Life In Christ
അരുണാചല്‍ പ്രദേശിലെ ഒല്ലോ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യമായി തിരുപ്പട്ട സ്വീകരണം
പ്രവാചകശബ്ദം 13-10-2022 - Thursday
ലാസു: വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മിയാവോ രൂപത പരിധിയിലെ ഒല്ലോ ഗോത്രത്തില്‍ നിന്നുള്ള പ്രഥമ തിരുപ്പട്ട സ്വീകരണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഒല്ലോ ഗോത്രത്തില്‍പ്പെട്ട വിന്‍സെന്റ് റാങ്ങ്വാങ്ങ് എന്ന ഡീക്കന്‍ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം മലയാളിയും മിയാവോ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്. മിയാവോ രൂപതാ സഹായ മെത്രാന്‍ ഡെന്നിസിന് പുറമേ, വൈദികരും, സന്യാസിനികളും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അടക്കം വലിയൊരു ജനസമൂഹം തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഒല്ലോ ഗോത്രത്തിനും, വിശ്വാസി സമൂഹത്തിലെ എല്ലാവര്‍ക്കും ഇതൊരു അഭിമാന നിമിഷമാണെന്നും ഫാ. വിന്‍സെന്റ് ഇപ്പോള്‍ ഒല്ലോ സമൂഹത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവനും അവകാശപ്പെട്ടതുമാണെന്നും ബിഷപ്പ് പള്ളിപ്പറമ്പില്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശ് കത്തോലിക്കാ അസോസിയേഷന്‍ പ്രസിഡന്റ് ടോ ടെബിന്‍, അരുണാചല്‍ പ്രദേശ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പുതിയ പ്രസിഡന്റായ ടാര്‍ മിരി സ്റ്റീഫന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹൈദരാബാദിലെ അലിയാബാദ് ആസ്ഥാനമായുള്ള മിഷ്ണറീസ് ഓഫ് കംപാഷന്‍ (എംഒസി) സമൂഹാംഗമാണ് നവ വൈദികന്‍. സിന്നു ഗ്രാമത്തിലെ ഖോപോക്ക്-പോജെന്‍ റാങ്ങ്വാങ്ങ് ദമ്പതികളുടെ മൂന്ന്‍ മക്കളില്‍ മൂത്ത വ്യക്തിയാണ് ഫാ. വിന്‍സെന്റ്. തിരാപ് ജില്ലാ ആസ്ഥാനമായ ഖോണ്‍സായിലെ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 2011-ലാണ് സെമിനാരിയില്‍ ചേരുന്നത്. ആന്ധ്രാപ്രദേശിലെ എല്ലൂരുവിലുള്ള ഹോളി സ്പിരിറ്റ് മേജര്‍ സെമിനാരിയിലാണ് ദൈവശാസ്ത്രവും, തത്വശാസ്ത്രവും പഠിച്ചത്.
നിരവധി പ്രാദേശിക നേതാക്കള്‍ ഫാ. വിന്‍സെന്റിനെ അഭിനന്ദിച്ചു. ഒരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നും ഒല്ലോ ഗോത്രവര്‍ഗ്ഗക്കാരനെന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും വര്‍ഷങ്ങള്‍ നീണ്ട വിശ്വാസത്തിന്റെ ആദ്യം ഫലം പുറത്തുവന്നത് പോലെയാണിതെന്നും തിരാപ് ജില്ലയിലെ മുതിര്‍ന്ന നേതാവായ അസെറ്റ് യാങ്ങ്ലി ഹുംടോക് പറഞ്ഞു. തിരുപ്പട്ട സ്വീകരണം തീര്‍ച്ചയായും ഒല്ലോ ഗോത്രത്തെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷകരമായ നിമിഷം തന്നെയാണെന്നാണ് ലാസുവില്‍ നിന്നുള്ള ബിരുദാനന്തരബിരുദധാരിയും യുവജന നേതാവുമായ സെതോക് തിന്യന്‍ പറഞ്ഞത്.
അരുണാചല്‍ പ്രദേശില്‍ നിന്നും തിരുപ്പട്ട സ്വീകരണം നടത്തുന്ന മൂന്നാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. വിന്‍സെന്റ്. 2008-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫാ. ഫ്രാന്‍സിസ് ബെലോ, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തിരുപ്പട്ടം സ്വീകരിച്ച ഫാ. റോഷന്‍ ബാമിന്‍ പീറ്റര്‍, എന്നിവരാണ് മറ്റ് രണ്ടുപേര്‍. മ്യാന്മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ലാസു ജില്ലയിലെ 12 ഗ്രാമങ്ങളിലായി വിന്യസിച്ച് കിടക്കുന്ന ഒല്ലോ ഗോത്രത്തില്‍ 2022-ലെ സര്‍വ്വേ അനുസരിച്ച് 11,665 അംഗങ്ങളാണുള്ളത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക