India
ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാര്‍ അഭിഷിക്തരായി
പ്രവാചകശബ്ദം 10-10-2022 - Monday
ഷംഷാബാദ്: പ്രാര്‍ത്ഥനാനിര്‍ഭരമായ ധന്യമായ അന്തരീക്ഷത്തില്‍ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇരുപത്തഞ്ചോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പിലൂടെയാണ് ഇരുവരും അഭിഷിക്തരായത്. ആദ്യം മാർ ജോസഫ് കൊല്ലംപറമ്പിലിനും തുടർന്ന് മാർ തോമസ് പാടിയത്തിനും കർദ്ദിനാൾ സ്ഥാന ചിഹ്നങ്ങൾ കൈമാറി. മെത്രാഭിഷേക ചടങ്ങിനുശേഷം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു.
ചങ്ങനാശേരി ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ടിസിബിസി സെക്രട്ടറി റവ. ഡോ. ജയ പോളി മെറോ, എന്നിവർ പ്രധാന സഹകാർമ്മികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, സാഗർ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം, ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, സത്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ കൊടകല്ലിൽ, ജഗദൽപ്പൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.
വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യാസിനിമാർ, സന്യാസ സഭകളുടെ പ്രൊവിൻഷ്യൽമാർ, വിശ്വാസികൾ, തദ്ദേശവാസികൾ തുട ങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ബാഡംഗ്പേട്ട് മേയർ ചികിരിന്ത പാരിജാത റെഡ്ഡി പ്രസംഗിച്ചു. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പാലത്തിങ്കൽ സ്വാഗതവും പാസ്റ്ററൽ കൗ ൺസിൽ സെക്രട്ടറി സാൻജോ ഫെലിക്സ് നന്ദിയും പറഞ്ഞു.