India - 2025
ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ ഇരട്ടത്താപ്പ്: ചങ്ങനാശേരി അതിരൂപത മഹായോഗം
പ്രവാചകശബ്ദം 04-10-2022 - Tuesday
ചങ്ങനാശേരി: മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന നയവും ലഹരിക്കെതിരേയുള്ള പോരാട്ടവും പൂരകങ്ങളല്ലെന്നും ഇതു സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ചങ്ങനാശേരി അതിരൂപതാ മഹായോഗം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് അഞ്ചാമതു ചങ്ങനാശേരി അതിരൂപതാ മഹായോഗം ആഹ്വാനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും പൊതുവെ നൽകുന്ന പ്രോത്സാഹനം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും കർമ്മശേഷിയെയും അതീവ ഗുരുതരമായി ബാധിക്കുന്നതാണ്. യുവത്വങ്ങളെ ലഹരിയുടെ അടിമകളാക്കുകയും വിനാശ ഗർത്തത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലഹരിമാഫിയക്കെതിരെ സർക്കാർ അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടി.
ലഹരിയും പ്രണയവും കൈകോർത്ത് ഭീകരവാദത്തിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും എത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ സമൂഹ മനഃസാക്ഷിക്കു മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ലഹരിക്കെതിരേ ഒക്ടോബർ മാസത്തിൽ സർക്കാർ പ്രത്യേകമായി ആവിഷ്കരിച്ചിരിക്കുന്ന കർമപദ്ധതികളോട് സഭ സർവാത്മനാ സഹകരിക്കും. എന്നാൽ മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയവും ലഹരിയ്ക്കെതിരെയുള്ള പോരാട്ടവും പൂരകങ്ങളല്ല എന്ന വസ്തുതയും അസംബ്ലി വിലയിരുത്തി. പ്രഫ. ജെ. സി. മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.