News - 2025

ടെക്സാസില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് സാത്താനിക ആഘോഷം; പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ക്രൈസ്തവര്‍

പ്രവാചകശബ്ദം 01-11-2022 - Tuesday

ടെക്സാസ്: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുക്കൊണ്ട് ‘സാത്താനിക് ടെംപിള്‍’ (ടി.എസ്.ടി) ശനിയാഴ്ച ടെക്സാസിലെ ടൈലറില്‍ സാത്താന്‍ ആരാധകരെയും, നിരീശ്വരവാദികളെയും, മന്ത്രവാദികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രൈഡ് ഫെസ്റ്റ് ആഘോഷത്തിന് മുന്നില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ക്രൈസ്തവ സമൂഹം. പൈശാചിക പരിപാടി നടക്കുന്നതിന് മുന്‍പായി തന്നെ ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുകയായിരിന്നു. ക്രൈസ്തവര്‍ എന്ന നിലയില്‍ ആത്മീയ യുദ്ധക്കളത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണെന്നും ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെ ലഭിച്ച ശക്തി പ്രയോഗിക്കുവാനുള്ള അവസരമാണിതെന്നും പ്രൈഡ് ഫെസ്റ്റിന് മുന്‍പായി ഇത്തരമൊരു പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണമായി ചര്‍ച്ച് ഓഫ് പൈന്‍സ് സമൂഹാംഗമായ ലോറന്‍ എത്രെഡ്ജ് ചൂണ്ടിക്കാട്ടി.

തങ്ങള്‍ യുദ്ധത്തിനല്ല വന്നിരിക്കുന്നതെന്നും, വിശ്വാസികളായി നിലകൊണ്ടു പ്രാര്‍ത്ഥിക്കുവാനാണ് വന്നിരിക്കുന്നതെന്നും വചനപ്രഘോഷകനായ ഡോണല്‍ വാള്‍ഡര്‍ പറഞ്ഞു. തന്റെ സാന്നിധ്യം കൊണ്ട് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നു സാത്താനിക ആഘോഷത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പറയുന്നതു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ടെയ്ലര്‍ ഹാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദൃശ്യമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ അവഹേളിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പല സാത്താന്‍ ആരാധകരും ആഘോഷത്തില്‍ പങ്കെടുത്തത്. ചിലര്‍ തങ്ങളുടെ നെറ്റിയില്‍ തലകീഴായ കുരിശും വരച്ചിരുന്നു. ‘അണ്‍ബാപ്റ്റിസം” എന്ന പേരില്‍ നടന്ന പൈശാചിക കര്‍മ്മങ്ങളിലും ചിലര്‍ പങ്കെടുത്തു.

പങ്കെടുത്തവര്‍ക്ക് “അധികാരവും പ്രാതിനിധ്യവും വീണ്ടെടുത്തിരിക്കുന്നു. നീ തന്നെയാണ് നിന്റെ മാസ്റ്റര്‍. സാത്താന്‍ വാഴട്ടെ” എന്നെഴുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതും പൈശാചികതയുടെ ക്രൂരഭാവമായി. ശനിയാഴ്ചത്തെ പരിപാടിയില്‍ മന്ത്രവാദികളും പങ്കെടുത്തിരുന്നു. ആഘോഷത്തിന് മതപരമായ യാതൊരു ബന്ധവുമില്ലെന്നു സംഘാടകരുടെ അവകാശവാദമെങ്കിലും ആഘോഷത്തിന്റെ ഉള്ളടക്കത്തില്‍ നിന്നും അങ്ങനെയല്ലായെന്ന് വ്യക്തമാണ്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചുക്കൊണ്ട് നില്‍ക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയെ നോക്കി ചിരിക്കുന്നതും, പരിഹസിക്കുന്നതും ഹാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ ഇതിനൊന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ആരെയും വിധിക്കുവാനല്ല മറിച്ച് സ്നേഹിക്കുവാനാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്നു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

More Archives >>

Page 1 of 800