Life In Christ

''ജീവസമൃദ്ധി ഈശോയാണ് നയിക്കുന്നത്''; ജോജി തുടങ്ങിയ പ്രോലൈഫ് വിപ്ലവത്തിലൂടെ സഹായമെത്തിയത് അന്‍പതോളം വലിയ കുടുംബങ്ങള്‍ക്ക്

പ്രവാചകശബ്ദം 24-10-2022 - Monday

കൊച്ചി: ജീവന്റെ മാഹാത്മ്യം പ്രഘോഷിച്ച് കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവ് ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ് പദ്ധതി ശക്തമായി മുന്നോട്ട്. നാലാമത്തെ കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികള്‍ക്ക് 10,000 രൂപ കൈമാറുന്ന 'ജീവസമൃദ്ധി' പദ്ധതി വഴി അന്‍പതോളം ദമ്പതികള്‍ക്കാണ് ജോജിയും ഏതാനും സഹായമനസ്കരായ സുഹൃത്തുക്കളും ചേര്‍ന്ന് സഹായം കൈമാറിയിരിക്കുന്നത്. സഭാതലത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഒരു അല്‍മായ വിശ്വാസി തന്നെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ട് രംഗത്തു വന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്.

ജീവസമൃദ്ധി പദ്ധതി അത്ഭുതകരമായ വിധത്തിലാണ് ഈശോ നയിക്കുന്നതെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്‍പതോളം കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിന്നില്ലെന്നും ജോജി പറയുന്നു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി, പ്രതീക്ഷിച്ചിരിന്ന ധാരാളം സുഹൃത്തുക്കളെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നു പ്രതികൂലമായ സമീപനമാണ് ഉണ്ടായത്. എന്നാല്‍ ഈശോയുടെ വലിയ കൃപയാല്‍ ഒട്ടും പ്രതീക്ഷിക്കാത്തവര്‍ അപ്രതീക്ഷിതമായി സഹായം നല്‍കിയിട്ടുണ്ട്. തന്റെ കഴിവ് കൊണ്ടല്ല, ഈശോയാണ് ഈ പദ്ധതിയെ നയിക്കുന്നതെന്ന ബോധ്യം ഇത്തരം നിരവധി സാഹചര്യങ്ങളിലൂടെ വളരെ ആഴപ്പെട്ടിട്ടുണ്ടെന്നും ഈ യുവാവ് പറയുന്നു.

'ജീവസമൃദ്ധി' പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം ജോജി തന്നെ വിവരിക്കുന്നു ‍

2018-ൽ അബുദാബിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ പ്രോജക്ട് തീർന്നതിന്റെ ഫലമായി വേറൊരു ജോലിയും കിട്ടാത്തതുകൊണ്ട് നാട്ടിൽ വന്നു നിൽക്കുന്ന സമയമായിരിന്നു. സുവിശേഷവേല എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്, വയ്യാത്ത ഒരു ചേട്ടനെയും കൊണ്ട് കോട്ടയം ക്രിസ്റ്റീനിൽ സാബു ആറുതൊട്ടി ബ്രദറിന്റെ ധ്യാനത്തിന് പോയി. ധ്യാനം കൂടി കഴിഞ്ഞപ്പോൾ ആ മിനിസ്ട്രിയുടെ കൂടെ ചേർന്ന് സുവിശേഷവേല ചെയ്യുവാൻ ആഗ്രഹം തോന്നി. അങ്ങനെ എല്ലാ മാസവും നടക്കുന്ന അവരുടെ അഞ്ചു ദിവസത്തെ ധ്യാനങ്ങളിൽ സുവിശേഷവേല ചെയ്യുവാൻ അവസരം കിട്ടി. സുവിശേഷവേല എന്നുപറയുമ്പോൾ ആരും വിചാരിക്കരുത് - 'സ്റ്റേജിൽ കയറി വചനം പറയുക എന്നത് മാത്രം ആണ് സുവിശേഷ വേല'. എനിക്ക് അവിടെ കിച്ചണിൽ ആയിരുന്നു ജോലി. പച്ചക്കറി അരിയുക, ഭക്ഷണം ഉണ്ടാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ജോലികൾ.

അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോയി. അതിന്റെ ഇടയ്ക്ക് വീണ്ടും വിദേശ ജോലിക്കു ശ്രമിക്കുന്നുമുണ്ട്. ഇന്ന് ശരിയാകും,നാളെ ശരിയാവും എന്ന് കരുതിയിരുന്ന് നാട്ടിൽ വേറെ ജോലിക്കൊന്നും നോക്കിയുമില്ല. നാട്ടിൽ വേറെ വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ഏതൊരു പ്രവാസിയും പോലെ കുറേ കഴിഞ്ഞപ്പോൾ പോക്കറ്റ് എല്ലാം കാലിയായി. ഭാര്യ അന്ന് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയാണ്. അടിമാലിയിലെ ഭാര്യ വീട്ടിൽ ആണ് ഭാര്യയും മൂത്ത മോളും. ഞാൻ കോട്ടയത്തുള്ള കാസാ മരിയ റിട്രീറ്റ് സെന്ററിൽ വേറൊരു ധ്യാനം കൂടാൻ പോയിരിക്കുന്ന സമയം. ധ്യാനത്തിന്റെ അവസാനദിവസം ( 23-ഫെബ്രുവരി 2019) ഉച്ചഭക്ഷണത്തിനു വിട്ടപ്പോൾ, മൊബൈൽ ഒന്ന് ഓണാക്കി നോക്കി, അപ്പോൾ കുറേ മെസ്സേജ് വന്ന് കിടക്കുന്നു.

തിരിച്ചു വിളിച്ചു അന്വേഷിച്ചപ്പോൾ ഭാര്യക്ക് വേദന തോന്നിയതിന്റെ ഫലമായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും സിസേറിയൻ വേണം എന്നും അറിയാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞുള്ള ആരാധനയും കൂടി കഴിഞ്ഞു ഞാൻ എത്തിയേക്കാം എന്ന് അറിയിച്ചു. അങ്ങനെ ധ്യാനം കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്കുള്ള യാത്രയിലാണ്. കയ്യിലാണെങ്കിൽ പൈസ ഒന്നുമില്ല. രണ്ടാഴ്ച കഴിഞ്ഞാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എവിടുന്നേലും മറിക്കാം എന്ന് കരുതി ഇരുന്നു. പൈസയ്ക്ക് എന്ത് ചെയ്യും എന്ന് ആലോചിച്ചു നെഞ്ചുതിരുമി ഇരിക്കുമ്പോഴാണ് കഴുത്തിൽ കിടന്ന സ്വർണമാല കയ്യിൽ ഉടക്കിയത്.

എന്നാല്‍ പിന്നെ അതും കൈയിൽ കിടക്കുന്ന കൊന്ത മോതിരവും വിറ്റേക്കാം എന്ന് കരുതി. പണയം വെച്ചത് തന്നെ കുറെ ഉള്ളതുകൊണ്ട് പിന്നേം പണയം വെക്കാൻ തോന്നിയില്ല. അങ്ങനെ കോലഞ്ചേരിയിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വന്ന് ബസ്സ് ഇറങ്ങി. ജംഗ്ഷനിൽ തന്നെയുള്ള ഷാജഹാൻ ജ്വല്ലറിയിൽ കേറി മാലയും മോതിരവും വിറ്റു. എന്നിട്ട് അടിമാലിയിലേക്ക് പോയി. മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ ആയിരുന്നു ഭാര്യയും കുഞ്ഞും. സഭയിലെ സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രി ആയതുകൊണ്ട് അതിനോട് ചേർന്ന് ആരാധന ചാപ്പലും മറ്റും ഉണ്ടായിരുന്നു.

സിസേറിയൻ ആയിരുന്നതുകൊണ്ട് നാലഞ്ചു ദിവസം കഴിഞ്ഞേ വീട്ടിൽ പോകാൻ പറ്റത്തുള്ളൂ. അങ്ങനെ അവിടുത്തെ അന്തരീക്ഷത്തിൽ ആരാധനാ ചാപ്പലിലൊക്കെ പോയിരുന്നു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു. ''ദൈവമേ, എനിക്ക് വിൽക്കാൻ സ്വർണം എങ്കിലും ഉണ്ടായിരുന്നു ഇതൊന്നുമില്ലാത്ത എത്രയോ ആളുകളുണ്ട്''. ഒരു പ്രസവത്തോട് അനുബന്ധിച്ചു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ഒരു ഒരു തോന്നൽ അന്നേ മനസ്സിൽ ഉണ്ടായിരുന്നു. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിസേറിയൻ ചെലവുകൾ എന്നൊക്കെ പറയുന്നത് വളരെ കൂടുതൽ ആണ്.

വീണ്ടും ഒരു ജോലിയൊക്കെ ആയി കഴിയുമ്പോൾ ഇടവകയിൽ എന്തേലും രീതിയിൽ ഇതുമായി ബന്ധപെട്ടു ചെയ്യണം എന്ന് കരുതി. അങ്ങനെ കുറേ കഴിഞ്ഞു, ഈശോ വീണ്ടും ഒരു ജോലി തന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ പാലാ പിതാവ് കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങളെ സഹായിക്കുന്ന രീതിയിൽ ഉള്ള പദ്ധതികളെ ക്കുറിച്ചു സർക്കുലർ ഇറക്കുന്നത്. അത് കണ്ടു കഴിഞ്ഞു ഞാൻ ഇടവക വികാരിയെ വിളിച്ചു ഇടവകയിൽ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ചു ₹10,000/- സാമ്പത്തിക സഹായം ചെയ്യുന്ന "ജീവസമൃദ്ധി പദ്ധതി"യെ ക്കുറിച്ചു പറയുന്നതും അച്ചൻ മേലധികാരികളോട് ചോദിച്ചു അതിനു സമ്മതം അറിയിക്കുകയും ചെയ്തത്. ഇത് പതിയെ ജീവസമൃദ്ധിയായി ഈശോ രൂപാന്തരപ്പെടുത്തുകയായിരിന്നു.

ദൈവം ഒരുമിപ്പിച്ച ജോണ്‍സണ്‍ ചേട്ടനും കൂട്ടരും ‍

ഇടവക തലത്തില്‍ ആരംഭിച്ച പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് പറഞ്ഞത് കൊല്ലം കുണ്ടറ സ്വദേശിയായ ജോണ്‍സണ്‍ ചേട്ടനായിരിന്നു. അദ്ദേഹത്തെ നേരിട്ടു പരിചയമേ ഉണ്ടായിരിന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം മാത്രം. പക്ഷേ അത് ദൈവത്തിന്റെ പദ്ധതിയായിരിന്നു. തന്റെ ഒരു സഹായം പദ്ധതിയ്ക്കു നല്‍കാമെന്നും ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റിയുടെ മറവില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ അത് വേണ്ടായെന്നായിരിന്നു ആദ്യം ഉണ്ടായിരിന്ന തോന്നല്‍. ഒടുവില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ തോന്നിയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൌണ്ട് നമ്പര്‍ കൊടുത്തു. ഇത് കൊച്ചു വാട്സാപ്പ് ഗ്രൂപ്പായി പരിണമിപ്പിക്കപ്പെടുകയായിരിന്നു. തങ്ങള്‍ക്ക് പരിചയമുള്ള ഏതാനും ആളുകളും, പദ്ധതിയെകുറിച്ച് അറിഞ്ഞു കൂടെ ചേര്‍ന്ന ആള്‍ക്കാരുമാണ് ഇപ്പോള്‍ ഗ്രൂപ്പിലുള്ളത്. ഇവരില്‍ ഏതാനും പേര്‍ നല്‍കുന്ന സഹായം കൊണ്ട്, അതിനെക്കാള്‍ ഉപരിയായി ഈശോയാണ് മുന്നോട്ടു നയിക്കുന്നത്.

എട്ടു വര്‍ഷത്തോളമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന സഹോദരന്റെ സഹായം കണ്ണുനിറച്ചു ‍

ജീവസമൃദ്ധി പദ്ധതിയില്‍ തന്റെ കണ്ണ് നിറയിച്ച സംഭവമായിരിന്നു അത്. എട്ടു വര്‍ഷത്തോളമായി കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വാഴക്കുളം സ്വദേശിയായ ഒരു സഹോദരന്‍ തന്നെ ബന്ധപ്പെട്ടു. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കാന്‍ ആയിരിന്നു ഇത്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു അത്ഭുതമായാണ് തോന്നിയത്. ഒരു കുഞ്ഞിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന സഹോദരന്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള പദ്ധതിയില്‍ എളിയ സഹായം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് വലിയ ഒരു വിശ്വാസത്തിന്റെ അനുഭവമായാണ് തനിക്ക് അനുഭവപ്പെട്ടത്. തന്നെ സംബന്ധിച്ചു പോലും ഏറെ പ്രയാസമുള്ള കാര്യമാണ് അതെന്നും ജോജി പറയുന്നു.

വൈദികരുടെ പിന്തുണ ‍

ജീവസമൃദ്ധി പദ്ധതി അല്‍മായരുടെ എളിയ പങ്കാളിത്തത്തില്‍ മുന്നോട്ടുപോകുമ്പോഴും അതില്‍ രണ്ടു വൈദികരെ പ്രത്യേകമായി അനുസ്മരിക്കാതെ വയ്യ. പാലാ രൂപതയിലെ നരിയങ്ങാനം മഗ്ദലനമറിയം ഇടവകയുടെ വികാരിയായ ഫാ. അരുണ്‍ ഓലിക്കല്‍പുത്തന്‍പുര, താമരശ്ശേരി രൂപതയിലെ തോട്ടുമുക്കം സെന്‍റ് തോമസ് ഫൊറോനയിലെ സഹ വികാരിയായ ഫാ. ബ്രിജിന്‍ പൂത്തേര്‍മണ്ണില്‍ എന്നിവരാണ് ആ വൈദികര്‍. ജീവസമൃദ്ധി പദ്ധതിയുടെ തുടക്കത്തില്‍ ആദ്യമായി സഹകരിച്ച വ്യക്തിയായിരിന്നു അരുണ്‍ അച്ചന്‍. തിരുപ്പട്ടം സ്വീകരിച്ച ഉടന്‍ ബ്രിജിന്‍ അച്ചന്‍ ഫേസ്ബുക്കിലൂടെയാണ് തന്നെ ബന്ധപ്പെട്ടത്. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കുകയും ചെയ്തു. അവരോടു ഒത്തിരി കടപ്പാടുണ്ട്. അവര്‍ നല്കിയ സാമ്പത്തിക സഹായം എന്നതിന് അപ്പുറം നല്‍കുന്ന ആത്മീയ പിന്തുണയാണ് ഏറ്റവും അധികം വിലമതിക്കുന്നത്.

ജോലിയ്ക്കു വേണ്ടി കാത്തിരിക്കുമ്പോഴും ദൈവം നടത്തുന്ന ജീവസമൃദ്ധി ‍

ഒമാനില്‍ ഓയില്‍ ഗ്യാസ് ഫീല്‍ഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്റ്ററായാണ് ജോജി ജോലി ചെയ്തുകൊണ്ടിരിന്നത്. ഒമാനിലെ പ്രൊജക്റ്റ് തീര്‍ന്നപ്പോള്‍ കമ്പനിയ്ക്കു വേറെ പ്രൊജക്റ്റ് ലഭിക്കാത്തത് കൊണ്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ നാട്ടിലുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ജീവസമൃദ്ധിയെ ഈശോ ചേര്‍ത്തു പിടിക്കുന്നത് വളരെ അത്ഭുതകരമായാണെന്ന് ജോജി ആവര്‍ത്തിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത, അതുവരെ അറിയാത്ത സഹോദരങ്ങളെ കൃത്യമായ അവസരങ്ങളില്‍ ദൈവം ഒരുമിപ്പിക്കുകയാണെന്നും ജോജി പറയുന്നു.

കുടുംബം ‍

ഊട്ടുപുരക്കല്‍ വര്‍ഗ്ഗീസ് ആന്റണി മേരി വര്‍ഗ്ഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോജി. അടിമാലി സ്വദേശിനിയായ സ്റ്റെഫിയാണ് ജീവിത പങ്കാളി. ജോസ്മി, ജോസഫ്, ജോസ്ന എന്നീ മൂന്നു കുഞ്ഞ് മക്കളാണ് ജോജിക്കുള്ളത്. യൗവനത്തില്‍ വിമര്‍ശനങ്ങള്‍ ഭയക്കാതെ വളരെ ശക്തമായ പ്രോലൈഫ് സന്ദേശം മലയാളി സമൂഹത്തിനിടയില്‍ പ്രഘോഷിക്കുന്ന ജോജിയ്ക്കു കെ‌സി‌ബി‌സി പ്രോലൈഫ് സമിതിയുടെയും ക്രോസ് (ക്രിസ്ത്യന്‍ റിവൈവല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ) സംഘടനയുടെയും ആദരവ് ലഭിച്ചിരിന്നു. ഈശോ അനുവദിക്കുന്നിടത്തോളം കാലം ജീവസമൃദ്ധി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്നു ജോജി പറയുന്നു. ജീവസമൃദ്ധി പദ്ധതിയുടെ അന്‍പതാമത്തെ സഹായം ഒക്ടോബര്‍ 20നാണ് കൈമാറിയത്.