News - 2025

ആരാധനയില്‍ പങ്കുചേര്‍ന്നും ജപമാല ചൊല്ലിയും ഹാലോവീനില്‍ സാത്താനെ പ്രതിരോധിക്കണമെന്ന് യുഎസ് ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 30-10-2024 - Wednesday

കാലിഫോര്‍ണിയ: പൈശാചികമായ വിധത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്ന ഹാലോവീന്‍ ആഘോഷത്തെ പ്രതിരോധിക്കുവാനും, വിശുദ്ധമായി കൊണ്ടാടുവാനും സഹായിക്കുന്ന പൊടിക്കൈകളുമായി അമേരിക്കയിലെ സെന്റ്‌ മൈക്കേല്‍ സ്പിരിച്ച്വല്‍ റിന്യൂവല്‍ സെന്ററിലെ ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. മന്ത്രവാദികളുടേയും, പിശാചുക്കളുടേയും വേഷം ധരിക്കുന്നത് ഈ ആഘോഷത്തിന് ചേര്‍ന്നതല്ലായെന്നും ഇപ്പോഴത്തെ ഹാലോവീന്‍ ആഘോഷങ്ങളില്‍ പൈശാചികത നിറഞ്ഞിരിക്കുകയാണെന്നും സിറാക്കൂസ് രൂപത വൈദികന്‍ കൂടിയായ മോണ്‍. റോസെറ്റി പറയുന്നു.

ജപമാല ചൊല്ലുന്നതും, വിശുദ്ധ കുര്‍ബാനയിലും, ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കുന്നതും ഹാലോവീന്‍ ആഘോഷത്തില്‍ സാത്താനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സകല വിശുദ്ധരുടേയും തിരുനാള്‍ തലേന്ന് വിശുദ്ധമായതെന്തോ വികൃതമാക്കുവാനാണ് സാത്താന്റെ ശ്രമമെന്നു മോണ്‍. റോസെറ്റി മുന്നറിയിപ്പ് നല്‍കി. അതിനെ പ്രതിരോധിക്കുവാന്‍ വിശുദ്ധ കുര്‍ബാന, ജപമാല, പ്രാര്‍ത്ഥന എന്നിവയാണ് വേണ്ടത്. പിശാചുക്കളുടെ അവിശ്വസനീയമായ വിധത്തിലുള്ള ദുഷ്ടത്തരങ്ങളേക്കുറിച്ചോ, ദുര്‍മന്ത്രവാദത്തിലെ പൈശാചികതയെ കുറിച്ചോ അറിയാമെങ്കില്‍ ഹാലോവീനെ കുറിച്ച് ആരും ഒരിക്കലും ചിന്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കത്തോലിക്കാ കുടുംബമെന്ന നിലയില്‍ നമ്മള്‍ നമ്മുടെ കുട്ടികളെ അവര്‍ക്കിഷ്ടമുള്ള വിശുദ്ധരുടെ വേഷം ധരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഇത് സംബന്ധിച്ച മോണ്‍. സ്റ്റീഫന്‍ റോസെറ്റിയുടെ വീഡിയോ അവസാനിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് വളരെ പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 800