുവഴി അവന്‍ എന്നെ അനുഗമിക്കും. എന്റെ പഠനങ്ങളും പ്രബോധനങ്ങളുമനുസരിച്ച് അവന്‍ എന്നെ അനുഗമിക്കാനാരംഭിക്കുമ്പോള്‍ പലരും അവനെതിരാകുകയും അവന്റെ മാര്‍ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവനെ പരിഹസിക്കുന്നവരും പീഡിപ്പിക്കുന്നവരും ഉണ്ടാകും (മത്താ 5,11). അവരില്‍ സഭയ്ക്കു പുറമേയുള്ളവര്‍ മാത്രമല്ല. സഭാംഗങ്ങളാണെന്ന പ്രതീതിയുളവാക്കുകയും എന്നാല്‍ വഴിപിഴച്ച ജീവിതശൈലികള്‍മൂലം അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരും ഉണ്ടാകും.

പേരില്‍മാത്രം ക്രിസ്ത്യാനികളായ ഇത്തരക്കാര്‍ സത്യക്രിസ്ത്യാനികളെ പിന്തുടര്‍ന്നു പീഡിപ്പിക്കും. ശരീരത്തില്‍ ശുദ്ധരക്തത്തിനുപുറമേ അശുദ്ധ രക്തവുമുള്ളതുപോലെ സഭാഗാത്രത്തില്‍ ഇത്തരക്കാരുമുണ്ടായേക്കാം (2 പത്രോ 2,1-3). നീ മിശിഹായെ പിന്‍ചെല്ലാനാഗ്രഹിക്കുന്നെങ്കില്‍ കുരിശെടുക്കാന്‍ വൈകരുത്. പാപികളോട് സഹിഷ്ണത പുലര്‍ത്തുക; എന്നാല്‍ അവര്‍ക്ക് കീഴട ങ്ങരുത്. ദുഷ്ടരുടെ കപടസന്തോഷങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. മിശിഹായെപ്രതിയും അവനുമായുള്ള സൗഹാര്‍ദ്ദത്തിന് യോഗ്യരാകുന്നതിനുവേണ്ടിയും നിങ്ങള്‍ എല്ലാറ്റിലുംനിന്ന് അകന്നുനില്ക്കുവിന്‍ (Sermons 159.5).

നടക്കാന്‍ കാലുകള്‍ വേണം

തന്നെത്തന്നെ പരിത്യജിക്കണമെന്ന ഉദ്‌ബോധനം കഠിനമെന്നും കര്‍ത്താവ് നമ്മുടെമേല്‍ ദുര്‍വഹമായ ഭാരംചുമത്തുന്നെന്നും നമ്മള്‍ വിചാരിക്കുന്നുണ്ടാവാം (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). ഒരു കല്പന നിറവേറ്റാന്‍ സഹായിക്കുന്നവന്‍ തന്നെ അതു നല്‍കുമ്പോള്‍ അതൊരു ഭാരമല്ല. അവിടുന്ന് കടന്നുപോയ സ്ഥലത്തേക്കുതന്നെയാണ് പിന്തുടരേണ്ടത്. അവിടുന്ന് ഉയിര്‍ത്തശേഷം സ്വര്‍ഗാരോഹണം ചെയ്തുവെന്ന് നമുക്കറിയാം. എങ്കില്‍ നമ്മളും അവനെ പിന്തുടരണം. നിരാശപ്പെടേണ്ട. സ്വന്തം കഴിവിനാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. എന്നാല്‍ മിശിഹാ നല്‍കിയ വാഗ്ദാനം നമുക്കുണ്ട്.

മിശിഹായില്‍ വസിക്കുന്നുവെന്നവകാശപ്പെടുന്നവന്‍ അവന്‍ ചരിച്ചതുപോലെ ചരിക്കണം. നീ മിശിഹായെ അനുഗമിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ താഴ്ത്തിയതുപോലെ നീയും സ്വയം വിനീതനാകുക. അവന്‍ ഉയര്‍ന്നിടത്തോളം ഉയരാന്‍ നീയാഗ്രഹിക്കുന്നെങ്കില്‍ അവന്റെ താഴ്മയെ നീ പുച്ഛിക്കരുത്. മനുഷ്യപാപങ്ങള്‍ വഴിയെ പരുപരുത്തതാക്കി. മിശിഹായുടെ ഉത്ഥാനം അതിനെ നേരെയാക്കി. അവന്‍ തന്നെ മുമ്പേനടന്ന് ഏറ്റവും ഇടുങ്ങിയ വഴിയായിരുന്നതിനെ രാജകീയ വീഥിയാക്കി മാറ്റിയിരിക്കുന്നു. ഈ രാജപാതയിലൂടെ പായണമെങ്കില്‍ രണ്ടു കാലുകള്‍ വേണം. എളിമയും ഉപവിയുമാണവ. ഉന്നതത്തിലെത്താനാഗ്രഹിക്കുന്ന ആരും കയറേണ്ട ആദ്യപടി എളിമയുടേതാണ്. എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലേക്കു ചാടേണ്ട. കയറുന്നതിനു പകരം വീഴുകയായിരിക്കും ഫലം. എളിമയെന്ന ആദ്യപടി മുതല്‍ ആരംഭിക്കൂ. നിങ്ങള്‍ക്കു കയറാനാകും (Sermons 159.1.4-6).

തെര്‍ത്തുല്യന്‍:

''നിന്റെ കുരിശ്'' എന്നത് (മത്താ 16,24; ലൂക്കാ 9,23; 14,27) നിന്റെ ശരീരത്തില്‍ നീ വഹിക്കുന്ന ഉത്ക്കണ്ഠകളെയും സഹനങ്ങളെയും സൂചിപ്പിക്കുന്നു. ശരീരംതന്നെ, ഒരുതരത്തില്‍, കുരിശാകൃതിയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (On Idolaty 12).

ലജ്ജയെ തള്ളിക്കളയുക

തെര്‍ത്തുല്യന്‍: ദൈവപുത്രന്‍ ക്രൂശിതനായെന്ന് ഏറ്റുപറയുന്നതില്‍ വിശ്വാസി ലജ്ജിക്കുന്നില്ല. ലജ്ജിക്കാതിരിക്കുന്നതുവഴി നല്ല അര്‍ത്ഥത്തില്‍ അവര്‍ ''ലജ്ജയില്ലാത്തവരും ഭോഷന്മാരും'' ആണെന്നു പറയാം. മാനുഷിക വീക്ഷണത്തില്‍ കുരിശുമരണം നിന്ദനീയമാണ്. മനുഷ്യരെല്ലാം ഇതൊരു ഇടര്‍ച്ചയായി (അപമാനമായി) കരുതുമ്പോഴും ''ദൈവപുത്രന്‍ സത്യമായും മരിച്ചു'' എന്നു നമ്മള്‍ ഉറപ്പിച്ചുപറയണം (മത്താ 27,50; മര്‍ക്കോ 15,37; ലൂക്കാ 23,46; യോഹ 19,30). പുത്രന്‍ സംസ്‌കരിക്കപ്പെട്ടു (മത്താ 27,60; മര്‍ക്കോ 15,46; ലൂക്കാ 23,53; യോഹ 19,42), അവന്‍ മരിച്ചവരില്‍നിന്നുയിര്‍ത്തു (മത്താ 28,6; മര്‍ക്കോ 16,6; ലൂക്കാ 24,5; യോഹ 20,16). അത്യന്തം ഭോഷത്തമായി തോന്നുന്നതിനാല്‍ ഇതാണ് ഏവരെയും കൂടുതല്‍ വെറുപ്പിക്കുന്നത്. തന്നെത്തന്നെ വെളിപ്പെടുത്തിയ ഒരേ ഒരുവന്‍തന്നെയല്ല ഇവനെങ്കില്‍ ഇതൊന്നും വാസ്തവമായിരിക്കുകയില്ല (On the Flesh of Christ 5).

പീഡനങ്ങളെ നേരിടുക

ഞാന്‍ സഹനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെങ്കില്‍ ലജ്ജകൂടാതെ ഈ വചനം ഉച്ചരിക്കാന്‍ എനിക്കു കഴിയുകയില്ല. ''എന്റെ നാമത്തെപ്രതി പീഡ സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (മത്താ 5,10-11). ചിലപ്പോള്‍ ദൈവം ആവശ്യപ്പെടുന്ന സഹനങ്ങളെ നിഷേധിച്ചുകൊണ്ട് ഓടിയൊളിക്കുന്നവര്‍ അസന്തുഷ്ടരായിത്തീരും. ''അവസാനംവരെ സഹിച്ചുനില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കും'' (മത്താ 10,22). ഓടി രക്ഷപെടാന്‍ നിങ്ങള്‍ എന്നോടു പറയുമ്പോള്‍ ഞാന്‍ അവസാനംവരെ സഹിച്ചു നില്‍ക്കുന്നവനാകുമോ? (Flight in the Time of Persecution 7).

അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:

നന്മപ്രവൃത്തികളെ അവഗണിക്കുന്നവര്‍ ദൈവത്തിന്റെ നന്മയില്‍നിന്നു തങ്ങള്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ടെന്നതു വിസ്മരിക്കുന്നവരാണ്. ഇത്തരക്കാര്‍ ദൈവത്തില്‍നിന്നു നന്മകള്‍ സ്വീകരിക്കത്തക്കവിധത്തില്‍ ഉചിതമായി പ്രവര്‍ത്തിക്കാന്‍ ശേഷി കുറഞ്ഞവരാണ്. അവര്‍ക്ക് അവ ലഭിച്ചാലും അതിനെപ്പറ്റിയുള്ള അവബോധം ഉണ്ടാകാന്‍ സാധ്യത കുറവാണ്. അവര്‍ ആ നന്മകളെ ആസ്വദിക്കുന്നുണ്ടെങ്കിലും സ്വീകരിച്ചവയെപ്പറ്റി അറിവില്ലായ്കയാല്‍ യോഗ്യമാംവിധം ആസ്വദിക്കുന്നില്ല. അവര്‍ക്കു ലഭിച്ചിരിക്കുന്ന നന്മകളെ എങ്ങനെയുപയോഗിക്കണമെന്ന് അവരറിയുന്നില്ല. തങ്ങളുടെ ദുശ്ശാഠ്യം നിമിത്തം, ലഭിച്ച ദൈവികദാനങ്ങള്‍ ഉപയോഗിക്കേണ്ടതിനെപ്പറ്റിയുള്ള അജ്ഞതയില്‍ അവര്‍ തുടരുകയും ചെയ്യും (Stromateis 6.14).

ക്ലെമന്റിന്റെ പേരിലറിയപ്പെടുന്ന കൃതി:

വ്യഭിചാരം, അഴിമതി, ധനമോഹം, വഞ്ചന തുടങ്ങിയവയെക്കുറിച്ചു ഭൗതിക ലോകം സംസാരിക്കുമ്പോള്‍ വരാനിരിക്കുന്ന ലോകം ഇവയോടു വിടപറയുന്നു. അങ്ങനെയെങ്കില്‍ നമുക്ക് ഒരേസമയം രണ്ടിന്റെയും സുഹൃത്തുക്കളാകാന്‍ കഴിയില്ല. അതിനെ സ്വന്തമാക്കാന്‍ നമ്മള്‍ ഇതിനോട് വിടചൊല്ലണം. ഈ ലോകത്തിലെ കാര്യങ്ങള്‍ ചെറുതും നശ്വരവും നൈമിഷികവുമാകയാല്‍ അവയെ വിട്ടുപേക്ഷിക്കുന്നതും പരലോകത്തിലെ കാര്യങ്ങള്‍ നല്ലതും അനശ്വരവുമാകയാല്‍ അവയെ സ്‌നേഹിക്കുന്നതും കൂടുതല്‍ നല്ലതായി നമ്മള്‍ കരുതുന്നു (2 Clement 6.4-6).

ലോകത്തെ ശരിയായി സ്‌നേഹിക്കുക

ലോകത്തില്‍ സ്‌നേഹയോഗ്യങ്ങളായ പലതുമുണ്ട്. അവയെല്ലാം യഥാര്‍ഹം സ്‌നേഹിക്കപ്പടുന്നത് അവയെ സൃഷ്ടിച്ചവനോട് ബന്ധപ്പെടുത്തി സ്‌നേഹിക്കുമ്പോഴാണ്. ലോകം മനോഹരമാണ്: എന്നാല്‍ അതിനെ രൂപപ്പെടുത്തിയവന് അതിനേക്കാള്‍ സൗന്ദര്യമുണ്ട്. ലോകം പ്രഭാവമുള്ളതാണ്; എന്നാല്‍ അതിനേക്കാല്‍ മഹത്വപൂര്‍ണ്ണനാണ് പ്രപഞ്ചത്തിന് അടിസ്ഥാനമിട്ടവന്‍. ലോകത്തോടുള്ള സ്‌നേഹം അതില്‍ത്തന്നെ നമ്മെ കീഴടക്കാതിരിക്കാനും സ്രഷ്ടാവിലുപരി സൃഷ്ടിയെ സ്‌നേഹിക്കാതിരിക്കാനും നമുക്ക് കഴിയുന്നത്ര പരിശ്രമിക്കാം. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസോടുംകൂടെ നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനാണ് അവിടുന്ന് ഭൗമികവസ്തുക്കള്‍ നമുക്ക് നല്കിയിരിക്കുന്നത് (നിയമ 10,12; മത്താ 22,37).

ചിലപ്പോഴൊക്കെ ദൈവത്തെക്കാളുപരി അവിടുത്തെ ദാനങ്ങളെ സ്‌നേഹിച്ചുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ അപ്രീതി സമ്പാദിക്കുന്നു. മാനുഷിക ബന്ധങ്ങളിലും ഇത് സംഭവിക്കാറുണ്ട്. ഒരാള്‍ തന്റെ കീഴിലുള്ള ഒരുവന് ഒരു സവിശേഷസമ്മാനം നല്‍കുന്നുവെന്നിരിക്കട്ടെ. അധീനര്‍ ദാതാവിനെക്കാളുപരി ദാനത്തെ സ്‌നേഹിക്കാനാരംഭിച്ചാല്‍ വൈകാതെ ദാതാവിനെ മിത്രമെന്നതിനെക്കാള്‍ ശത്രുവായിപ്പോലും ഗണിക്കാനിടയുണ്ട്.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെ സംഭവിക്കാം. നല്‍കിയ സമ്മാനത്തെപ്രതിയല്ലാതെ നമ്മെപ്രതിമാത്രം ആരെങ്കിലും നമ്മളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവരെ നമ്മളും കൂടുതലായി സ്‌നേഹിക്കുന്നു. ദൈവം നല്‍കിയ ദാനത്തെക്കാള്‍ ദൈവത്തെ സ്‌നേഹിക്കുന്നവരെ അവിടുന്ന് കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്ന് പറയപ്പെടുന്നത് അതുകൊണ്ടാണ് (Sermons 159.6).

വിശുദ്ധ സിപ്രിയാന്‍:

ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവര്‍ ക്രിസ്ത്യാനിയേയല്ല. മിശിഹായുടേതായിരിക്കുന്നതില്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവന്‍ എങ്ങനെ മിശിഹായോടൊത്തായിരിക്കും?(The Lapsed 28).

അലക്‌സാണ്ഡ്രിയായിലെ സിറിള്‍:

ദൈവമെന്ന നിലയില്‍ സഹനത്തിനതീതനായവന്‍ മനുഷ്യനെന്ന നിലയില്‍ സഹനം വരിച്ചു. ശരീരമെടുത്തപ്പോള്‍ അവന്‍ ദൈവമല്ലാതായി മാറിയില്ല. അവന്‍ സൃഷ്ടിയിലേക്ക് പ്രവേശിച്ചെങ്കിലും അതിലുപരി ഉയര്‍ന്നുനിന്നു. നിയമത്തിനധീനനായ ശുശ്രൂഷകനായപ്പോഴും അവന്‍ നിയമദാതാവു തന്നെയായിരുന്നു (ഗലാ 4,4) ''ദാസന്റെ രൂപം സ്വീകരിച്ചപ്പോഴും'' (ഫിലി 2,7) അവന്‍ ദൈവിക മഹത്വം ക്ഷതമേല്‍ക്കാതെ നിലനിര്‍ത്തി ''നിരവധി സഹോദരന്‍മാര്‍ക്കിടയിലെ ആദ്യജാതനായപ്പോഴും'' (റോമാ 8,30), അവന്‍ ഏകജാതനായിരുന്നു.

അതിനാല്‍ മനുഷ്യത്വത്തില്‍ അവന്‍ സഹിക്കുന്നതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് അത്യന്തം വിവേകിയായ പൗലോസ്, പിതാവായ ദൈവത്തോടു തുല്യനും ദൈവത്തിന്റെ രൂപത്തിലായിരുന്നവനും (ഫിലി 2,6) ആയ വചനം ''കുരിശുമരണംവരെ അനുസരണമുള്ളവനായിത്തീര്‍ന്നു'' (ഫിലി 2,8) എന്നെഴുതിയത് (Letter 55, To Anasthasius and the Monks).

നീസായിലെ ഗ്രിഗറി: പുത്രന്‍ തന്റെ മഹത്ത്വം പിതാവുമായി പങ്കുവയ്ക്കുന്നില്ല, മറിച്ച് പിതാവിന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുകയാണ്. പിതാവാകട്ടെ പുത്രന്റെ മഹത്ത്വം പൂര്‍ണ്ണമായി സ്വീകരിക്കുന്നു (യോഹ 17,5) (Against Eunomius 2.6).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪




Related Articles »