News

മധ്യപ്രദേശില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം

പ്രവാചകശബ്ദം 01-04-2025 - Tuesday

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ഇന്നലെയാണ് അക്രമം അരങ്ങേറിയത്. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CCBI) കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമമാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസ്സപ്പെടുത്തി ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയിൽ തീര്‍ത്ഥാടനം നടത്തുന്നതിനിടെ അവരെ തടഞ്ഞുനിർത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലേ ജബൽപൂർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് ടിയും പിന്തുണയും സഹായവും നൽകാൻ സ്ഥലത്തെത്തിയതോടെ തീവ്രഹിന്ദുത്വവാദികള്‍ പ്രകോപിതരാകുകയായിരിന്നു.

വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്തു മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. 'ജയ് ശ്രീറാം' വിളിയോടെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീർത്ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്‌ലയിലേക്ക് തിരികെ പോകാനായത്.

സംഭവത്തെ കത്തോലിക്ക സമൂഹം അപലപിച്ചു. കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭാ നേതാക്കൾ ഇന്ന് അധികാരികൾക്ക് പരാതി നല്‍കാനിരിക്കുകയാണ്. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം വര്‍ദ്ധിച്ച് വരികയാണ്. അക്രമ സംഭവങ്ങളില്‍ ഭരണകൂട ഒത്താശത്തോടെ പോലീസ് നിഷ്ക്രിയത്വം പുലര്‍ത്തുകയാണെന്ന ആരോപണവും ശക്തമാണ്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »