News - 2025
മിഷ്ണറിമാർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 21-10-2022 - Friday
വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ 20 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷ്ണറിമാർക്കായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം പാപ്പ നൽകിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയുമായി ബന്ധപ്പെട്ട സ്നേഹത്തിന്റെ ചരിത്രം രചിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. "ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട്, സുവിശേഷത്തിന്റെ ശുശ്രൂഷയിൽ സ്നേഹത്തിന്റെ കഥ രചിക്കുന്ന മിഷ്ണറിമാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പയുടെ ട്വീറ്റ്.
Let us #PrayTogether for missionaries who, sent to different parts of the world, write a story of love in the service of the Gospel with their own lives. #OctoberMissionary
— Pope Francis (@Pontifex) October 20, 2022
ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ആഗോള സഭ മിഷൻ ഞായറായി ആചരിക്കുന്നത്. ഇതിന്‍പ്രകാരം ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇത്തവണത്തെ മിഷന്‍ ഞായറായി ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനം. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), മിഷ്ണറി ഒക്ടോബർ (#OctoberMissionary) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.