Youth Zone

മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത ക്രൈസ്തവ യുവജന സംഗമം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

പ്രവാചകശബ്ദം 06-10-2022 - Thursday

ഖണ്ഡ്വ: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ മധ്യപ്രദേശിലെ ഖണ്ഡ്വ മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ക്രൈസ്തവ യുവജന സംഗമം തടസ്സപ്പെടുത്തി. ഏതാണ്ട് ഇരുന്നൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഒക്ടോബര്‍ 3 മുതല്‍ 5 വരെ നടത്തുവാനിരുന്ന യുവജന സംഗമം ദസറ ആഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിമൂലം റദ്ദാക്കുവാന്‍ നിര്‍ബന്ധിതരായെന്ന്‍ ഖണ്ഡ്വ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ജയന്‍ അലക്സ് പറഞ്ഞു. യു‌സി‌എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവജനങ്ങള്‍ അവരുടെ വാഹനങ്ങളില്‍ സെന്റ്‌ പയസ് സ്കൂളില്‍ എത്തിയപ്പോള്‍, ഇവരെ മതപരിവര്‍ത്തനത്തിനായി കൊണ്ടുവന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റേയോ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ഹിന്ദു’ന്റേയോ ബജ്രംഗദളിന്റേയോ പ്രവര്‍ത്തകരാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങള്‍ തടസ്സപ്പെടുത്തിയ ഹിന്ദുത്വവാദികള്‍ പോലീസിനെ വിളിച്ച് മതപരിവര്‍ത്തനം സംബന്ധിച്ച സംസ്ഥാന നിയമം ലംഘിച്ചതിന്റെ പേരില്‍ സഭാനേതൃത്വത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ തടയുന്നതിന് പകരം യുവജന സംഗമത്തിനെത്തിയ ഇരുന്നൂറുപേരെ ചോദ്യം ചെയ്തുവെന്നത് വിചിത്രമാണ്. പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം നടത്തുമെന്നും പോലീസ് അറിയച്ചതിനെ തുടര്‍ന്നാണ്‌ ഹിന്ദുത്വവാദികള്‍ പിരിഞ്ഞു പോയത്. ഒരുമിച്ചു കൂടിയ യുവജനങ്ങളെല്ലാവരും കത്തോലിക്കരായതിനാല്‍ മതപരിവര്‍ത്തന ആരോപണം നിലനില്‍ക്കില്ലെന്നു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യു.സി.എ ന്യൂസിനോട് പ്രതികരിച്ചു.

കേസിനെ കുറിച്ച് തങ്ങള്‍ക്ക് ഭയമില്ലെന്നും, സഭയുടെ പ്രതിച്ഛായ മോശപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് തങ്ങള്‍ക്ക് വിഷമമെന്നും ഫാ. അലക്സ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിയിട്ട ഒരു പരിപാടി നടത്തുവാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന്‍ പറഞ്ഞ ഫാ. അലക്സ്, സാമ്പത്തിക നഷ്ടത്തിന് പുറമേ ക്രൈസ്തവര്‍ ദുര്‍ബ്ബലരാണെന്ന ധാരണ ഉളവാക്കാന്‍ ഇത് കാരണമായെന്നും കൂട്ടിച്ചേര്‍ത്തു. ദളിതരെയും, ഗോത്രവര്‍ഗ്ഗക്കാരെയും ക്രൈസ്തവര്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിക്കുകയാണെന്ന്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം വ്യാജപ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദത്തിന് വിലങ്ങ് തടിയാകുമെന്നും ഫാ. അലക്സ് ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശ്, സമീപകാലത്ത് മതപരിവര്‍ത്തനത്തിനുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തുവെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് പറഞ്ഞു. നിയമം പ്രാബല്യത്തിലുള്ളപ്പോള്‍ പരിപാടി തടസ്സപ്പെടുത്തുന്നതിന് പകരം പോലീസിനെ അറിയിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്യേണ്ടിയിരുന്നതെന്ന്‍ പറഞ്ഞ ഫാ. ബാബു - ഇത്തരം പരിപാടികള്‍ തടസ്സപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ ഗതി എന്താവുമെന്നും ചോദ്യമുയര്‍ത്തി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇതിനുമുന്‍പും ക്രൈസ്തവര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശിലെ 7 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.


Related Articles »