News - 2026
ക്രിസ്ത്യൻ മിഷ്ണറിമാർക്കു തുര്‍ക്കിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
പ്രവാചകശബ്ദം 09-02-2026 - Monday
ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാജ്യമായ തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിനു വിശദീകരണമില്ലാതെ വിലക്കു ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സർക്കാരിന്റെ നടപടി ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണിയും വിവേചനവുമാണെന്നു ക്രിസ്ത്യൻ നിയമ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (എഡിഎഫ്) യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 20 കേസുകൾ കോടതിയില്‍ ഫയൽ ചെയ്തിട്ടുണ്ട്.
2019 മുതൽ, തുർക്കി അധികാരികൾ ചില ക്രൈസ്തവരുടെ പാസ്‌പോർട്ടുകളിൽ "എൻ-82", "ജി-87" തുടങ്ങിയ സുരക്ഷാ കോഡുകൾ അടയാളപ്പെടുത്തുന്നുണ്ടെന്നും സാധാരണയായി തീവ്രവാദ സ്വഭാവമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന കോഡാണ് ഇതെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറഞ്ഞത് 160 വിദേശീയരായ ക്രിസ്ത്യൻ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കോഡുകൾ നല്‍കിയിട്ടുണ്ട്. അതേസമയം ഇത് അനൌദ്യോഗിക കണക്കാണെന്നും യഥാർത്ഥ എണ്ണം മുന്നൂറില്‍ അധികം കൂടുതലായിരിക്കുമെന്നും സംഘടന പറയുന്നു.
വർഷങ്ങളോളം രാജ്യത്ത് നിയമാനുസൃതമായ താമസവും സേവനവും ഉണ്ടായിരുന്നിട്ടും, വിദേശ യാത്ര ചെയ്ത ക്രൈസ്തവര്‍ക്ക് തുർക്കിയിലേക്ക് വീണ്ടും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കേസുകൾ സംയുക്തമായി തുർക്കി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കുന്നതാണെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ചരിത്ര പ്രസിദ്ധ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെയും ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയവും തുര്‍ക്കി ഭരിക്കുന്ന എർദോഗൻ ഭരണകൂടം മുസ്ലിം പള്ളിയാക്കി മാറ്റിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















