News - 2025
നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: എഴുപതോളം ക്രൈസ്തവരെ കൊലപ്പെടുത്തി
പ്രവാചകശബ്ദം 27-10-2022 - Thursday
ബെന്യു: ക്രൈസ്തവരുടെ രക്തം വീണ് ചുവന്ന നൈജീരിയന്‍ മണ്ണില്‍ വീണ്ടും ക്രൈസ്തവരെ കൂട്ടക്കൊല. മധ്യ-നൈജീരിയയിലെ ബെന്യു സംസ്ഥാനത്തിലെ ഉകും പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഗ്ബേജി ഗ്രാമത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ എഴുപതോളം ക്രൈസ്തവര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സംരക്ഷണത്തിന്റെ അഭാവത്തില്‍ പൗരന്‍മാര്‍ സ്വയം പ്രതിരോധിക്കണമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കൂട്ടക്കൊല. രണ്ടു ദിവസങ്ങളിലായിട്ടാണ് ആക്രമണം നടന്നതെന്നും മൊത്തം 70 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്നും ഉകും പ്രാദേശിക ഗവണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാനായ തെരുംമ്പുര്‍ കാര്‍ട്ട്യോ വെളിപ്പെടുത്തിയതായി ' മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഉദേയി, യെലെവാട എന്നീ ഗ്രാമങ്ങളില്‍ ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം ക്രൈസ്തവര്‍ക്ക് പരിക്കേറ്റതായും, ആയിരകണക്കിന് ക്രിസ്ത്യാനികള്‍ ഭവനരഹിതരായതായും തെരുംമ്പുര്‍ കാര്‍ട്ട്യോ കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ ഗവണ്‍മെന്റിന് അക്രമം തടയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിരോധത്തിനായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്ന് ആക്രമണത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിച്ച ബെന്യു പ്രാദേശിക അധികാരികള്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വരികയാണെന്നും, തങ്ങളുടെ സന്നദ്ധ സേനാ സംഘങ്ങള്‍ക്ക് എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബെന്യു ഗവര്‍ണര്‍ സാമുവല്‍ ഓര്‍ട്ടോമിന്റെ പ്രതിനിധിയായി സംഭവസ്ഥലം സന്ദര്‍ശിച്ച സ്റ്റേറ്റ് ഗവണ്‍മെന്റ് സെക്രട്ടറി അന്തോണി ഇജോഹോര്‍ പറഞ്ഞു. വടക്കന്‍ നൈജീരിയയില്‍ കാലിവളര്‍ത്തല്‍ തൊഴിലാക്കി മാറ്റിയ തീവ്ര ഇസ്ലാമിക ചിന്താഗതിക്കാരായ ഫുലാനികള്‍ കൃഷിക്കാരായ ക്രൈസ്തവര്‍ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ട്ടിക്കുന്നത്.
ഫുലാനികള്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിച്ച് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതും, അവരുടെ കൃഷിയിടങ്ങളും, വീടുകളും ചുട്ടെരിക്കുന്നതും പതിവാണ്. ഫുലാനികളുടെ ആക്രമണത്തില്‍ ഭവനരഹിതരായ ആയിരകണക്കിന് ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ കത്തോലിക്കാ ഇടവകകള്‍ ഏറെ കഷ്ട്ടപ്പെടുന്നുണ്ട്. നൈജീരിയയിലെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഫുലാനികള്‍ ക്രൈസ്തവരെ കൊലപ്പെടുത്താത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആക്ഷേപം ലോകമെമ്പാടു നിന്നും ഉയരുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.