News - 2025
ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ ദിവംഗതനായി
പ്രവാചകശബ്ദം 04-10-2023 - Wednesday
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം.
1939 ഒക്ടോബർ 15-ന് ജാർഖണ്ഡിലെ ചെയിൻപൂരിൽ ഒറോൺ ഗോത്രവർഗ കുടുംബത്തിലെ പത്ത് മക്കളിൽ എട്ടാമനായാണ് ടോപ്പോ ജനിച്ചത്. 1969-ല്‍ വൈദികനായി. 1984-ൽ റാഞ്ചിയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018-ൽ സ്ഥാനമൊഴിയുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 2003-ൽ അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
2005-ലെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും പങ്കെടുത്തിരിന്നു. 2004-ലും 2006-ലും രണ്ട് തവണ ഭാരതത്തിന്റെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിന്നു. 2001 മുതൽ 2004 വരെയും 2011 മുതൽ 2013 വരെയും ലത്തീൻ റീത്ത് ബിഷപ്പുമാർ മാത്രമുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മൃതസംസ്കാരം തീരുമാനിച്ചിട്ടില്ല.